കലഹത്തിലൂടെ ബീവിയേവരെ തിരഞ്ഞെടുക്കുന്ന മണവാളൻ വസീമിന് കലഹിച്ചും തച്ചുണ്ടാക്കിയുമൊക്കെ ആണ് ചങ്ങാതിമാരുടെ തിരഞ്ഞെടുപ്പും എന്നതാണ് തല്ലുമാലയിലെ ഒരു പോയിന്റ്. പക്ഷേ കുഞ്ഞുന്നാൾ മുതൽ ബൈ ഡീഫാൾട്ടായി കൂടെയുള്ള സത്താർ മാത്രമേ ഈ പോയിന്റ് ബ്രേക്ക് ചെയ്യുന്നുള്ളു. സത്താറിനെ തച്ച് കിട്ടിയ ഫ്രണ്ടായിട്ടല്ല സിനിമയിൽ വസീമിനൊപ്പം കാണിക്കുന്നത്. ചെറുപ്പകാലത്ത് തന്നെ ചുള്ളൻ വസിമിന്റെ വികൃതികൾക്കൊപ്പം നിൽക്കാറുള്ള ചങ്കായത് കൊണ്ട് കൂടിയാവണം, സത്താർ കണ്ണാടിയുടെ മുന്നിൽ നിന്ന് ഓന്റെ അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത് വസീമിന്റെ മുന്നിൽ ഓവറാക്കണത്.
ഇടക്ക് മതജീവിതവുമായി ബന്ധപ്പെട്ട് ഒരു മദ്രസയുടെ ബാക്ഗ്രൗണ്ട് സത്താറിന്റെ സീനിൽ കാണിക്കുന്നുണ്ട്. എന്നാൽ മണ്ണാറത്തൊടി ജയകൃഷ്ണനേപ്പോലെ ഇഹത്തിലും പരത്തിലും കാണുന്ന ആളേയല്ല സത്താർ. അമ്പൈസിപ്പൊണ്ടോ, അമ്പൈസപ്പില്ല എന്ന റാപ്പ് ഹുക്ക് കിട്ടണ, ഇൻസ്റ്റഗ്രാമിൽ സുന്ദറിച്ചികളെ ലൗവും ലൈക്കും കൊടുത്ത് ഒരു മുഴം മുമ്പേ ഫോളോ ബട്ടൺ അമർത്തിയ കള്ളബഡുക്കൂസാണ് സത്താർ.
സത്യത്തിൽ ഈ ഹിപ്പ് ഹോപ്പ് സംഗീതകാരൻ വിവാഹത്തോടെ ഒതുങ്ങി മതജീവിതം നയിക്കുന്നെങ്കിലും ഇടുന്ന ട്രഡീഷണൽ കന്തൂറ പോലെയുള്ള മത വേഷങ്ങളിൽ വരെ ഒരു ഹിപ്പ് ഹോപ്പ് മുസീഷ്യന്റെ അടിച്ച് പൊളി ഇമ്പാക്റ്റ് കാണാം. പപ്പടം വരാതെ സദ്യ സംഗീതത്തിലായാലും പൂർത്തിയാവില്ല എന്ന കണിശതയുള്ള, പ്രേമികൾക്ക് ഗമയും ഗരിമയും പാടില്ലെന്ന് മാമൂലികൾ പറയുമ്പോ സമ-ഗമയും, സമ-ഗരിമയും എല്ലാർക്കും പാടും എന്ന് പറയുന്ന ന്യൂജെൻ സംഗീതഞ്ജനും ഈ സത്താർ തന്നെയാണ്.
താഴ്‌വാരങ്ങളിലൂടെ അരുവികൾ ഒഴുകണ പറമ്പിൽ മഹാസൗധങ്ങൾ, ഉയർന്ന വിതാനങ്ങളിലുള്ള പട്ടിന്റെ കിടക്ക, കമ്പനിയടിക്കാൻ ഹോട്ട് ഗേൾസ്, ഇഹത്തിലും പരത്തിലും നാശം മാത്രം വിതക്കുന്ന മനസിനെ താളം തെറ്റിക്കുന്ന ലഹരികൾ, ഇതിലേത് വേണം നിനക്ക് എന്ന് തുടങ്ങിയ മതസാഹിത്യം പ്രയോഗിച്ച് ചങ്കുകളുടെ മദ്യസദസ്സിനെ നിയന്ത്രിക്കാനും വൃഥാ ശ്രമിക്കുന്നുണ്ട് സത്താർ.
തല്ലുമാല എന്ന സിനിമയിൽ സത്താറിനെ മനോഹരമായി അവതരിപ്പിച്ചത് സ്വാതി ദാസ് പ്രഭുവാണ്. സിനിമാക്കഥകൾ പോലെ ജീവിതത്തിലെ ചില ഉയർത്തെഴുന്നേൽപ്പുകൾ നടത്തിയാണ് ഈ ചുള്ളൻ, സ്വാതിദാസ് പ്രഭു എന്ന അഭിനേതാവിലേക്ക് എത്തിച്ചേരുന്നത്. അത്തരം ചില അനുഭവങ്ങളും മറ്റും സ്വാതിയോട് തന്നെ ചോദിച്ചറിയാം.
സ്വാതിയേപ്പറ്റി പറയാമോ ?
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി. പ്രഭാകരൻ, പുഷ്പ എന്നിവരുടെ മകനായി കാഞ്ഞങ്ങാട് തന്നെ ആണ് ജനിച്ചത്. പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. അച്ഛന് ഷാർജയിൽ ബിസിനസുണ്ടായിരുന്നതിനാൽ കുടുംബവുമൊത്ത് ഷാർജയിലായിരുന്നു. അമ്മ കർണാടക സംഗീതം പഠിപ്പിക്കുന്ന മ്യൂസിക് ടീച്ചറായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലാണ് പ്ലസ്ടു വരെ പഠനം നടത്തിയത്. സംഗീതം ജന്മനാ കൂടെയുണ്ടായിരുന്നതിനാൽ പാട്ടിനൊപ്പം സ്കൂളിലെ കലാ മേളകളിൽ മിമിക്രി, മോണോ ആക്റ്റ്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിലൊക്കെ സമ്മാനാർഹനായിരുന്നു. പ്ലസ്ടുവിനു ശേഷം ജേർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സ് ചെന്നൈയിൽ പഠിച്ചു. ഇന്റേൺഷിപ്പൊക്കെ കഴിഞ്ഞ് തിരികെ നാട്ടിലെത്തി ബിരുദാനന്തര പഠനത്തിനായി തേവര സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ സിനിമ & ടെലിവിഷൻ മാസ്റ്റർ ബിരുദം പൂർത്തിയാക്കി.
എങ്ങനെയാണ് തുടക്കം? സിനിമയിലേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത് ?
അഭിനയരംഗത്ത് തുടക്കമിടുന്നത് വെബ് സീരീസിലൂടെയാണ്. ഫ്ലവേർസ് ടിവിയുടെ യൂട്യൂബ് ചാനലിലെ "ഡബിൾ ഡക്കർ" എന്ന വെബ്‌സീരീസാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം ആ ടീമിന്റെ തന്നെ "കൊച്ചിൻ ഹേസ്റ്റ്" എന്ന വെബ്സീരീസിലെ പ്രൊഫസർ എന്ന കഥാപാത്രവുമായിരുന്നു. ഇതിനു ശേഷം തേവര കോളേജിൽ സീനിയറായി പഠിച്ചിരുന്ന വസിം ഹൈദർ വഴിയാണ് സിനിമയിലേക്കുള്ള അവസരമൊരുങ്ങുന്നത്. വസിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന വൈറസ് എന്ന സിനിമയിൽ ഒരു ചെറിയ രംഗം അഭിനയിച്ച് കൊണ്ട് മലയാള സിനിമയിൽ തുടക്കമിട്ടു. തുടർന്ന് അവിടുന്ന് ബിനു പപ്പുവിനെ പരിചയപ്പെടുകയും തുടർന്ന് നാരദനിലും തല്ലുമാലയുടെ ഓഡീഷനിലേക്കും ഒക്കെ എത്തുകയായിരുന്നു.
തല്ലുമാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണ് ?
തല്ലുമാലയുടെ ഒഡീഷനിൽ ബിനു പപ്പു വഴി തന്നെയാണ് എത്തിച്ചേരുന്നത്. ഒഡീഷനിലേക്ക് വീഡിയോയും രണ്ട് മൂന്ന് ചിത്രങ്ങളും അയക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒഡീഷനു വിളിച്ചപ്പോൾ അഭിനയിക്കുന്നതിനു പകരം സംവിധായകൻ ഖാലിദ് റഹ്മാൻ ഒരു റാപ്പ് സോംഗെഴുതി പെർഫോം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അഭിനയം പ്രതീക്ഷിച്ച് വന്ന എനിക്കതൊരു സർപ്രൈസായിരുന്നു. റാപ്പെഴുതി പെർഫോം ചെയ്തത് കണ്ട് ഇഷ്ടപ്പെട്ടാണ് കാസ്റ്റ് ചെയ്യുന്നത്. തല്ലുമാലയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ സത്താറിന്റെ കഥാപാത്രം അത്തരം റാപ്പ് മ്യൂസിക്കൊക്കെ ഡിമാന്റ് ചെയ്യുന്ന ആളാണെന്ന് മനസിലായത് പിന്നീടാണ്.
സ്വാതി എന്ന വ്യക്തിയിലേക്കും അഭിനേതാവിലേക്കും എത്താനുണ്ടായ ചലഞ്ചുകൾ എന്തൊക്കെയാണ് ?
അച്ഛനോടൊപ്പം ഞങ്ങൾ കുടുംബമായി ഷാർജയിൽ താമസിച്ച് കൊണ്ടിരിക്കുമ്പഴാണ് ജീവിതത്തിലെ വലിയൊരു സെറ്റ്ബാക്ക് മുന്നിലെത്തുന്നത്. 2010ലെ മംഗളൂർ വിമാന അപകടത്തിൽ നാട്ടിലേക്ക് പോയ അച്ഛൻ മരണപ്പെട്ടു. അന്ന് ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അച്ഛന് ഇന്റീരിയർ ഡിസൈൻ-ഫാഷൻ, കർട്ടനുകൾ തുടങ്ങിയവയുടെ ഒക്കെ ബിസിനസ് ആയിരുന്നു. അമ്മ കർണാടക സംഗീതം പഠിപ്പിച്ചിരുന്ന ടീച്ചറും. അമ്മയുടെ ധൈര്യത്തിലാണ് ആ തകർന്ന് പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ചത്. അമ്മ ആ ബിസിനസ് എറ്റെടുത്ത് തന്റെയും അനുജത്തിയുടെയും സ്കൂളിംഗ് ഒക്കെ അവിടെത്തന്നെ പ്ലസ്ടു വരെ പൂർത്തിയാക്കി. ചില സിനിമകളിലൊക്കെ ഇത്തരം കഥകൾ കണ്ടിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തിലത് സംഭവിക്കുന്നത് വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കിയിരുന്നു.
കുടുംബം ഇപ്പോൾ എവിടെയാണ് ? മറ്റാരൊക്കെ ഉണ്ട് ?
അച്ഛന്റെ വേർപാട് കഴിഞ്ഞ് കുറച്ച് കാലത്തിനു ശേഷം ഞങ്ങളുടെ സ്കൂളിംഗും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. അമ്മയും സഹോദരിയും സ്വദേശമായ കാസർഗോഡ് കാഞ്ഞങ്ങാട് തന്നെയാണുള്ളത്. സഹോദരി സ്വരലയ ബംഗളൂരിൽ ബിരുദത്തിനു പഠിക്കുന്നു. കൊച്ചിയിൽ ജോലി നോക്കുന്ന ഭാര്യ ഗായത്രിയോടൊപ്പം കൊച്ചിയിലാണ് നിലവിൽ എന്റെ താമസം.
തല്ലുമാലയുമായി ബന്ധപ്പെട്ട ഓർമ്മകൾ ?
സിനിമക്ക് വേണ്ടി ഏകദേശം ഒരു മാസക്കാലം ഡാൻസ് പ്രാക്റ്റീസുണ്ടായിരുന്നു. അത് പൂർത്തിയാവുമ്പോൾ ഞാനും, ലുക്കുവും, ടോവിച്ചേട്ടനും, അദ്രിയും, ഓസ്റ്റിനും ഒക്കെയായി നല്ലൊരു സൗഹൃദത്തിൽ എത്തിച്ചേർന്നിരുന്നു. അത് പടത്തിന്റെ കഥാപാത്രങ്ങൾ തമ്മിലുള്ള ബോണ്ടിംഗിനും ഏറെ സഹായിച്ചിരുന്നു. ടോവിനോ തോമസ് എന്ന സ്റ്റാറിന്റെ കൂടെ ആക്റ്റ് ചെയ്യുന്നു എന്നതിലുപരിയായി ഈ സൗഹൃദം അത് പോലെ തന്നെ സിനിമയിലും ഉപയോഗിക്കാൻ കഴിഞ്ഞു.
അത് പോലെ തന്നെ പടത്തിന്റെ ഒരു ഫൈറ്റ് സീനിൽ എന്റെ കാൽമുട്ടിന്റെ ലിഗമെന്റ് തകരാറിലായിപ്പോയിരുന്നു. അത് കൊണ്ട് തന്നെ സത്താറിന്റെ ചില അടികൾ കൈകൾ ഉപയോഗിച്ചുള്ള പഞ്ചുകൾ മാത്രമാക്കി, കാലുപയോഗിച്ചുള്ളതല്ല എന്ന് കാണാം. ഞാൻ മലബാറുകാരനായത് കാരണവും കോളേജിൽ പഠിച്ചിരുന്ന കാലത്ത് മലപ്പുറത്ത് നിന്ന് ഏറെ കൂട്ടുകാർ ഉണ്ടായിരുന്നതുമൊക്കെ സിനിമയിലെ എന്റെ പൊന്നാനി സ്ലാംങ്ങിനെ ഏറെ സഹായിച്ചിരുന്നു.
സിനിമയിൽ എത്തുമെന്ന് കരുതിയിരുന്നോ ?
ചെറുപ്പകാലം തൊട്ട് തന്നെ സ്കൂളിൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മിമിക്രി, മോണോ ആക്റ്റ്, ഓട്ടൻ തുള്ളൽ, പിന്നെ ജന്മനാ വീട്ടിലുള്ള സംഗീതമുള്ളത് കൊണ്ട് പാട്ട് എന്നിവയിലൊക്കെ സമ്മാനം വാങ്ങിയാണ് പഠിത്തത്തിൽ അൽപ്പമെങ്കിലും പിന്നോട്ട് നിന്നത് ബാലൻസ് ചെയ്തിരുന്നത്. അച്ഛനായിരുന്നു പാട്ടുകളെഴുതി കമ്പോസ് ചെയ്ത് തന്നിരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി വിട്ട് പോവുമ്പോൾ അന്നീ കലാപ്രവർത്തനങ്ങളൊക്കെ ശ്രദ്ധിച്ചിരുന്ന സ്കൂളിലെ ആയ/കെയർടേക്കർ ഒരു നാൾ "സ്വാതി സിനിമയിലെത്തുമ്പോൾ മറക്കല്ലേ" എന്ന് വെറുതേ പറഞ്ഞത് ഇന്ന് രസകരമായ ഒരു ഓർമ്മയാവുന്നു. അന്ന് മുതൽ തന്നെ സിനിമയുടെ പ്രോസസ് പഠിക്കുകയും അതിലേക്ക് എത്താനുമൊക്കെ ആഗ്രഹിച്ചിരുന്നു.
എല്ലാ ഉത്തരങ്ങൾക്കും നന്ദി സ്വാതി, എല്ലാ ആശംസകളും.
m3dbക്കും നന്ദി. m3dbയെ കുറേ നാളായി ശ്രദ്ധിക്കുന്നുണ്ട്, പലരുടേയും ആർട്ടിസ്റ്റ് പ്രൊഫൈൽ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിന്റെ ഒരു ഇന്റവ്യൂവിലേക്ക് എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങളേപ്പോലെയുള്ളവരുടെ പ്രൊഫൈലുകളും വരിക, അങ്ങനെ ഒരു റെക്കഗ്നീഷൻ കിട്ടുക എന്നതിൽ വലിയ സന്തോഷം.