രോഗത്തിനെതിരെ സാമന്തയുടെ ഡയറ്റ് - മെച്ചപ്പെടുത്താം ആരോഗ്യം

News

നടി സാമന്ത റൂത്ത്  പ്രഭു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് വീഡിയോ ആണ് ഇപ്പോഴത്തെ തരംഗം. ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ഓട്ടോ ഇമ്മ്യൂൺ ഡയറ്റിലാണെന്നും ഏറ്റവും  പ്രയാസകരമായ നാളുകളിലൂടെ കടന്നു പോകുകയാണെന്നുമാണ് അവർ കുറിച്ചിട്ടത്. ആരോഗ്യത്തിന് വേണ്ടി പല ഡയറ്റുകൾ കണ്ടെത്തി, ഫോളോ ചെയ്യുന്ന നമ്മൾ അത്രയധികം ശ്രദ്ധിക്കാതെ പോയ ഓട്ടോ ഇമ്മ്യൂൺ ഡയറ്റിനെക്കുറിച്ച്  അറിയാം. സോഷ്യൽ മീഡിയ ഈ ഡയറ്റിനക്കുറിച്ച് മനസിലാക്കുന്ന തിരക്കിലാണിപ്പോൾ...

''പ്രചോദനത്തിന് നന്ദി. ചില പ്രയാസകരമായ ദിവസങ്ങളിലുടെയാണ് കടന്നു പോയത്. സാദ്ധ്യമായ ഏറ്റവും കർശനമായ ഭക്ഷണക്രമം (ഓട്ടോ ഇമ്മ്യൂൺ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്) നാം കഴിക്കുന്നതല്ല നമ്മുടെ കരുത്ത് എന്നെന്നെ പഠിപ്പിച്ചു.. " നടി സാമന്ത റൂത്ത്  പ്രഭുവിന്റെ ആത്മവിശ്വാസം പകരുന്ന വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫിറ്റ്നസ് വീഡിയോകളും ബ്യൂട്ടി ടിപ്പ്‌സുമൊക്കെ അഭിനേതാക്കൾ പങ്കിടുമ്പോൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. സാമന്ത പക്ഷേ, അങ്ങനെ ഒരവസ്ഥയിലല്ല ഇപ്പോൾ. തനിക്ക് മയോസൈറ്റിസ്  എന്ന രോഗാവസ്ഥയാണെന്നും കഠിനമാണ് കാര്യങ്ങളെന്നും എങ്കിലും താനതിനെ അതിജീവിക്കുമെന്നും ഉൾക്കരുത്തോടെ അവർ തുറന്നു പറഞ്ഞിരുന്നു.

മയോസൈറ്റിസ്  എന്ത്, എങ്ങനെ?

പേശികൾ ദുർബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂർവ രോഗാവസ്ഥയാണ് മയോസൈറ്റിസ് . ഈ അവസ്ഥയിൽ പേശികൾക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയിൽ വളരെ അപൂർവ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തിൽ 4 മുതൽ 22 പേരെ വരെയാളുകളെയാണ് രോഗം ബാധിക്കുന്നത്.

കൈകൾ, തോളുകൾ, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ, കണ്ണുകളുടെയും അന്നനാള പേശികൾ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണിത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ഗുരുതരമായി ബാധിക്കും. പേശീക്ഷതം, ബലഹീനത, നീർവീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. അവ പതുക്കെ പ്രത്യക്ഷപ്പെട്ട് സ്ഥിരമായേക്കും. രോഗം വൈകി നിർണയിക്കുന്നതിന് കാരണവും മറ്റൊന്നല്ല. പടികൾ കയറുമ്പോൾ വീഴുക, ത്വക്ക് ചുളുങ്ങുക, ഭക്ഷണം കഴിക്കാൻ പ്രയാസം അനുഭവപ്പെടുക, ക്ഷീണം എന്നിവയെല്ലാം രോഗിക്ക് അനുഭവപ്പെടും. പുതിയ വർക്കൗട്ട് വീഡിയോ പങ്കുവച്ച് താരം പറഞ്ഞ ഓട്ടോ ഇമ്മ്യൂൺ ഡയറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലാണിപ്പോൾ സോഷ്യൽ മീഡിയ. ശരീരത്തിലെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്ന  ഡയറ്റാണിതെന്നും ആരോഗ്യകരമായ ജീവിതരീതിക്ക് ഈ ഡയറ്റ് പിന്തുടരന്നുന്നത് ഗുണകരമാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധത്തിന് നല്ല ഭക്ഷണം....
കർശനമായ രോഗപ്രതിരോധ ഭക്ഷണക്രമത്തിലാണെന്നാണ് സാമന്ത പറയുന്നത്. ആ ഭക്ഷണക്രമം എന്താണെന്ന് നോക്കാം, കൂടുതൽ മനസിലാക്കാം. ആർത്രൈറ്റിസ്, സീലിയാക് ഡിസീസ്, തൈറോയ്ഡ്, ഇൻഫ്ലമേറ്ററി ബവൽ രോഗം തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോഗികൾക്ക് ആശ്വാസം പകരുന്നതിനുള്ളതാണ് ഈ ഡയറ്റ്. ഓട്ടോ ഇമ്മ്യൂൺ പ്രോട്ടോക്കോൾ (എ.ഐ.പി) ഡയറ്റ് എന്നും അറിയപ്പെടുന്ന ഈ ഡയറ്റ് പാലിയോ ഡയറ്റുമായി സാമ്യമുള്ളതാണ്. ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന ചില വിഭവങ്ങളെ നമ്മുടെ ഡയറ്റിൽ നിന്നും പൂർണമായും നീക്കം ചെയ്യുന്നതാണിത്. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിവയിലൂടെ  ജീവിതാവസ്ഥ മെച്ചപ്പെടുത്താം.

പച്ചക്കറികൾ, പരിപ്പ്, പഴങ്ങൾ, വിത്തുകൾ, നേർത്ത പ്രോട്ടീൻ എന്നിവയെല്ലാം ഈ ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്താം. വിറ്റാമിനുകൾക്കും പോഷകങ്ങൾക്കുമാണ് മുഖ്യപരിഗണന. പഞ്ചസാര ഉപയോഗിക്കില്ല. താരതമ്യേന കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കാം. തൊലി നീക്കിയ ചിക്കൻ, ടർക്കി, പന്നിയിറച്ചി, ബീൻസ്, സോയാബീൻ, ചെറുപയർ, നിലക്കടല, പയർ, ചിയ വിത്തുകൾ, മത്സ്യം, വാൽനട്ട്, ഒമേഗ 3, മുഴുവൻ ധാന്യങ്ങൾ, പഴങ്ങൾ. പച്ചക്കറികൾ, ഒലിവ്, അവോക്കാഡോ, വെളിച്ചെണ്ണ, വിത്തുകൾ. മഞ്ഞൾ  എന്നിവ കഴിക്കാം. അതേസമയം സോഡ,  ഐസ്ഡ് ടീ, പാക്ക് ചെയ്ത ജ്യൂസുകൾ, പാസ്ത, ബ്രെഡ് തുടങ്ങിയ ഉയർന്ന കാർബ് ഭക്ഷണങ്ങൾ, ഉപ്പിട്ടുണക്കിയ മാംസം, സോസേജ്, വറുത്ത ഭക്ഷണങ്ങൾ, ഫുൾ ഫാറ്റ് ഡയറി,അമിതമായ മദ്യം എന്നിവ ഈ ഡയറ്റിൽ ഉപയോഗിക്കരുത്.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment