സ്പീൽബർഗിൻ്റെ E T - യും സത്യജിത് റേയുടെ ഏലിയനും

Cafe Special

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആയ സത്യജിത് റേയ്ക്ക് സയൻസ് ഫിക്ഷനോടുള്ള ആഭിമുഖ്യം പലർക്കും അറിയാവുന്ന കാര്യം ആണ്. നിരവധി സയൻസ് ഫിക്ഷൻ കഥകൾ സത്യജിത് റേ എഴുതിയിട്ടുണ്ട്. ഷോങ്കു എന്ന ശാസ്ത്രജ്ഞനെ (മലയാളത്തിൽ ശങ്കു) പ്രധാന കഥാപാത്രമാക്കിയുള്ള കഥകളും അക്കൂട്ടത്തിൽപ്പെടും.  അറുപതുകളുടെ മധ്യത്തിൽ കൽക്കട്ടയിൽ ആരംഭിച്ച Sci Fi സിനി ക്ലബ്ബിൻ്റെ അമരക്കാരിൽ ഒരാളുമായിരുന്നു സത്യജിത് റേ.

1962-ൽ ആണ് സത്യജിത് റേ "ബാങ്കു ബാബുർ ബന്ധു" എന്ന ബംഗാളി ചെറുകഥ കുട്ടികളുടെ മാസികയായ സന്ദേശിൽ എഴുതുന്നത്. ആ കഥ വളരെയധികം പ്രചാരം നേടിയപ്പോൾ സത്യജിത് റേ അതിനെ സിനിമക്ക് യോജിക്കുന്ന ഒരു സ്ക്രിപ്റ്റ് ആയി രൂപപ്പെടുത്തിയെടുക്കുകയും "The Alien" എന്ന ടൈറ്റിൽ നൽകുകയും ചെയ്തു. ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ അന്യഗ്രഹ ജീവി എത്തിപ്പെടുന്നതും ഒരു ഗ്രാമീണ ബാലനുമായി സൗഹൃദം സ്ഥാപിക്കുന്നതും പ്രധാന കഥാ തന്തുവായ ആ സ്ക്രിപ്റ്റിൽ അത്യാഗ്രഹിയായ ഒരു ബിസിനസ്സ്കാരനും, പ്രാദേശിക പത്രപ്രവർത്തകനും, അമേരിക്കൻ ശാസ്ത്രജ്ഞനും ഒക്കെ മറ്റ്  കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

സത്യജിത് റേ ആരാധിച്ചിരുന്ന സയൻസ് ഫിക്ഷൻ രചയിതാവ് ആയിരുന്നു ആർതർ സി ക്ലാർക്ക്. തൻ്റെ സ്ക്രിപ്റ്റ് സത്യജിത് റേ ആർതർ ക്ലാർക്കിനെ കാണിക്കുകയും അദ്ദേഹത്തെ അത് വളരെയധികം ആകർഷിക്കുകയും ചെയ്തു. ഈ കഥ വിശാലമായ ഒരു പ്രേക്ഷക സമൂഹത്തെ അർഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ക്ലാർക്ക് ഇതൊരു ഇന്തോ അമേരിക്കൻ സംയുക്ത സംരംഭം ആയി നിർമ്മിക്കാനുള്ള സാധ്യത അന്വേഷിക്കാൻ ഹോളിവുഡിലേക്ക് പോകണമെന്ന് സത്യജിത് റേയോട് ശുപാർശ ചെയ്തു. റേ അമേരിക്കയിലേക്ക് പോവുകയും കൊളംബിയ പിക്ചേഴ്സുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തുവെങ്കിലും ഒന്നും ഫലവത്തായില്ല.

വീണ്ടും ആർതർ ക്ലാർക്കിൻ്റെ നിർദ്ദേശ പ്രകാരം മൈക്ക് വിൽസൺ എന്ന ചെറുകിട നിർമ്മാതാവിനെ തൻ്റെ പങ്കാളിയായും ഏജൻ്റ് ആയും സത്യജിത് റേ നിയമിച്ചു. ഹോളിവുഡ് നിർമ്മാണ കമ്പനികളുമായി ചർച്ച ചെയ്ത് ഈ പ്രോജക്ട് നടപ്പാക്കാനുള്ള ദൗത്യം ഏറ്റെടുത്ത മൈക്ക് വിൽസൺ ആകട്ടെ "ദി ഏലിയൻ" തൻ്റെ പേരിൽ കോപ്പിറൈറ്റ് ചെയ്യുകയും പതിനായിരം ഡോളർ അഡ്വാൻസ് വാങ്ങി സ്ക്രിപ്റ്റ് കൊളംബിയ പിക്ചേഴ്‌സിന് കൈമാറുകയും ചെയ്തു. ഇതറിഞ്ഞ സത്യജിത് റേ സ്റ്റുഡിയോയുമായി ബന്ധപ്പെടുകയും സത്വര നടപടികൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൻ്റെ ഫലമായി മൈക്ക് വിൽസൺ തൻ്റെ കോപ്പിറൈറ്റ് അവകാശം പിൻവലിച്ചുവെങ്കിലും അപ്പോഴേക്കും ആ സ്ക്രിപ്റ്റിൻ്റെ നിരവധി കോപ്പികൾ ഹോളിവുഡിൽ  സർക്കുലേറ്റ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു.ഇതിന് ശേഷം റേ മെർച്ചൻ്റ് ഐവറി പ്രൊഡക്ഷൻസിലെ ഇസ്മായിൽ മെർച്ചൻ്റുമായി ചില ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അതും ഫലം കണ്ടില്ല. സത്യജിത് റേ ആ പ്രോജക്ടിനെക്കുറിച്ച് തന്നെ മറന്ന് മറ്റ് സംരംഭങ്ങളിൽ വ്യാപൃതനായി.

1982-ൽ സ്റ്റീവൻ സ്പീൽബർഗിൻ്റെ "E T" റിലീസ് ആവുകയും ലോകം എമ്പാടുമുള്ള പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കുകയും ചെയ്തു. E T കണ്ട ആർതർ ക്ലാർക്ക് അക്ഷരാർഥത്തിൽ ഞെട്ടുകയാണ് ഉണ്ടായത്. കാരണം E T-യുടെ കഥാവഴിയിലെ പല സംഭവങ്ങൾക്കും റേയുടെ ഏലിയനുമായുള്ള സാമ്യം തന്നെ. ക്ലാർക്ക് ഈ വിവരം റേയെ അറിയിക്കുകയും ചെയ്തു. ആ കാൽഘട്ടത്തിൽ ഇന്ത്യാ ടുഡേയ്ക്ക് നൽകിയൊരു അഭിമുഖത്തിൽ റേ തൻ്റെ ഞെട്ടലും അതൃപ്തിയും പ്രകടിപ്പിക്കുകയുണ്ടായി. ഏലിയൻ എന്ന തൻ്റെ സ്ക്രിപ്റ്റ് ഇല്ലെങ്കിൽ സ്പീൽബർഗിന് E T മാത്രമല്ല ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡ് എന്ന സിനിമയും ചെയ്യാൻ കഴിയില്ലായിരുന്നു എന്ന് റേ ആ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

വിചിത്രമായ ഒരു നീക്കത്തിൽ ക്ലാർക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്നും റേയെ പിന്തിരിപ്പിച്ചു. ഹോളിവുഡ് സ്റ്റുഡിയോകളുമായി ഏറ്റുമുട്ടുന്നത് സമയവും ധനവും നഷ്ടപ്പെടുത്തുന്ന പണിയാണ് എന്നായിരുന്നു ക്ലാർക്കിൻ്റെ വാദം.

ഈ ഒരു വിഷയം പിന്നീട് സ്പീൽബർഗിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സത്യജിത് റേ കൊളംബിയ സ്റ്റുഡിയോയുമായി ചർച്ച നടത്തുന്ന കാലത്ത് താൻ സ്കൂൾ വിദ്യാർഥി ആയിരുന്നു എന്നാണ് പ്രതികരിച്ചത് (യഥാർത്ഥത്തിൽ ആ ചർച്ചകൾ നടന്ന 1967-ൽ സ്പീൽബർഗ് 21 വയസ്സുള്ള യുവാവ് ആയിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ, 1969-ൽ, സംവിധായകനായി തുടക്കം കുറിക്കുകയും ചെയ്തിരുന്നു).

അന്യഗ്രഹ ജീവിയുടെ വളരെ സാവധാനത്തിലുള്ള കൈകളുടെ ചലനങ്ങൾ, സുഖപ്പെടുത്താനുള്ള അദ്ഭുത സിദ്ധി, പൂക്കൾ വിടർത്താനുള്ള കഴിവ് എന്നിങ്ങനെ പല സവിശേഷതകളും സത്യജിത് റേയുടെ ഏലിയനിലുമുണ്ട്. കാഴ്ചയിലും E T റേയുടെ അന്യഗ്രഹ ജീവിയെപ്പോലെ തന്നെയായിരുന്നു.

റേയുടെ സ്ക്രിപ്റ്റ് സ്പീൽബർഗിനെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടാവുമോ? അതോ ഒരേ പോലെ ചിന്തിച്ച രണ്ട് ജീനിയസുകൾ ആയിരുന്നോ അവർ? E T സിനിമയുടെ ടാഗ് ലൈൻ പോലെ റേയുടെ ഈ പ്രോജക്ടിനെ നിഗൂഡം, അനിശ്ചിതം, സാഹസികം എന്നേ വിശേഷിപ്പിക്കാൻ ആകൂ (The Mystery...The Suspense...The Adventure)

കടപ്പാട് : "Travails with the Alien : The film that was never made" by Satyajit Ray

 

Comment