വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'നമ്മൾ തമ്മിൽ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം (2002). ജഗതീ ശ്രീകുമാറും, പൃഥ്വിരാജും തമ്മിലുള്ള ഒരു കോമ്പിനേഷൻ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. മുന്നിൽ നിൽക്കുന്ന ജഗതിയെ ചീത്ത പറഞ്ഞു കൊണ്ട്, തള്ളി മാറ്റി പൃഥ്വിരാജ് നടന്നു പോകുന്ന രംഗമാണത്. നാലഞ്ചു വട്ടം റിഹേഴ്‌സൽ കഴിഞ്ഞ് ടേക്കിലേക്ക് പോയിട്ടും ആ രംഗം ശരിയാകുന്നില്ല! അച്ഛന്‍റെ സുഹൃത്തായ, ഇൻഡസ്ട്രിയിലെ ഏറ്റവും പരിചയസമ്പന്നനായ ജഗതിയുടെ മുഖത്ത് നോക്കി അങ്ങനെ ഉറക്കെ ശകാരിക്കാൻ പൃഥ്വിരാജിന് കഴിയുന്നില്ല എന്നതാണ് കാരണം. ടേക്കുകളുടെ എണ്ണം കൂടി. സെറ്റിൽ എല്ലാവരും അസ്വസ്ഥരായി.
പൃഥ്വിയോട് സംവിധായകൻ വിജി തമ്പി വിശദമായി സംസാരിച്ചെങ്കിലും, എത്ര ശ്രമിച്ചിട്ടും ആ രംഗം ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനം കാഴ്ച വയ്ക്കാൻ ആൾക്ക് സാധിക്കുന്നില്ല. ഒടുവിൽ സാക്ഷാൽ ജഗതി തന്നെ രംഗത്തെത്തി. അദ്ദേഹം വിജി തമ്പിയോട് പറഞ്ഞു, "തമ്പീ, ഫൈനൽ ടേക്കിന് പോകാം. ഇത്തവണ ശരിയാകും, ഞാൻ ഉറപ്പ് തരുന്നു". ആ ഒരു ഉറപ്പിന്റെ പേരിൽ സെറ്റിൽ എല്ലാവരും ശരിക്കും ആവേശത്തിലായി.
ശേഷം വിജി തമ്പി :- "സ്റ്റാർട്ട്... ക്യാമറാ... ആക്ഷൻ"
ദേഷ്യ ഭാവത്തിൽ നടന്നു വരുന്ന പൃഥ്വിരാജ്, തന്‍റെ മുന്നിലുള്ള ജഗതിയെ ഉച്ചത്തിൽ വഴക്ക് പറഞ്ഞു കൊണ്ട് തള്ളി മാറ്റി ഈസിയായി നടന്നു പോയി. പെർഫെക്റ്റ് ഷോട്ട്! ക്രൂ മുഴുവനും നിർത്താതെ കയ്യടിച്ചു. സീൻ കഴിഞ്ഞ് പൃഥ്വിയും കൂട്ടരും പോയപ്പോൾ, വിജി തമ്പി ജഗതിയോട് സ്വകാര്യമായി ചോദിച്ചു, "എങ്ങനെ ഒപ്പിച്ചു അമ്പിളി ചേട്ടാ?"
ജഗതി :- "ഹേയ്, അങ്ങനൊന്നുമില്ല തമ്പി. രാജു എന്‍റെ മുന്നിൽ വന്നതും, അവൻ ജന്മത്ത് കേൾക്കാത്ത കുറേ തെറികൾ ഞാനങ്ങ് പറഞ്ഞു. അപ്രതീക്ഷിതമായി അത് കേട്ടപ്പോൾ അവൻ സ്വാഭാവികമായി പ്രതികരിച്ചു. അതാണ് നിങ്ങൾ കണ്ട ആ ഉഗ്രൻ അഭിനയം! "
പിന്നീട് ആ സിനിമാസെറ്റ് സാക്ഷ്യം വഹിച്ചത്, കസേരയിലിരുന്ന് കുലുങ്ങി മറിഞ്ഞ് ചിരിക്കുന്ന വിജി തമ്പിയെയായിരുന്നു!