ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ അവാർഡ് ലഭിച്ചതോടെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ ബഹുമതി നേടിത്തന്നിരിക്കുകയാണ് "നാട്ടു നാട്ടു" എന്ന ഗാനം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത "ആർ ആർ ആർ" സിനിമയ്ക്ക് വേണ്ടി ചന്ദ്രബോസ് എഴുതിയ വരികൾക്ക് ഈണം പകർന്നത് എം എം കീരവാണി ആണ്.
ആർ ആർ ആർ സിനിമയുടെ കഥ എന്താണോ അതിൻ്റെ സാരാംശം ഈ പാട്ടിലും അതിൻ്റെ ചിത്രീകരണത്തിലും ഉണ്ടാവണം എന്നതായിരുന്നു സംവിധായകൻ രാജമൗലിയുടെ ആശയം. ഒരു നൃത്ത രംഗം ആയിരിക്കുമ്പോൾ തന്നെ അതിലൊരു സംഘട്ടനത്തിൻ്റെ ഭാവം കൂടി വെളിപ്പെടണം എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഇപ്പോൾ നമ്മൾ കേൾക്കുന്ന വേർഷൻ തന്നെയാണ് സംഗീത സംവിധായകൻ കീരവാണി ആദ്യം ചിട്ടപ്പെടുത്തിയതും. 6/8 ബീറ്റിലാണ് അത് ക്രമപ്പെടുത്തിയത്. പക്ഷേ രാജമൗലിക്ക് എന്തോ പൂർണ്ണ തൃപ്തി തോന്നിയിരുന്നില്ല. കീരവാണി പിന്നെയും ഇരുപത്തി അഞ്ചോളം ഈണങ്ങൾ സൃഷ്ടിച്ചു. അതിൽ ഒരെണ്ണം രാജമൗലി സിനിമയുടെ അവസാനം വരുന്ന ഫ്ളാഗ് സോങ് ആയി ഉപയോഗിച്ചു.
ഇതിനിടയിൽ രാജമൗലിയുടെ മകനും ഗായകനുമായ കാല ഭൈരവ ആദ്യ വേർഷനിൽ പുതിയ ടോണുകൾ ഉൾപ്പെടുന്ന ഒരു കോഡ (പാട്ട് അവസാനിക്കുന്ന ശകലം) പ്രോഗ്രാമിംഗിലൂടെ ചേർത്തത് കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ട കീരവാണി രാജമൗലിയെ അത് കേൾപ്പിക്കുകയും അദ്ദേഹം അതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. ഇങ്ങനെയാണ് "നാട്ട് നാട്ട്" എന്ന ഗാനം ജനിക്കുന്നത്. പ്രൊഡക്ഷൻ, പ്രോഗ്രാമിങ്, റെക്കോർഡിംഗ്, മിക്സിംഗ് എന്നീ ഘട്ടങ്ങൾക്ക് എല്ലാം കൂടി രണ്ട് മാസത്തോളം എടുത്താണ് നാട്ടു നാട്ടു പൂർത്തിയാക്കിയത്. 6/8 ബീറ്റിലാണ് (Time Signature) കീരവാണി പാട്ട് ചിട്ടപ്പെടുത്തിയത്. അത് തെരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ സുഹൃത്ത് തബലിസ്റ്റ് പ്രസാദ് ഒരിക്കൽ പറഞ്ഞുവത്രേ..മൃഗങ്ങൾ നടക്കുന്നത് 2/4 താള ക്രമത്തിലും മനുഷ്യർ നടക്കുന്നത് 6/8 താളക്രമത്തിലും ആണെന്ന്. അതായത് മനുഷ്യർ 2/4 ബീറ്റിൽ (1234...1234) നടക്കാൻ ശ്രമിച്ചാൽ പെട്ടെന്ന് അസ്വസ്ഥത ഉണ്ടാകുമെന്നും അതേ സമയം അവരുടെ ഉള്ളിലുള്ള സ്വാഭാവിക റിഥം ആയ 6/8 - ൽ (123...123)നടന്നാൽ ഏറെ ദൂരം അക്ഷീണരായി നടക്കാമെന്നും. ഈ പാട്ടിൽ രണ്ട് നായകന്മാരുടെയും ശാരീരികക്ഷമത (stamina) കഥ പറച്ചിലിൻ്റെ ഭാഗമായി തന്നെ വരുന്നതിനാൽ 6/8 കൃത്യമായി യോജിക്കും എന്ന കണക്ക് കൂട്ടലിൽ ആണ് അദ്ദേഹം ആ ബീറ്റിൽ ഈണം ചിട്ടപ്പെടുത്തിയത്. സിനിമയുടെ കഥ നടക്കുന്ന കാലഘട്ടത്തെ കൃത്യമായി വരച്ചിടുന്ന വരികൾ എഴുതിയ ചന്ദ്രബോസ് ആകട്ടെ തെലുങ്കിൽ ഇതിനകം 8500 ഗാനങ്ങൾ രചിച്ചിട്ടുള്ള ഗാനരചയിതാവ് ആണ്. വരികളിലും ഈണത്തിലും നിറഞ്ഞ് നിൽക്കുന്ന ഊർജ്ജം ആലാപനത്തിലും പകരാൻ കഴിഞ്ഞതിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർക്ക് അഭിമാനിക്കാം.
pik 1.jpg
പാട്ട് ചിത്രീകരിച്ചത് ഉക്രൈൻ പ്രസിഡൻ്റിൻ്റെ കൊട്ടാരമായ മരിയിൻസ്കി പാലസ് കോമ്പൗണ്ടിൽ വച്ചാണ്. പതിനഞ്ച് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഗാന രംഗത്ത് വരുന്ന നർത്തകർ, വാദ്യ കലാകാരന്മാർ എന്നിവരൊക്കെയും ആ നാട്ടിൽ അതാത് രംഗത്തെ പ്രൊഫഷണലുകൾ ആണ്. പാട്ട് ഇത്രത്തോളം ആളുകളിൽ എത്തിച്ചേരുന്നതിൽ അതിൻ്റെ നൃത്ത സംവിധാനത്തിന് വലിയൊരു പങ്കുണ്ട്. കൊറിയോഗ്രാഫി നിർവ്വഹിച്ച പ്രേം രക്ഷിതിന് രാജമൗലി കൊടുത്ത നിർദ്ദേശങ്ങൾ ഇതാണ് - രണ്ട് നായക നടന്മാർക്കും അവരുടേതായ ഡാൻസ് സ്റ്റൈൽ ഉണ്ട്. അപ്പോൾ രണ്ട് പേർക്കും യോജിക്കുന്ന തരത്തിൽ ആയിരിക്കണം സ്റ്റെപ്സ്. അതേ സമയം വളരെ ബുദ്ധിമുട്ടുള്ള ചുവടുകൾ കഴിയുന്നതും ഒഴിവാക്കണം. കാരണം ഇത് കാണുന്ന പ്രേക്ഷകർക്ക് കൂടി അത് പരീക്ഷിച്ച് നോക്കാൻ തോന്നിക്കണം. പിന്നെ ആദ്യാവസാനം എനർജി നിലനിൽക്കണം. പ്രേം രക്ഷിത് ആ വെല്ലുവിളി ഏറ്റെടുത്ത് നൂറ്റി പതിനെട്ടോളം സ്റ്റെപ്സ് രാജമൗലിക്ക് മുന്നിൽ അവതരിപ്പിച്ചു. ഒന്നിനൊന്ന് മെച്ചപ്പെട്ട അവയിൽ നിന്നും സംവിധായകൻ രാജമൗലി ഏറെ പണിപ്പെട്ട് നാലോ അഞ്ചോ തിരഞ്ഞെടുത്ത് അവയാണ് അവസാനം പാട്ടിൽ ഉപയോഗിച്ചത്.
pik 2.jpg
രാജമൗലിയുടെ ഭാര്യ രമയാണ് സിനിമയുടെ കോസ്റ്റ്യൂം ഡയറക്ടർ. ഈ പാട്ടിനായി തയ്യാറാക്കിയ കോസ്റ്റ്യൂം കണ്ടപ്പോൾ പ്രേം രക്ഷിതിന് അതും നൃത്തത്തിൻ്റെ ഭാഗം ആക്കാം എന്ന ഐഡിയ തോന്നി. അങ്ങനെയാണ് വസ്ത്രത്തിലെ suspenders ഉപയോഗിച്ച് കൊണ്ടുള്ള സ്റ്റെപ്സ് രൂപപ്പെടുന്നത്. രസകരമായ കാര്യം ആ സ്‌റ്റെപ്സ് വരുന്നിടത്ത് മാത്രം വലിച്ചു നീട്ടാവുന്ന തരത്തിലുള്ള suspenders-ഉം ബാക്കി എല്ലായിടത്തും ഇറുകിയ suspenders-ഉം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്.
pik 3.jpg
ഛായാഗ്രാഹകൻ സെന്തിൽ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിവരുടെ അനുഭവ സമ്പത്തും എൻ ടി ആർ ജൂനിയർ, രാം ചരൺ എന്നീ താരങ്ങളുടെ മത്സര ബുദ്ധിയോടെയുള്ള ഗംഭീര ചുവട് വയ്പുകളും കൂടി ചേർന്നപ്പോൾ ഗാനരംഗം നയനാനന്ദകരമായ കാഴ്ചയായി മാറി. യൂട്യൂബിലെ ഔദ്യോഗിക തെലുങ്ക് വേർഷൻ മാത്രം പന്ത്രണ്ടര കോടി വ്യൂസും കടന്ന് മുന്നേറുന്നതിൽ അതിശയമില്ല. അത് ഉക്രൈൻ ജനസംഖ്യയുടെ മൂന്ന് മടങ്ങ് ആണെന്ന് ആലോചിക്കണം.
pik 4.jpg
ഇന്ന് ഓസ്ക്കാർ പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുമ്പോൾ രാജമൗലിക്കും കീരവാണിക്കും ചന്ദ്രബോസിനും പ്രേം രക്ഷിതിനും എൻ ടി ആർ ജൂനിയറിനും രാം ചരണിനും മൊത്തം ടീമിനും ഇങ്ങനെ പറയാം - "നാ പാട്ട സൂടു... നാ പാട്ട സൂടു.. ഡുംകു ഡുംകു ലാഡേല, ധൂകേരോ സരസാരി..നാട്ടു നാട്ടു നാട്ടു" (എൻ്റെ പാട്ട് കേൾക്കൂ..എൻ്റെ പാട്ട് കേൾക്കൂ...വായുവിൽ പൊടി പാറുവോളം തുള്ളിക്കളിക്കൂ...നാട്ടു നാട്ടു നാട്ടു).
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക