മലയാള സിനിമയുടെ ഭാഗ്യമായിരുന്ന കൂട്ടുകെട്ട് വേർപിരിഞ്ഞ കഥ ദിനേശ് പണിക്കർ പറയുന്നു

News

ജീവിതത്തിന്റെ കയ്പ്പും മധുരവും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത സിനിമകളായിരുന്നു എ.കെ. ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ നിന്നും പിറന്നുവീണത്. ഏതാണ്ട് പതിമൂന്ന് പടങ്ങൾ. എല്ലാം വില പിടിച്ച  ജീവിതാനുഭവങ്ങൾ ഉരുകിയൊലിക്കുന്ന വജ്രക്കല്ലുകൾ. 1987 ൽ 'തനിയാവർത്തന'ത്തിൽ തുടങ്ങി 1994 ൽ 'സാഗരം സാക്ഷി'യിലെത്തി നിന്ന മലയാളികളുടെ എന്നെന്നും പ്രിയങ്കരങ്ങളായ സിനിമകൾ. മമ്മൂട്ടിയെയും മോഹൻലാലിനെയും പച്ചമനുഷ്യരാക്കി  ജനഹൃദയങ്ങളിൽ കോറിയിട്ട സിനിമകൾ കൂടിയായിരുന്നു ആ കൂട്ടുകെട്ടിൽ രൂപപ്പെട്ടത്. എന്നാൽ 1994  ലെ സാഗരം സാക്ഷിക്ക് ശേഷം  എ.കെ. ലോഹിതദാസ് എന്ന മലയാളത്തിന്റെ നിത്യഹരിത തിരക്കഥാകൃത്ത് യാത്രയായ 2009  കാലത്തിനിടെ, സിബി മലയിലുമായി ചേർന്ന് മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. ഏതാണ്ട് പതിനഞ്ചുവർഷത്തെ ഇടവേള. കഥയുടെയും അവ കാഴ്‌ചയാകുന്നതിന്റെയും അനുഭവപരിസരങ്ങളിൽ സൗഹൃദത്തോടെ ചേർന്നു നിന്ന ഈ രണ്ടു പ്രതിഭകളും എന്തുകൊണ്ടായിരിക്കും പിന്നീടൊരു സിനിമയിൽ ഒന്നിക്കാതിരുന്നത്? അവിടവിടെയായി ഈ കാര്യം ചർച്ചയായിട്ടുണ്ടെങ്കിലും നിർമ്മാതാവ്  ദിനേശ് പണിക്കർ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1999 കാലത്ത്  മമ്മൂട്ടി, ഖുശ്ബു എന്നിവർ അഭിനയിച്ച 'സ്റ്റാലിൻ ശിവദാസ്' എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറായി ദിനേശ് പണിക്കർ തിരക്കിലായ കാലം. ആ സമയത്താണ് 'സർവകലാശാല' തുടങ്ങിയ നല്ല ചിത്രങ്ങളുടെ പ്രൊഡ്യൂസറായ ആനന്ദ്  വിളിച്ചത്. ഗുരുവായൂർ സ്വദേശികളെന്ന നിലയിൽ രണ്ടുപേരും തമ്മിൽ നല്ല അടുപ്പം. ആനന്ദ് പുതിയൊരു ചിത്രം എടുക്കാൻ പോകുകയാണെന്നും അതിന്റെ വിതരണം ദിനേശിന് ചെയ്യാമോ എന്നറിയാനാണ് വിളിച്ചത്. മോഹൻലാൽ നായകനായി സിബി മലയിലിന്റെ സംവിധാനം, തിരക്കഥ ലോഹിതദാസിന്റേത്. ആ സമയത്ത് സാമ്പത്തികമായി ഇത്തിരി പ്രയാസത്തിലാണെങ്കിലും ദിനേശ് പണിക്കർ അത് സമ്മതിച്ചു. കാരണം സ്റ്റാലിൻ ശിവദാസ് എന്തായാലും തിയേറ്ററിൽ വിജയമാകും. അപ്പോഴേക്കും മോഹൻലാൽ പടം തുടങ്ങുന്നു എന്നു പറയുന്നത് എല്ലാം കൊണ്ടും നല്ലതാണ്. അങ്ങനെ ആനന്ദ്  പറഞ്ഞതിൻപ്രകാരം ചെന്നൈയിൽ മോഹൻലാലിന് പത്തു ലക്ഷവും സിബിമലയിലിനും ലോഹിതദാസിനും രണ്ടുലക്ഷം വീതവും ആനന്ദിന് ഒരു ലക്ഷം രൂപയും ദിനേശ് പണിക്കർ കൈമാറി. പിന്നീട് കുറേ നാൾ ആ സ്വപ്‌നത്തിന്റെ പിന്നാലെയായിരുന്നു അദ്ദേഹം. കിരീടം പോലൊരു നല്ല സിനിമ സംഭവിക്കാൻ പോകുകയാണ് എന്നതായിരുന്നു സന്തോഷത്തിന് കാരണം. ആ സിനിമയുടെ നിർമ്മാതാവ് കൂടിയായിരുന്നതിനാൽ ഇനി എപ്പോഴാണ് അങ്ങനെ ഒരു സിനിമ സംഭവിക്കുന്നതെന്ന് ആൾക്കാർ ചോദിച്ചു തുടങ്ങിയിരുന്നു.

dinesh panikkar 1.jpg

സിബി മലയിൽ, ലോഹിതദാസ് , മോഹൻലാൽ

സ്റ്റാലിൻ ശിവദാസ് റിലീസായി. പ്രതീക്ഷകൾ തകർന്നു, സിനിമ എട്ടുനിലയിൽ പൊട്ടി. ആ സമയത്തും ദിനേശ് പണിക്കർ തകരാത്തതിന് കാരണം പറഞ്ഞുവച്ച മോഹൻലാൽ സിനിമയിലുള്ള വിശ്വാസം കാരണമായിരുന്നു. സാമ്പത്തികാവസ്ഥ ദയനീയമായപ്പോഴും ആ പ്രതീക്ഷയായിരുന്നു മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത്. ആ സിനിമ ഫോളോ അപ്പ് ചെയ്യുന്നതിനായി സിബിയെയും ലോഹിതദാസിനെയും മോഹൻലാലിനെയും ഇടയ്‌ക്കിടെ വിളിക്കും.ഈ സിനിമ ഇറങ്ങുന്നതോടെ പിടിച്ചു നിൽക്കാം. എന്ന വിചാരത്തിലാണ് ദിനേശ് പണിക്കർ ആ ഇരുണ്ടകാലത്ത തള്ളി നീക്കിയത്. അതിനിടെ തിരക്കഥ എഴുതാൻ ബാംഗ്ളൂരിൽ പോകാമെന്ന ആശയം ലോഹിതദാസ് പറഞ്ഞു. നാട്ടിലിരുന്ന് എഴുതുമ്പോൾ കാണാനെത്തുന്നവരുടെ ബഹളം കാരണം എഴുത്ത് നടക്കുന്നില്ല. അങ്ങനെ സിബി മലയിലിനും ലോഹിതദാസിനും ബാംഗ്ളൂരിൽ പോകാനുള്ള ഏർപ്പാട് ചെയ്‌തു. പോകുന്ന ദിവസം രാവിലെ കാർ ആലുവയിലെ ലോഹിതദാസിന്റെ വീട്ടിലെത്തി. വീട്  പൂട്ടിക്കിടക്കുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ആർക്കും അറിയില്ല. ആ സമയത്താണ് ലോഹിതദാസ് സിബി മലയിലിന് എഴുതിയ ഒരു കത്ത് അടുത്തുള്ളയാൾ കൊണ്ടു കൊടുക്കുന്നത്. ഈ സ്ക്രിപ്റ്റ് എഴുതുന്നില്ല എന്നറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു. സീലൈൻ റഫീക്ക് എന്ന പ്രൊഡ്യൂസർക്ക് വേണ്ടി ഓണത്തിന് വേണ്ടി ഒരു സിനിമയ്‌ക്ക് തിരക്കഥ എഴുതുകയാണിപ്പോൾ എന്നായിരുന്നു കത്തിന്റെ ചുരുക്കം. റഫീക്ക് സിംഗിൾ പേയ്മെന്റായി വലിയൊരു പ്രതിഫലം ലോഹിക്ക് നൽകും. ആ സമയത്ത് വീട് പണിത് വലിയ ബഡ്‌ജറ്റായി കടങ്ങളും മറ്റുമായി വലിയ പ്രതിസന്ധിയിലായിരുന്നു ലോഹിതദാസ്. അതുകൊണ്ടാവണം വാക്ക് മാറ്റി ഈ പ്രതിഫലത്തിലേക്ക് വീണതെന്നും അദ്ദേഹം പറയുന്നു.

dinesh panikkar 3.jpg

ദിനേശ് പണിക്കർ

ബാംഗ്ളൂരിൽ പോകുന്നു കഥ റെഡിയാകുന്നു, ലാലിനെ കേൾപ്പിക്കുന്നു, ഷൂട്ടിംഗ് തുടങ്ങുന്നു, എല്ലാ സ്വപ്‌നങ്ങളും ഒറ്റനിമിഷം കൊണ്ട് തവി‌‌ട‌ു പൊ‌ടിയായി. ലോഹിതദാസിന്റെ അവസ്ഥ മനസിലാകുന്നുണ്ടെങ്കിലും വാക്ക് പറഞ്ഞു വഞ്ചിച്ചതു പോലുള്ള ഒരു മനപ്രയാസമായിരുന്നു സിബിക്കും ആനന്ദിനും ദിനേശ് പണിക്കർക്കും. അതോടെ ആ സിനിമ അവസാനിച്ചു. ദിനേശ് പണിക്കർക്ക് മാത്രമല്ല, മലയാള സിനിമയ്‌ക്കുപോലും ഈ സംഭവം വലിയൊരു നഷ്‌ടമായി. അതിനുശേഷം ലോഹിതദാസിന്റെ പേനയിൽ സിബി മലയിലിന്റെ കാഴ്‌ചയിൽ മറ്റൊരു സിനിമ ഉണ്ടായില്ല. എത്രയോ നല്ല സിനിമകൾ, വീണ്ടും വീണ്ടും കണ്ടു കൊണ്ട് സന്തോഷിക്കുകയും വേദനിക്കുകയുമൊക്കെ ചെയ്യേണ്ടിയിരുന്ന സിനിമകൾ ആ വാക്ക് മാറ്റത്തിനിടെ സംഭവിച്ചു. തി​രക്കഥ ലോഹി​തദാസ്, സംവി​ധാനം സി​ബി​ മലയി​ൽ എന്നു  സ്ക്രീനി​ൽ തെളി​യുമ്പോൾ പ്രതീക്ഷയോടെ സി​നി​മയി​ലേക്ക് നോക്കി​യി​രി​ക്കാൻ മലയാളി​കൾക്ക് പിന്നീട് ഭാഗ്യമി​ല്ലാതെ പോയി​.

 

സാമ്പത്തികമായി അത്രയും താഴ്‌ന്നുപോയ പിന്നീടുള്ള ജീവിതത്തിൽ മോഹൻലാലിന് നൽകിയ പത്തുലക്ഷം അഡ്വാൻസ്  ദിനേശ് പണിക്കർ ചെന്നൈയിലെത്തി തിരിച്ചു വാങ്ങി. ചോദിച്ചയുടനെ തന്നെ ഒരു മടിയും കൂടാതെ ലാൽ ആ അവസ്ഥ മനസിലാക്കി കൊണ്ട് അറേഞ്ച് ചെയ്‌തു നൽകി. ലോഹിതദാസിനെ ഷൊർണൂരിലെ ടി.ബിയിൽ ഒരിക്കൽ ചെന്നു കണ്ടു. അപ്പോഴും രണ്ടുപേർക്കുമിടയിൽ സ്‌നേഹത്തിന് കുറവുണ്ടായില്ല. തന്റെ  അവസ്ഥ പറഞ്ഞു അന്ന് നൽകിയ അഡ്വാൻസ്  തിരിച്ചു ചോദിച്ചപ്പോഴും ലോഹിതദാസിന്റെ മുഖം വാടിയില്ല. കസ്‌തൂരിമാൻ, സൂത്രധാരൻ എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർമാരോട്  പറഞ്ഞു അന്നത്തെ കാശിൽ നിന്നും കുറച്ച് വാങ്ങി കൊടുത്തു. ബാക്കിയും അങ്ങനെ കുറച്ചു കുറച്ചായി പലതവണ ദിനേശ് പണിക്കർക്ക് നൽകി. അന്നത്തെ ഏറ്റവും മുന്തിയ വാഹനം മാരുതി എസ്റ്റീമായിരുന്നു ദിനേശ് പണിക്കർ ഓടിച്ചു കൊണ്ടിരുന്നത്. കടം വന്നപ്പോൾ ആ വാഹനം വിറ്റു. തരാനുള്ള കാശില്ലെങ്കിൽ ലോഹിതദാസിന്റെ കയ്യിൽ രണ്ടു കാർ ഉണ്ടെങ്കിൽ ഒരെണ്ണം തരുമോ എന്ന് ചോദിക്കാമെന്ന് വിചാരിച്ചു. അന്ന് ഫിയറ്റായിരുന്നു ലോഹിയ്‌ക്ക്. എന്നിട്ടുപോലും താൻ അതെടുത്തോ എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ലോഹിതദാസ് പറഞ്ഞു. പക്ഷേ, ദിനേശ് പണിക്കർ അത് സമ്മതിച്ചില്ല. സിനിമ എന്ന ലോകത്തിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടാണ് ദിനേശ് പണിക്കർ ഈ അനുഭവം പങ്കുവച്ചത്. സിനിമയുടെ ലോകം അങ്ങനെയാണ്, ഒരി​ക്കലും വിചാരിക്കാത്തവർ നമുക്ക് വേണ്ട സഹായങ്ങൾ നൽകും, കൂടെ നിൽക്കുമെന്ന് കരുതുന്നവർ മാറി നടക്കും.അതാണ് സി​നി​മ, ജീവി​തം പോലെ തന്നെ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment