RORSCHACH - A SLOW PACED SLOW POISON..!! | സിനിമ റിവ്യൂ

Reviews

സ്പോയിലറുണ്ട് : വായിക്കുന്നവർ ശ്രദ്ധിക്കുക.

RORSCHACH - A SLOW PACED SLOW POISON..!!

ഇതിലും ചുരുക്കിയൊരു റിവ്യൂ ഈ ചിത്രത്തിന് നൽകാനാവില്ല.

മത്സരിച്ചഭിനയിക്കുവാൻ തയാറാവുന്ന അഭിനേതാക്കളും അഭിനേതാക്കളുടെ കഴിവുകളെ പൂർണമായും ചൂഷണം ചെയ്യുവാൻ ഒരുമ്പെട്ടിറങ്ങുന്ന സംവിധായകനും ചേർന്ന് കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന അനുഭവം പറഞ്ഞറിയിക്കുവാൻ മിക്കപ്പോഴും വാക്കുകൾ പോരാതെ വരും.സാങ്കേതികമായി ഒത്തിരി മികവുകളുള്ള, നല്ലപോലെ കൻസീവ് ചെയ്ത് കയ്യടക്കത്തോടെ ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള, ടീം എഫേർട്ട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ടീം ലീഡർ നിസാം ബഷീർ നു സല്യൂട്സ്..!!

തല തെറിച്ച പിള്ളേരുണ്ടായിപ്പോയതിന് അമ്മമാരെ കുറ്റം പറയുന്ന സമൂഹത്തിൽ പതിവ് അമ്മ ക്ളീഷേകളെ പൊളിച്ചടുക്കുന്ന സീത എന്ന അമ്മയായി ഗംഭീര പ്രകടനം കാഴ്ചവച്ചൂ, ബിന്ദു പണിക്കർ. ഒരുപക്ഷെ 'സൂത്രധാരൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം ഇത്രയും പെർഫോമൻസ് വാല്യു ഉള്ളൊരു കഥാപാത്രം അവര് ചെയ്തിട്ടുള്ളതായി ഓർമയിൽ തെളിയുന്നില്ല.

നായകൻ നന്മയുടെ പ്രതീകമാവണമെന്ന നിർബന്ധമുണ്ടോ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ നായകൻ. അയാളുടെ പ്രതികാരത്തിന് ഒരു കാരണമുണ്ട്. എന്നാൽ ആ പ്രതികാരം പൂർണമാകുന്നുണ്ടോ എന്ന ചോദ്യത്തിന് അപൂർണമായൊരു ഉത്തരം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. കഥാപാത്രത്തിനപ്പുറത്തേക്ക് നീളുന്ന അനാവശ്യമായ യാതൊരു അതിമാനുഷികതയും അവകാശപ്പെടാനില്ലാത്ത, ഭംഗിയുള്ള, അനായാസമായ അഭിനയത്തികവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

നാട്ടുകാരുടെ ഇടയിൽ നന്നായി ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണോ ദിലീപ് ആ പാതകം ചെയ്യുന്നത്?  തലതിരിഞ്ഞ മക്കളുടെ അമ്മ എന്ന ഐഡന്റിറ്റി ഒഴിവാക്കാൻ സീതയ്ക്ക് ഏതറ്റം വരെ പോകാം?. സത്യമന്വേഷിച്ചു കണ്ടുപിടിക്കാനിറങ്ങുന്ന അഷ്റഫ് എന്ന പൊലീസ് ഓഫിസർക്ക് എവിടെയാണ് പിഴയ്ക്കുന്നത്?

പിഴച്ചു ജീവിക്കുവാൻ അമ്മുവിന് തീരുമാനിക്കേണ്ടി വന്നത് അവരുടെ മാത്രം പഴിയാണോ?. ഒരുപക്ഷേ ലൂക്ക് ആന്റണിയെ അമ്മു മനസ്സിലാക്കിയത് പോലെ മറ്റാരെങ്കിലും മനസ്സിലായിട്ടുണ്ടോ? സുജാതയെ മനസ്സിലാക്കാൻ അവരുടെ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? അതോ വീണ്ടുമൊരു പണക്കാരൻ ആലോചനയുമായി വന്നപ്പോൾ മകളെ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചത് തന്റെ ദുരവസ്ഥ മകൾക്കുണ്ടാവരുത് എന്ന് ആഗ്രഹിച്ചിട്ടാണോ?. നടന്ന രണ്ട് വിവാഹങ്ങളും തനിക്ക് ചേർന്നതല്ല എന്നു മനസ്സിലാക്കുന്ന സുജാത മറ്റൊരു പരീക്ഷണമെന്നോണം സതീശനൊപ്പം ജീവിക്കുമോ? ചെയ്യാത്ത കൊലപാതകക്കുറ്റം ഏറ്റെടുത്ത് ലൂക്ക് ആന്റണി പോലീസിൽ കീഴടങ്ങുന്നത് എന്തിനാവാം?

എല്ലാത്തിനും മീതെയാണ് ജീവനും നിലനിൽപ്പും എന്നു തിരിച്ചറിഞ്ഞത് കൊണ്ടാണോ ശശാങ്കൻ സത്യങ്ങളൊക്കെയും തുറന്നു പറയുന്നത്?. ചേട്ടന്റെ അതേ മാനസികാവസ്ഥ അനിലിലും ഉണ്ടാവുന്നത് അവർ ഒരേ അമ്മയുടെ മക്കൾ ആയത്കൊണ്ടാണോ?

തന്റെ കൂട്ടുകാരി പണക്കാരനായ ദിലീപിന്റെ ഭാര്യയായി കഴിയുന്നത് സഹിക്കവയ്യാതെ സതീശനാണോ ഇനി ദിലീപിനെ ഇല്ലാതാക്കുന്നത്?

പല പല ചോദ്യങ്ങൾക്കുള്ളിൽ, നന്മയുടെ മുഖമൂടിക്കുള്ളിൽ, സ്വയം മറയ്ക്കുന്ന സ്വാർത്ഥതയുടെ, ധനാർത്തിയുടെ, ലാഭേച്ഛയുടെ, അതിമോഹത്തിന്റെ, പ്രതീകങ്ങളായ ഒരു പറ്റം കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളൊക്കെയും കൂടിച്ചേർന്നു തീർക്കുന്നൊരു "റോഷാക്" എന്നാവണം ഈ ടൈറ്റിൽ കൊണ്ട് അണിയറപ്രവർത്തകർ ഉദ്ദേശിച്ചത്.

പറഞ്ഞു തുടങ്ങിയത് പോലെ, സ്ലോ പേസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിന്റെയും കൂടെ സമയമെടുത്ത് സഞ്ചരിക്കുമ്പോൾ മാത്രമാണ് അവരിലുള്ള ഡാർക് ഷേയ്ഡുകൾ തിരിച്ചറിയുവാൻ കഴിയുക. കഥാപാത്രങ്ങളോരോരുത്തരും അവരവരുടേതായ നിഗൂഢരഹസ്യങ്ങൾ സൂക്ഷിക്കുന്നവരാണ്. അതേ നിഗൂഢത ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും ഉണ്ട്. കാതുകളിൽ പതിയുന്ന ഓരോ ശബ്ദത്തിലും, കഥാപാത്രങ്ങൾ പറയുന്ന ഓരോ ഡയലോഗിലും ഉണ്ട്. വ്യക്തമാക്കി പറഞ്ഞാൽ നിമിഷ്‌ രവിയുടെ ഛായാഗ്രഹണവും മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും കുറുക്കിക്കൃത്യമാക്കിയ തിരക്കഥയും കിരൺ ദാസിന്റെ എഡിറ്റിങ്ങും ഒക്കെ ചിത്രത്തിന്റെ പ്ലസ് പോയിന്റസാണ്.

ചുരുക്കത്തിൽ, ആദ്യപകുതിയിലെ അവതരണമികവും രണ്ടാംപകുതിയിലെ അഭിനയത്തികവും റോഷാക്കിനെ ഒരു മികച്ച ചലച്ചിത്രാനുഭവമാക്കുന്നുണ്ട്. ഒരുപക്ഷേ "പാരസൈറ്റ്" എന്ന ചിത്രം കണ്ടുതീരുമ്പോൾ കിട്ടുന്ന മാതിരിയൊരനുഭവം.

A slow-paced slow poison that could kill your prejudiced thoughts!

Relates to: 
റോഷാക്ക്
മമ്മൂട്ടി
ബിന്ദു പണിക്കർ
ജഗദീഷ്
കോട്ടയം നസീർ
Comment