“സേട്ടാ ഈ ഫോണിൻ്റെ ചാർജർ ഉണ്ടോ സേട്ടാ..?“
‘ഒരു വടക്കൻ സെൽഫി‘യിൽ ചായക്കടയിൽ വച്ച് നിവിൻ പോളിയോട് ഈ ചോദ്യം ചോദിക്കുന്ന ബംഗാളിയെ നമ്മൾ മലയാളികൾ മറക്കാൻ ഇടയില്ല. ആ ബംഗാളിയെ മറക്കാൻ അദ്ദേഹം തന്നെ സമ്മതിച്ചില്ല എന്ന് വേണം പറയാൻ. കാരണം പിന്നിടങ്ങോട്ട് 15 ഓളം ചിത്രങ്ങളിൽ ബംഗാളി വേഷത്തിൽ അദ്ദേഹം വന്നുകൊണ്ടേയിരുന്നു...!! മലയാള സിനിമലെ ഒരു സ്ഥിരം ബംഗാളി.
santhosh - 4.jpg
അദ്ദേഹത്തിൻ്റെ പേരാണ് ‘സന്തോഷ് ലക്ഷ്മൺ‘. ആദ്യ ബംഗാളി വേഷം ‘ഒരു വടക്കൻ സെൽഫി‘യാണെങ്കിലും, ‘ആൻ മരിയ കലിപ്പിലാണ്‘ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ലക്ഷ്‌മൺ ബംഗാളി വേഷത്തിൽ തകർത്തു തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ആക്ഷൻ ഹീറോ ബിജു, ഞാൻ പ്രകാശൻ, വികൃതി, 41, അഞ്ചാം പാതിര, ജോ & ജോ, ഹെവൻ, അവസാനമിറങ്ങിയ ‘ഈശോ‘ വരെയുണ്ട് ബംഗാളി വേഷത്തിൽ ലിസ്റ്റിൽ.
സന്തോഷ് ലക്ഷ്‌മൺ സത്യത്തിൽ ബംഗാളി ആണോ?
അല്ലേയല്ലാ....!! നല്ല ഒറിജിനൽ കൊല്ലം കാരൻ മലയാളി. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ച്, കൊല്ലം ഫാത്തിമ മാതാ കോളേജിൽ ഡിഗ്രിയും ചെയ്ത് സിനിമ മോഹവുമായി നടന്നിട്ടുള്ള കൊല്ലം ജില്ലയിലെ ഇരവിപുരത്ത് തെക്കേവിളയിൽ ടി. ലക്ഷ്‌മണിൻ്റെയും ലീനയുടേയും മകൻ - സന്തോഷ് ലക്ഷ്‌മൺ. ഭാര്യ രേഖ. രണ്ട് മക്കൾ. ശ്രയ നാലാം ക്ലാസിലും യുവൻ ഒന്നാം ക്ലാസിലും പഠിക്കുന്നു.
santhosh - 3.jpg
കഥകൾ എഴുതി സിനിമയിലേക്കെത്താം എന്ന മോഹവുമായി നടന്ന സന്തോഷ്, മേജർ രവിയെ കണ്ട് കഥ പറഞ്ഞുവെങ്കിലും അക്കഥ നടക്കാതെ പോയി... അതോടെ മേജർ രവിക്കൊപ്പം സഹസംവിധായകനായി ചേർന്നു. പിന്നീട്, 2012 ൽ മേജർ രവി സംവിധാനം ചെയ്ത കർമ്മയോദ്ധായുടെ അസിസ്റ്റൻ്റ് ഡയറക്ടർ ആയികൊണ്ടാണ് സന്തോഷ് ലക്ഷ്‌മൺ മലയാളസിനിമയിലേക്ക് കടന്നുവന്നു. തുടർന്ന് ‘പിക്കറ്റ്-43‘ യിലും ‘1971 ബിയോണ്ട് ബോർഡേഴ്സ്‘ലും മേജർ രവിക്കൊപ്പം തന്നെ വർക്ക് ചെയ്തു.
സന്തോഷ് ലക്ഷ്‌മൺ ബംഗാളി വേഷം ചെയ്യുന്ന ഒരു നടനും, സഹസംവിധായകനും മാത്രമല്ല. എട്ടോളം ചിത്രങ്ങൾക്ക് സഹസംവിധായകനു ശേഷം സന്തോഷ് സ്വയം സംവിധായകൻ്റെ വേഷമണിഞ്ഞുകൊണ്ട് ആദ്യം രണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തു. 'ഒറ്റമൂലി' യെന്ന ഷോർട്ട് ഫിലിമിൽ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ അഭിനയിപ്പിച്ചതോ സംവിധായകൻ ജീത്തു ജോസഫിനേയും...!! പിന്നെ സന്തോഷ് തന്നെ നായകനായി അഭിനയിച്ച ‘ലുട്ടാപ്പി'യും.
സന്തോഷ്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി ആദ്യ ഫീച്ചർ ഫിലിം പ്ലാൻ ചെയ്തപ്പോളാണ് കൊറോണ വില്ലനായി കടന്ന് വന്നത്. തുടർന്ന് 2021 ൽ ദീപക് പരമ്പോലിനെ നായകനാക്കി "ദി ലാസ്റ്റ് റ്റു ഡേയ്സ്' എന്ന ത്രില്ലർ സിനിമ സന്തോഷ് ലക്ഷ്‌മൺ സംവിധാനം ചെയ്യുകയുണ്ടായി.
santhosh - 7.jpg
ബംഗാളി വേഷം... അതെത്ര ചെറുതായാലും സന്തോഷ് സന്തോഷത്തോടെ ഏറ്റെടുക്കും. അതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ‘ഈശോ‘ സിനിമയിൽ ATM കൗണ്ടറിൽ കാർഡ് മറന്ന് വച്ചത് എടുക്കാൻ വരുന്ന ബംഗാളിയുടെ തീർത്തും ചെറിയ വേഷത്തിൽ കാണുന്നത്.
ഇപ്പോൾ ആഷിക് അബുവിനൊപ്പം ‘നീലവെളിച്ചം‘ത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് ലക്ഷ്‌മണ് എല്ലാവിധ ആശംസകളും...!!!