എൺപതുകളിലേയും തൊണ്ണൂറുകളിലേയും വ്യാപകമായ ഗൾഫ് കുടിയേറ്റം പോലെ തന്നെ ഒന്നായിരുന്നു നാട് വിട്ട് ബോംബെ പോലുള്ള വലിയ നഗരങ്ങളിൽ ജോലി തേടി പോയിരുന്ന മലയാളികളുടെ പ്രയാണം.നമ്മുടെ നാട്ടിലും പരിസരത്തുമൊക്കെ ഓണത്തിനും മറ്റു വിശേഷാവസരങ്ങളിലും ഒരാഴ്ച്ച ലീവിന് വന്ന് പോകുന്നവർ അന്നൊക്കെ സ്ഥിരം കാഴ്ച്ചകൾ ആയിരുന്നു.ഇന്ന് ബാംഗ്ലൂർ,ചെന്നൈ പോലുള്ള ഐടി നഗരങ്ങൾ മുംബൈക്ക് മുകളിൽ മലയാളികളുടെ പ്രധാന ഓപ്ഷൻ ആയി മാറുകയും ചെയ്തു.
സിനിമകളിലേക്ക് വന്നാൽ ഏറ്റവും കൂടുതൽ കഥ പറഞ്ഞ അന്യ സംസ്ഥാനങ്ങൾ എടുത്താലും മുൻപിൽ ബോംബെ തന്നെ ആയിരിക്കും.പക്ഷേ അന്നും ഇന്നും ബോംബെയിൽ എത്തിയാൽ നേരെ ധാരാവിയിൽ പോയ് ചേരി ഒഴിപ്പിച്ചു ഡോൺ ആയി മാറുന്ന നായകന്റെ വീര കഥകൾക്കാണ് മാർക്കറ്റ്.അവിടെയാണ് പി ആർ നാഥന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ശുഭയാത്ര ആ കാലഘട്ടത്തിലെ ശരാശരി മറുനാടൻ മലയാളികളെ കൃത്യമായി വരച്ചിടുന്നത്.സാധാരണക്കാരായ രാമേട്ടനും വിഷ്ണുവും രാജേന്ദ്രനും കരീം ഭായിയും തുടങ്ങി ജീവിക്കാൻ വേണ്ടി ട്രെയിൻ കയറിയ തനി മലയാളികളെ നമുക്കവിടെ കാണാം.
പല തരം ജോലികൾ ചെയ്തും വൈകുന്നേരങ്ങളിൽ ഒത്തു കൂടിയും ഓണം പോലുള്ള വിശേഷ ദിവസങ്ങൾ ഒന്നിച്ചാഘോഷിച്ചും ഒരു കുടുംബം പോലെ ജീവിക്കുന്ന മലയാളി സമാജങ്ങൾ.
ജീവിതത്തിലും പാർവതിയും ജയറാമും പ്രണയം തുടങ്ങിയത് ഈ സിനിമയുടെ സെറ്റിൽ വെച്ചാണെന്ന് കേട്ടിട്ടുണ്ട്.
അല്ലെങ്കിലും കമൽ സിനിമകളിലെ പ്രണയജോഡികൾ ജീവിതത്തിലും ഒന്നിച്ച കാഴ്ചകൾ നമ്മൾ പിന്നീടും പല തവണ കണ്ടതാണല്ലോ.അത് കൊണ്ട് തന്നെ ജയറാം പാർവതി കോമ്പിനേഷന്റെ ഏറ്റവും മികച്ച പ്രണയ ഭാവങ്ങൾ മറ്റേത് സിനിമകളിൽ കണ്ടതിലും നാച്ചുറലായി "ശുഭയാത്ര"യിൽ തെളിഞ്ഞു കാണാം.
ഇനി സിനിമകളിലെ ഓണ കാഴ്ച്ചകളിലേക്ക് വന്നാൽ "ശുഭയാത്ര"യിലെ രാമേട്ടന്റെ റൂമിൽ തിരുവോണത്തിന് ഒത്തുകൂടി
വടക്കെന്നോ തെക്കെന്നോ പ്രാദേശികമായ വേർ തിരിവില്ലാതെ ഒന്നിച്ചു ഭക്ഷണം പാചകം ചെയ്തും നാട്ടിലെ ഓർമ്മകൾ പങ്കു വെച്ചും സൗഹാർദ്ദപരമായി ആഘോഷിക്കുന്ന രംഗം മനോഹരവും യഥാർഥ പ്രവാസ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതുമാണ്.
രാജേന്ദ്രന്റെ ഹിന്ദി മലയാളം ഓണ പാട്ടും തിരുമുൽപാടിന്റെ നാട്ടിലെ ഓണ ഓർമ്മകളും മലബാറുകാരനായ കരീം ഭായുടെ ഓണമായിട്ട് ചിക്കൻ ബിരിയാണി ഇല്ലാത്തതിന്റെ പരിഭവം പറച്ചിലും വിഷ്ണുവിന്റെ രണ്ടാം ഓണത്തിന് കൂട്ടുകാരോടൊത്തു തൃശൂർക്ക് സിനിമ കാണാൻ പോകുന്ന അനുഭവങ്ങളും ഇടക്ക് രാമേട്ടന്റെ കൗണ്ടറുകളും കൂടെ ചേർന്നുള്ള രംഗം അത്തരത്തിൽ അതീവ ഗൃഹാതുരത്വം നൽകുന്നവയാണ്.
അത്തം മുതൽ മലയാളിയുടെ ഓണത്തെ വരവേൽക്കലും ഉത്രാട പാച്ചിലിൽ ജാതിയുടെയും മതത്തിന്റെയും വേർ തിരിവുകൾക്ക് പിടികൊടുക്കാതെ നഗരത്തിന്റെ ഓരോ തെരുവിലും പകലും രാത്രിയും മനുഷ്യർ ഒഴുകി നടക്കുന്ന കാഴ്ച്ചകളൊക്കെയും അത്രയും മനോഹരം ആണ്.
ഭക്ഷണ കാര്യങ്ങളിലും ശീലങ്ങളിലും വരെ പ്രാദേശിക വാദം വല്ലാതെ കൂടി കൊണ്ടിരിക്കുന്ന ഒട്ടും ശുഭകരം അല്ലാത്ത കാലത്തിലാണ് ഇത്തവണ ഓണം നമ്മുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നത്.അവനവനു ഇഷ്ട്ടം ഉള്ളത് ഇഷ്ട്ടമുള്ള രീതിയിൽ എന്നത് പോലെ തന്നെ മറ്റുള്ളവരുടെ ഇഷ്ടങ്ങളേയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ ശീലിച്ചും ജാതി മത പ്രാദേശിക ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു ഒരേ മനസ്സോടെ ഒത്തൊരുമയോടെ ഓണം ഗംഭീരമായി ആഘോഷിക്കാൻ പറ്റട്ടെ.
രാജേന്ദ്രന്റെ ഓണപ്പാട്ട് പോലെ തന്നെ മാനവികമാകട്ടെ ഓരോ ആഘോഷവും
" ഓണ തുമ്പി വന്നാട്ടെ
ഓമന തുമ്പി വന്നാട്ടെ
ഒരു കൊച്ചു കഥ പറയാൻ വന്നിരുന്നാട്ടെ
യഹാ വഹാ യഹാ വന്നിരുന്നാട്ടെ"