ചില ആഗ്രഹങ്ങളുണ്ട്, മനുഷ്യരുടെ ആത്മാവിന്റെ അറ്റം തൊട്ടേ കോറിയിടുന്നത്. അത്ര ആഴത്തിലുള്ളവ ആയതുകൊണ്ടാവാം പ്രകൃതി ഉൾപ്പെടെ സകലരും രഹസ്യമായ പദ്ധതികളൊരുക്കി അവ സഫലീകരിച്ചു തരുന്നത്. നിഖിൽ പ്രഭ എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലെ ആ ദിവസം ഇന്നാണ്. സാക്ഷാൽ എ.ആർ. റഹ്മാൻ നിഖിലിന്റെ ജീവിതത്തെ ഇന്ന് വന്നു തൊട്ട് അനുഗ്രഹിച്ചിരിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ നിമിഷം. മഹാനായ സംഗീതസംവിധായകൻ മറ്റൊരു പ്രതിഭയെ അംഗീകരിക്കുന്ന നിമിഷം!
പതിവുപോലെ പുലർച്ചെ മൂന്നുമൂന്നരയ്‌ക്ക് എഴുന്നേറ്റതാണ് സംഗീത സംവിധായകൻ നിഖിൽ പ്രഭ. ഫോണെടുത്തു നോക്കിയപ്പോൾ ഒന്നും മനസിലായില്ല, കുറേ മിസ്സ്ഡ് കോളുകൾ, സന്ദേശങ്ങൾ. എല്ലായിടത്തും മാനസഗുരുവായി മനസിൽ കൊണ്ടു നടക്കുന്ന എ.ആർ. റഹ്‌മാൻ എന്ന പേരും. ആരോ അയച്ചു തന്നെ ലിങ്ക് എടുത്ത് എന്തു സംഭവിച്ചെന്നറിയാത്ത ആകാംക്ഷയിൽ തുറന്നു നോക്കി. കോമഡി ഉത്സവം പ്രോഗ്രാമിൽ താൻ അവതരിപ്പിച്ച ''Ek suraj nikla tha, kuch paara pighla tha..Ek aandhi aayi thi, jab dil se aah nikli thi...Dil se re'' എന്ന പാട്ടിന്റെ വീഡിയോ സാക്ഷാൽ എ.ആർ. റഹ്‌മാൻ ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നു. ട്വിറ്ററിൽ Stan for kalyan എന്നയാൾ നിഖിലിന്റെ ശബ്ദത്തെ അഭിനന്ദിച്ചു കൊണ്ട് ഇട്ട വീഡിയോ ആണ് എ.ആർ. റഹ്‌മാൻ ഷെയർ ചെയ്തത്. വിശ്വസിക്കാൻ കഴിയാത്ത സാമ്യമാണ് എ.ആർ. റഹ്മാന്റെ ശബ്ദവുമായി നിഖിലിനെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന് സാമ്യതയുള്ള ശബ്ദം അപൂർവമാണെന്നുമായിരുന്നു കല്യാൺ ട്വിറ്ററിൽ കുറിച്ചത്. ആദ്യം നിഖിൽ റഹ്മാനെ അനുകരിച്ചതാണെന്നായിരുന്നു കരുതിയതെങ്കിലും പിന്നീട് നിഖിലിന്റെ മറ്റു വീഡിയോകളെല്ലാം കണ്ട് ഇഷ്ടമായതായി കല്യാൺ കമന്റ് ചെയ്തിട്ടുണ്ട്
''ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.അതാണ് സത്യം.കുറേ തവണ കണ്ണടച്ചും തുറന്നുമിരുന്നു.അദ്ദേഹത്തിന്റെ തന്നെ ട്വിറ്ററിൽ ഒന്നു കൂടെ പോയി പരിശോധിച്ചു.സത്യമാണെന്ന് ഉറപ്പിച്ചു. ഗുരുവിന്റെ സ്ഥാനത്താണ് അദ്ദേഹം.എന്നെങ്കിലുമൊരിക്കൽ എന്റെ പാട്ട് അദ്ദേഹം കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു.പക്ഷേ, അതിത്ര പെട്ടെന്നാവുമെന്ന് ഒരിക്കലും കരുതിയില്ല.എന്നെങ്കിലുമൊരിക്കൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.അത്ര സന്തോഷം.മനസ് നിറഞ്ഞു.'' നിഖിൽ ഹൃദയം തുളുമ്പി പറഞ്ഞു.
എ.ആർ. റഹ്മാനെ അത്രയധികമാണ് നിഖിൽ ആരാധിക്കുന്നത്. പതിമൂന്നോളം മലയാള ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിയ നിഖിൽ റഹ്മാന്റെ പാട്ടുകളാണ് കൂടുതലായും പാടിയത്. കൊവിഡ് കാലത്തെ മടുപ്പിൽ നിന്നും ആശ്വാസം കണ്ടെത്താനായിരുന്നു നിഖിലിന്റെ പരിശ്രമം. ഹൈപിച്ച് പാട്ടുകളാണ് തനിക്ക് കൂടുതൽ യോജിക്കുന്നതെന്ന് നിഖിൽ പറയുന്നു. റഹ്‌മാനെയും നുസ്രത്ത് ഫത്തേഹ് അലിഖാന്റെയും പാട്ടുകളോട് കൂടുതൽ ഇഷ്‌ടം വന്നതും ഈ കാരണത്താലാണ്. അന്ന് പാടിയ പാട്ടുകളെല്ലാം വൈറലായി. ഒരുപാട് അഭിനന്ദിക്കപ്പെട്ടു. 'ദി മ്യൂസിക്ക് സർക്കിൾ ഗ്രൂപ്പ്' എന്ന സംഗീതാസ്വാദകരുടെ ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു നിഖിലിന്റെ ഗാനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് വൈറലാക്കിയത്. ''എന്റെ റഹ്മാൻ ആവാഹനങ്ങൾക്ക് ആദ്യ തീയെരിച്ചു തന്ന മ്യൂസിക്ക് സർക്കിളിന് ഒരായിരം ഉമ്മകൾ'' എന്ന് നിഖിൽ തന്റെ കൂടെ എന്നും പിന്തുണയുമായി നിന്ന മ്യൂസിക്ക് സർക്കിളിലെ ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിട്ടുണ്ട്.
നല്ല വാക്കുകൾക്കൊപ്പം തന്നെ മനസിനെ വിഷമിപ്പിച്ച ദുരനുഭവങ്ങളും നിഖിലിനെ പിന്നീട് തേടിയെത്തി. എ.ആർ. റഹ്മാന്റെ പാട്ടിനൊപ്പം ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ചിലർ ആരോപണവുമായി എത്തി. മറ്റു ചിലർ അതേറ്റു പിടിച്ചു. കഠിനമായ അധിക്ഷേപത്തിന്റെ കാലമായിരുന്നു അത്. ഈ കാര്യം ചൂണ്ടിക്കാട്ടിയ കമന്റുകൾക്ക് നിഖിൽ മറുപടി പറഞ്ഞതോടെ അവരെല്ലാം ഫേസ് ബുക്കിന് റിപ്പോർട്ട് ചെയ്യുകയും 72 ദിവസത്തോളം നിഖിലിന് ഫേസ് ബുക്കിൽ വിലക്ക് വരികയും ചെയ്യും. അങ്ങനെ തോറ്റു കൊടുക്കാൻ നിഖിൽ തയ്യാറായിരുന്നില്ല. നിരന്തരം ഇത് തന്റെ ശബ്ദമാണെന്ന് തെളിയിക്കുന്നതിനുള്ള ആശയ സംവാദമായിരുന്നു പിന്നീട് ഫേസ് ബുക്കുമായി നടത്തിയത്. അങ്ങനെ രണ്ടാഴ്ചയ്ക്കുള്ളിൽ നിഖിലിന് തന്റെ പേജ് തിരിച്ചു കിട്ടി. ആരുടെ പേരിലാണോ കുറേ പർ ആക്ഷേപിച്ചത് അദ്ദേഹം തന്നെ നിഖിലിനെ തിരിച്ചറിഞ്ഞ് പോസ്റ്റിട്ടത് കണ്ണീരിനൊടുവിലെ നിറപുഞ്ചിരിയായി നിഖിൽ കാത്തുവയ്‌ക്കുന്നു. അത്ര മാനസികപ്രയാസത്തിന്റെ നാളുകളായിരുന്നു ഏഴെട്ടുമാസം മുമ്പ് നിഖിൽ അനുഭവിച്ചത്. തുടർന്നാണ് ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിച്ച് കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോമഡി ഉത്സവത്തിന്റെ പുതിയ സീസണിൽ അവർ നിഖിലിനെ വീണ്ടും അവതരിപ്പിച്ചത്. അന്ന് കയ്യടികളോടെയാണ് സംഗീതകേരളം നിഖിലിനെ അംഗീകരിച്ചത്. എ.ആർ. റഹ്മാന്റെ ശബ്ദത്തിൽ പാടുന്നവർ അത്രയധികം ഇല്ല എന്നതും നിഖിലിന്റെ പരിശ്രമത്തിന് ഒന്നുകൂടെ കയ്യടികളാകുന്നു എന്നും പറയാം.
ആ സമയത്ത് ഒരു കലാകാരന്റെ സ്വാതന്ത്ര്യമായി കണക്കാക്കണമെന്ന് നിരവധി വാർത്തകൾ നിഖിലിന്റെ അനുഭവം പങ്കുവച്ച് പുറത്തുവന്നിരുന്നു. വർഷങ്ങളോളമായി തന്റെ സംഗീതവുമായി ബന്ധപ്പെട്ടതല്ലാതെ മറ്റൊന്നും റഹ്‌മാൻ ഷെയർ ചെയ്തിട്ടില്ല എന്നിടത്താണ്, തന്റെ ശബ്ദവുമായുള്ള നിഖിലിന്റെ ശബ്ദത്തിനുള്ള സാദ്ധ്യത അദ്ദേഹവും ശരിവയ്ക്കുന്നത്. അന്ന് പൊരുതാൻ കൂടെ നിന്ന മുഴുവൻ സംഗീതാസ്വാദകരെയും നിഖിൽ ഹൃദയത്തോടു ചേർത്തുപിടിക്കുന്നു.
പാലക്കാട് ചാലിശ്ശേരി സ്വദേശിയായ നിഖിൽ കുഞ്ഞുനാൾ മുതൽ അസ്സൽ കലാകാരനായിരുന്നു. പാടും, പാട്ടുണ്ടാക്കും, കാർട്ടൂണും ചിത്രവും വരയ്‌ക്കും അങ്ങനെ എല്ലാത്തിലും ഉഷാർ. ഹൈസ്‌കൂൾ പഠിക്കുമ്പോൾ തന്നെ കൂട്ടുകാരൊപ്പം ഒരു ആൽബം ചെയ്‌തു. തുടർന്നങ്ങോട്ട് പാട്ടുകളും നാട്ടിലെ പരിപാടികൾക്ക് സംഗീതം നൽകിയുമൊക്കെ സജീവമായി. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിം ചെയ്‌തു. അതിന്റെ സംഗീതവും പശ്ചാത്തലസംഗീതവുമൊക്കെ നിഖിൽ തന്നെ കൈകാര്യം ചെയ്‌തു. ഇതു കണ്ടാണ് കലാഭവൻ മണി നായകനായ 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ചിത്രത്തിലേക്ക് സംഗീത സംവിധാനം ചെയ്യാൻ വിളിക്കുന്നത്. തുടർന്ന് സംഗീതമേഖലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. റഫീക്ക് അഹമ്മദിന്റെ രചനയിൽ ഈയടുത്ത് പുറത്തിറങ്ങിയ 'വനമല്ലിപ്പെണ്ണ്' എന്ന മ്യൂസിക്ക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.