ബോംബെയിലെയും ഡൽഹിയിലെയും വാർത്താജീവിതത്തിലെ ഓരോ കാഴ്ചകളിലും പിന്നീടുള്ള ആലോചനകളിലും മനസ് നിറയെ കഥകളെഴുതി വച്ച ഒരാളുണ്ട്. വല്ലപ്പോഴും വീണു കിട്ടുന്ന അവധിദിവസങ്ങളിൽ ആ കഥകളെല്ലാം തിരക്കഥകളായി കടലാസിലേക്ക് പകർത്തിയെഴുതി. പത്തുവർഷങ്ങൾക്കൊടുവിൽ ആ സ്വപ്നങ്ങൾ സ്‌ക്രീനിൽ ചലിച്ചു തുടങ്ങുകയാണ്. വീണു പോകുമെന്ന് തോന്നുന്നിടത്ത് അടുത്ത കഥ ആലോചിച്ചു തുടങ്ങിയാണ് മനു ഈ കാലം പ്രസാദാത്മകമാക്കിയത്. ശേഷം മൈക്കിൽ ഫാത്തിമ എന്ന കവിത തുളുമ്പുന്ന പേരിലുള്ള സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മനു സി. കുമാർ
ഫാത്തിമയെ കണ്ടുമുട്ടിയത് എവിടെ വച്ചാണ്?
മനോരമ ന്യൂസിൽ റിപ്പോർട്ടറായിരുന്നു. കഴിഞ്ഞവർഷം ജോലി വിട്ടു. കമന്ററികളുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ഈ കമന്ററികളെല്ലാം ആണുങ്ങളാണ് ചെയ്തതെന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത് ഒരു പെൺകുട്ടി കമന്ററി പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന കൗതുകമാണ് ആദ്യം തോന്നിയത്. ക്രിക്കറ്റിലൊക്കെ ആങ്കേഴ്സ് മാത്രമാണുള്ളത്, കമന്റേറ്റർമാർ ഇല്ല. ആദ്യം ക്രിക്കറ്റ് വച്ചാണ് കഥ ആലോചിച്ചത്. പിന്നീടത് ഫുട്ബാൾ ആയി. ശരിക്കും പറഞ്ഞാൽ ഫുട്ബാൾ കമന്ററി മലപ്പുറത്ത് ഇല്ല, അനൗൺസ്മെന്റേ ഉള്ളൂ. കമന്റേറ്റർ ആയ പെൺകുട്ടി വരുമ്പോൾ ഉറപ്പായും അത് മലപ്പുറത്ത് ആയിരിക്കണമെന്ന് തോന്നിയിരുന്നു. ഫുട്ബാളിനെ അത്രയും സ്നേഹിക്കുന്ന നാടാണല്ലോ. കഥ അങ്ങനെ മലപ്പുറത്ത് വച്ച ശേഷമാണ് ബാക്കി കാര്യങ്ങൾ ആലോചിച്ചത്.
പ്രത്യേകതയുള്ള പേരാണല്ലോ 'ശേഷം മൈക്കിൽ ഫാത്തിമ'?
എന്റെ വീട്. ആലപ്പുഴയാണ്. നെഹ്‌റു ട്രോഫി വള്ളം കളി മത്സരം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. മത്സരത്തിൽ സ്റ്റാർട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും ഉണ്ടല്ലോ.. സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നും വള്ളം കാണാൻ പറ്റുന്ന ഒരു ദൂരമുണ്ട്. കമന്ററി പറയുന്നയാൾ ആദ്യത്തെ കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം പറയുന്നൊരു കാര്യം ശേഷം മൈക്ക് ഫിനിഷിംഗ് പോയിന്റിലേക്ക് കൈമാറും എന്നാണ്. ആ വാചകത്തിൽ നിന്നാണ് സിനിമയുടെ ടൈറ്റിൽ വന്നത്. കുറേയാളുകൾ മൈക്കിൾ ആണെന്നാണ് വിചാരിച്ചത്. മലപ്പുറത്തെ ഫുട്ബാൾ അനൗൺസറായ പെൺകുട്ടിയുടെ കഥയാണ്. ദുൽഖറിനെ വച്ച് സിനിമയുടെ അനൗൺസിംഗ് വീഡിയോ ചെയ്തപ്പോൾ ബാക്കി ഓര് പറഞ്ഞോളും എന്ന് പറഞ്ഞാണ് ഈ ടൈറ്റിൽ കാണിക്കുന്നത്.
ഇതൊരു കല്യാണിപ്പടം ആണല്ലേ?
അതേ. ആൾ ഇൻ ആൾ കല്യാണി തന്നെയാണ്. ഹീറോ സെക്കന്റ് ഹാഫിൽ വരുന്നുണ്ടെങ്കിൽ പോലും കല്യാണിയുടെ ഒരു യാത്രയാണ്. ഇത്രയും അഭിനയപ്രാധാന്യമുള്ള വേഷം കല്യാണി ആദ്യമായാവും ചെയ്യുന്നത്. സ്‌റ്റോറിയുടെ വൺലൈൻ പറഞ്ഞപ്പോൾ തന്നെ കല്യാണിക്ക് ആ ഡെപ്ത്ത് പിടി കിട്ടിയിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു. നമ്മൾ സ്വപ്‌നം കണ്ടതിന്റെ തൊണ്ണൂറ് ശതമാനം അതേ പോലെ വന്നിട്ടുണ്ട്. എന്റെ മനസിൽ സിനിമയുണ്ട്, സ്‌ക്രിപ്റ്റിൽ സിനിമയുണ്ട്. പക്ഷേ, ഞാൻ സിനിമ ചെയ്തില്ല. എന്നിട്ടും കല്യാണി ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ കൂടെ നിൽക്കാൻ തയ്യാറായത് വലിയ കാര്യമാണ്.
ശേഷം മൈക്കിൽ ഫാത്തിമയിൽ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട് അല്ലേ?
ഭാഷ ഈ സിനിമയിലെ വലിയൊരു ഘടകമാണ്. മലബാർ ഭാഷ പിടിച്ചിട്ട് തന്നെ ചെയ്തിരിക്കുന്നതാണ്. സ്‌ക്രിപ്റ്റ് അസിസ്റ്റന്റായ അഫ്രയാണ് ഡയലോഗുകൾ മലപ്പുറം ഭാഷയിലേക്ക് മാറ്റിയത്. അസിസ്റ്റന്റ് ഡയറക്ടർ സഫ്രീനയും സഹായിച്ചു. പിന്നെ നടി സുരഭി ലക്ഷ്മിയും കൂടെ തന്നെ നിന്നു. സുരഭി ചന്നൈയിൽ വന്നു നിന്നാണ് ഡബിംഗിന് സഹായിച്ചത്. പക്കാ മലപ്പുറം ഭാഷയാണോ എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല. കാരണം അങ്ങനെ ഒരു ഭാഷയില്ല. പെരിന്തൽമണ്ണയിലുള്ള ഭാഷയും മലപ്പുറത്തെ മറ്റു സ്ഥലങ്ങളിലുള്ള ഭാഷയും തമ്മിൽ വ്യത്യാസമുണ്ട്. നമ്മൾ എത്ര ചെയ്താലും അത് ശരിയാകില്ല. അവിടെ ജനിച്ചു വളർന്ന ആളുകളുടെ ഒരു മൂളലിൽ പോലും അവിടത്തെ സളാംഗ് വരും. അതുകൊണ്ടു തന്നെ ആ ഭാഷയുടെ ഭംഗി മാത്രമാണ് എടുത്തിരിക്കുന്നത്. ആ ഫ്ളേവറാണ് ഉപയോഗിച്ചത്. രണ്ടായിരത്തി പതിനെട്ടിലാണ് കഥ എഴുതിയത്.
കല്യാണി ഫാത്തിമയെ ചെയ്താൽ നന്നാകുമെന്ന് തോന്നിയത് എപ്പോഴാണ്?
നേരത്തെ വേറെ ഒരു പ്രൊഡക്ഷൻ ഹൗസായിരുന്നു ഉണ്ടായിരുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമ കഴിഞ്ഞപ്പോഴാണ് കല്യാണിയോട് ഈ കഥ പറഞ്ഞത്. ആ സിനിമയിലെ കല്യാണിയുടെ മാനറിസങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് കല്യാണിയിലേക്ക് എത്തുന്നത്. തല്ലുമാല വന്നപ്പോഴും അറിയാവുന്ന ചിലർ വിളിച്ച് ഈ സിനിമയെ കുറിച്ച് തിരക്കിയിരുന്നു. ഫാത്തിമയിൽ കല്യാണി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. അഭിനയിക്കുന്നത് ഒരാളും ഡബ് ചെയ്യുന്നത് മറ്റൊരാളും വരുന്നത് ഈ സിനിമയ്ക്ക് ശരിയാകില്ല. സിനിമ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ ഈ സിനിമയുടെ മൊത്തം സീനിലുള്ള കാര്യങ്ങളും ഡയലോഗുകളും റെക്കാർഡ് ചെയ്തു കൊടുത്തിരുന്നു. മലപ്പുറം സ്ളാംഗിൽ തന്നെയാണ് അത് ചെയ്തത്. കല്യാണി അതുമുഴുവൻ പഠിച്ചാണ് ഷൂട്ടിംഗിന് വന്നത്. ഞങ്ങളുടെ സ്‌ക്രിപ്റ്റ് തന്നെ മംഗ്ളീഷിലുണ്ടായിരുന്നു. അതിൽ എവിടെ ഊന്നിപ്പറയണം, എവിടെ പോസ് ചെയ്യണം എന്നതൊക്കെ മാർക്കർ വച്ച് അടയാളപ്പെടുത്തി കൊടുത്തിരുന്നു. കല്യാണിക്ക് മലയാളം അറിയാം. പക്ഷേ, വിദേശത്ത് പഠിച്ച ഒരാളായതു കൊണ്ട് അതിന്റെ പ്രശ്നങ്ങളാണ്. പല ഉച്ചാരണവും കിട്ടത്തില്ല. പ്രശ്നം എന്ന വാക്ക് പറയുന്നതു പോലും പ്രശ്നമാണ്. അവിടെ നിന്നാണ് ഇത്രയും പരിശ്രമിച്ച് കല്യാണി അഭിനയിച്ചത്. ഷൂട്ട് ചെയ്യുമ്പോൾ ഭാഷയിലെ പ്രശ്നങ്ങൾ കുഴപ്പമില്ല, പക്ഷേ, ഡബ് ചെയ്യുമ്പോൾ അങ്ങനെയല്ല. കുറേ സമയമെടുത്ത് കഷ്ടപ്പെട്ടാണ് കല്യാണി ഇത് പൂർത്തിയാക്കിയത്. അത്ര ഗംഭീരമായി തന്നെ ഫാത്തിമയെ അവതരിപ്പിച്ചിട്ടുണ്ട്. ഡയലോഗ് തെറ്റിച്ച് ഒരു റീടേക്ക് പോലും പോകേണ്ടി വന്നിട്ടില്ല. ഒരുപാട് സംസാരിക്കുന്ന ഒരു പെൺകുട്ടിയാണ് ഫാത്തിമ. നോർമ്മലായി ഹായ് എന്നൊരു ഡയലോഗ് വേണ്ടിടത്ത് ഫാത്തിമ ഒരുപാട് സംസാരിക്കും. അതിങ്ങനെ ആ സ്ളാംഗിൽ തുടർച്ചയായി പഠിച്ചു ചെയ്യണമെന്നത് വലിയ പ്രയത്നമാണ്. ശ്വാസം വിടാതെ സംസാരിക്കുന്നതും വലിയൊരു ടാസ്‌ക്ക് ആണ്. നന്നായി ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം.
സിനിമയുടെ പിന്നണിയിലുള്ളവർ വന്നത് അവർ തന്നെ ചെയ്യണമെന്ന മനുവിന്റെ ആഗ്രഹത്തിന്റെ പുറത്താണോ?
ഞാൻ ന്യൂസ് റിപ്പോർട്ടറായിരുന്നു. ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടില്ല, ആരുടെയും അസിസ്റ്റന്റുമായിരുന്നില്ല. അതുകൊണ്ടു തന്നെ ടെക്നിക്കൽ സൈഡിൽ നല്ല ആളുകൾ വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഡി.ഒ.പിയായി സന്താനകൃഷ്ണൻ വരുന്നത്. കബീർ സിംഗ്, ബാഗി, ബാഗി ത്രീ ചെയ്തത്. ഇപ്പോൾ അക്ഷയ്കുമാറിന്റെ പടം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു മലയാള പടം ചെയ്യണമെന്ന് പുള്ളി വിചാരിച്ചിരിക്കുമ്പോഴാണ ഞാൻ ഈ സ്‌ക്രിപ്റ്റ് അയച്ചു കൊടുക്കുന്നത്. സ്‌ക്രിപ്റ്റ് വളരെ ഇഷ്ടമായപ്പോഴാണ് ചെയ്യാമെന്ന് വാക്കു നൽകിയത്. പിന്നെ എഡിറ്ററായി കിരൺദാസ് വന്നു. കിരൺ സെലക്ട് ചെയ്യുന്ന ചിത്രങ്ങൾ ഗംഭീരമാണ്. ദിലീഷേട്ടന്റെ എല്ലാ പടങ്ങളും കിരണാണ് ചെയ്തത്. 'രോമാഞ്ചം' കഥ കേട്ട് അത് ഹിറ്റാകുമെന്ന് പറഞ്ഞ ആദ്യത്തെ ആൾ കിരണാണ്. കിരൺ എന്റെ സുഹൃത്തുമാണ്. മ്യൂസിക്ക് ഹിഷാം ആണ്. സിറ്റുവേഷൻ അനുസരിച്ച് മാത്രമേ പാട്ട് വരുന്നുള്ളൂ.
ഷൂട്ടിംഗിന്റെ സമയത്ത് സപ്പോർട്ടുമായി നാട്ടുകാർ മുന്നിൽ നിന്നിട്ടുണ്ടാകുമല്ലോ അല്ലേ?
അവരൊക്കെ ഫുൾ കൂടെ തന്നെയുണ്ടായിരുന്നു. മുക്കത്ത് മാത്രമല്ല, എല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു. കാടാമ്പുഴയിൽ അയ്യായിരം പേർ ഇരിക്കുന്ന ഒരു സ്‌റ്റേഡിയത്തിൽ ഷൂട്ട് ഉണ്ടായിരുന്നു. അവർക്ക് ഫുട്ബാൾ ജീവൻ തന്നെയാണ്. മറ്റൊന്നും തന്നെ അവർക്ക് വിഷയമേ അല്ല. നല്ലയാളുകളാണ്, പാവം മനുഷ്യരാണ്.
ഒരുപാട് കാലമായി സിനിമയ്ക്ക് പിന്നാലെയുള്ള യാത്രയാണ്. ഏതെങ്കിലും സമയം ഇട്ടിട്ട് പോകണമെന്ന് തോന്നിയിരുന്നോ?
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. വർഷങ്ങളായി സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട്. ആഡ് ഫിലിമുകൾക്ക് വേണ്ടിയാണ് കൂടുതലും. രണ്ടായിരത്തി നാലിൽ ഞാൻ ജയരാജ് സാറിന്റെയടുക്കൽ കഥ പറഞ്ഞിട്ടുണ്ട്. പിന്നെ ചാനലിൽ ജോയിൻ ചെയ്തു. പിന്നെ അതിന്റെ തിരക്കായി. 2012 ലാണ് തിരിച്ച് ഞാൻ നാട്ടിലെത്തിയത്. അതുവരെ ഡൽഹിയിലും ബോംബെയിലുമായിരുന്നു. ആ സമയം മുതൽ ഞാൻ പരിശ്രമിക്കുന്നുണ്ട്, വെറുതെ ട്രൈ ചെയ്യുന്നതല്ല. ഏഴോ എട്ടോ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. മുന്നൂറും മുന്നൂറ്റമ്പതും പേജുള്ള ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും വരെയായ സ്‌ക്രിപ്റ്റുകളാണ്. ആദ്യ രണ്ടു സ്‌ക്രിപ്റ്റുകൾ എന്റെ സുഹൃത്തായ ആഡ് ഫിലിം മേക്കർക്ക് വേണ്ടിയായിരുന്നു. അതു രണ്ടും നടന്നില്ല. പിന്നീടും എഴുത്ത് അങ്ങനെ തന്നെ തുടരുന്നു. അപ്പോഴും ഒന്നും നടന്നില്ല. എഴുതാനും മറ്റുള്ളവരോട് കഥ പറയാനും പറ്റുമെങ്കിൽ മുന്നോട്ട് പോകുമെന്ന് വിശ്വസിച്ചു. നിർമ്മാതാവ് സാന്ദ്രയാണ് ആദ്യം എന്നോട് സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന് പറഞ്ഞത്. അതോടെ സിനിമയുടെ സാങ്കേതികവശങ്ങൾ പല പല രീതിയിൽ ഞാൻ പഠിച്ചു. അതിനുശേഷമാണ് കുറച്ചു കൂടെ ചെറിയ സിനിമ ചെയ്യാമെന്ന് വിചാരിച്ചത്. പലപ്പോഴും വിട്ടു പോകാൻ തോന്നിയിട്ടുണ്ട്. നമ്മളൊരു വിഷ്വൽ മീഡിയ ജേണലിസ്റ്റ് ആണല്ലോ... നമ്മുടെ ജോലിയും ശ്വാസം മുട്ടിക്കുന്നതു പോലെ. ലൈവ്, ബ്രേക്കിംഗ് ന്യൂസ് അങ്ങനെ.. രാവിലെ ഇറങ്ങിയാൽ രാത്രി വൈകും തിരിച്ചെത്താൻ. നാലുമണിക്കൂർ മാത്രം ഉറങ്ങിയാണ് എന്റെ എഴുത്തൊക്കെ മുന്നോട്ടേക്ക് കൊണ്ടു പോയത്. അവധിദിവസങ്ങൾ, ഒഫ് ദിവസങ്ങൾ, മറ്റു ലീവുകൾ എല്ലാം എടുത്താണ് എഴുതിയത്. നമ്മൾ പറയുന്ന കഥ എല്ലാവർക്കും കണക്ട് ആകണമെന്നില്ല. പക്ഷേ, അങ്ങനെ നോ കേൾക്കേണ്ടി വന്നാലും നിറുത്തരുത്, നിറുത്തിയാൽ അത് തീർന്നു. ആ നിമിഷം മുതൽ ഞാൻ പുതിയ കഥ ആലോചിച്ച് തുടങ്ങും.
പുതുമുഖങ്ങൾക്ക് പഴയകാലത്തേക്കാൾ സാദ്ധ്യത സിനിമയിലുണ്ടെന്ന് തോന്നുന്നുണ്ടോ?
സാങ്കേതിക വിദ്യ ഒരുപാട് മാറിയത് ഈ രംഗത്തേക്ക് ആദ്യമായി വരുന്നവർക്ക് പ്ലസ് ആകുന്നുണ്ട്. പണ്ട് ഒരാളെ കാണാൻ പോകുന്നത് എന്നു പറയുന്നത് തന്നെ ടാസ്‌ക്ക് ആയിരുന്നില്ലേ... അവിടെ എത്തിയാലേ കാണാൻ പറ്റുമോ എന്നറിയാൻ സാധിക്കൂ... ഇത് ഓരോ സെക്കന്റിലും മാറുന്ന കാര്യങ്ങൾ നമുക്കറിയാം. അത്രമാത്രം കണക്റ്റഡ് ആണ്. സാദ്ധ്യതകൾ കൂടുതലുണ്ട്. പക്ഷേ, അതിനൊപ്പം പരിശ്രമവും വേണം. ഞാൻ ഇതിന് പിന്നാലെ നടന്ന കാലത്തെക്കുറിച്ച് പറയുമ്പോൾ പത്തുവർഷം എന്ന് എളുപ്പത്തിൽ പറയാം. പക്ഷേ, ആ കാലം പിന്നെ ആലോചിക്കുമ്പോൾ അത്ര ചെറുതല്ല, എളുപ്പവുമല്ല. ജേണലിസ്റ്റ് ആണെന്ന് പറഞ്ഞ് സിനിമയിൽ ഒരു ബന്ധവും ഞാനുണ്ടാക്കിയിട്ടില്ല. അവരോടൊന്നിച്ച് ഫോട്ടോയെടുക്കാനും ശ്രമിച്ചിട്ടില്ല. ഏറ്റവും അടുത്ത നാലഞ്ചു സുഹൃത്തുക്കൾക്കല്ലാതെ മറ്റാർക്കും ഞാൻ സിനിമ ചെയ്യുകയാണെന്ന് അറിയില്ല. ഇതൊന്നുമില്ലെങ്കിലും നമ്മൾ ആളുകളെ കാണുന്നു, ചർച്ചകൾ നടത്തുന്നു, സ്‌ക്രിപ്റ്റ് വായിക്കുന്നു, കറക്ഷൻ പറയുന്നു, അത് ശരിയാക്കുന്നു, അങ്ങനെ നിരന്തരമായ പരിശ്രമം മറ്റൊരു ഭാഗത്ത് ഞാൻ നടത്തിക്കൊണ്ടിരുന്നു. സുഹൃത്തുക്കൾക്കിടയിലെ സിനിമാ ചർച്ചകളിൽ പോലും ഞാനുണ്ടായിരുന്നില്ല. പക്ഷേ, സിനിമ മറ്റൊരു വഴിക്ക് കൊണ്ടു പോയിരുന്നു.
സിനിമകൾ ധാരാളം കാണാറുണ്ടോ?
അത്ര ഭയങ്കരമായി സിനിമ കാണുന്ന ഒരാളല്ല ഞാൻ. ഞാൻ കുറച്ചു കൂടി വായനയിലാണ് ശ്രദ്ധിക്കുന്നത്. എല്ലാ പുസ്തകങ്ങളും വായിക്കും. പുതിയ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങൾ നിശ്ചയമായും വായിക്കാൻ ശ്രമിക്കാറുണ്ട്. എപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം സാഹിത്യ ചർച്ചകളിൽ എം. മുകുന്ദൻ, ഒ.വി. വിജയൻ തുടങ്ങിയ പേരുകളിലാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നതെന്നാണ്. അത് കഴിഞ്ഞും ഗംഭീര എഴുത്തുകാർ വരുന്നുണ്ട്. അഖിൽ. കെ എഴുതുന്ന 'താരാകാന്തനാ'ണെങ്കിലും 'സിംഹത്തിന്റെ കഥ'യാണെങ്കിലും ഗംഭീര എഴുത്താണ്. അങ്ങനെയുള്ള പുതിയ എഴുത്തുകാരുടെ രചനകൾ തേടിപ്പിടിച്ച് വായിക്കും. പുതിയ തലമുറയുടെ ചിന്ത, അവരുടെ മനസ് ഇവയൊക്കെ പിടികിട്ടും. നമ്മൾ എപ്പോഴും സിനിമയിലെ മാറ്റത്തെയാണ് പൊതുവേ കാണുന്നത്. നോവലിലായാലും കഥയിലായാലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മിത്തും ചരിത്രവും കൂട്ടിയിണക്കിയ 'ബി.സി- 261' എന്ന പുസ്തകം അത്ര ചർച്ച ചെയ്യപ്പെടുന്നു.
ജേണലിസ്റ്റ് ആയിരുന്നു വർഷങ്ങളോളം. സിനിമ എടുത്തപ്പോൾ ആ കരിയർ ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെട്ടോ?
ജേണലിസം ടെൻഷൻ നിറഞ്ഞ പ്രൊഫഷനാണല്ലോ... ഒരുമണിക്കുള്ള ബുള്ളറ്റിൻ, സമയം നോക്കാതെയുള്ള ജോലി, ബ്രേക്കിംഗ് ന്യൂസുകൾ അങ്ങനെ പല കാര്യങ്ങളുണ്ടല്ലോ... ഈ കാര്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അത് മാനേജ് ചെയ്തു ശീലമാകും. എന്റെ ആദ്യസിനിമയാണ്, ടെൻഷനടിക്കേണ്ട സന്ദർഭങ്ങളിൽ ഞാൻ അങ്ങനെ ആകാറില്ല. പിന്നെ ടൈമിംഗ് ജേണലിസം തന്ന മറ്റൊരു പ്ലസാണ്. ഇന്ന് തീർക്കണമെന്ന് വിചാരിക്കുന്നവ അന്നു തന്നെ ചെയ്തു തീർക്കാൻ ശ്രമിക്കാറുണ്ട്. ജേണലിസത്തിലും വാർത്ത മറ്റൊരു സമയമില്ലല്ലോ... എത്രയും വേഗം എന്നല്ലേ.. ആ ഒരു ശീലം സഹായിച്ചിട്ടുണ്ട്.