കണക്കില് ദ്വിമാന സമവാക്യം കൃത്യമായി പറഞ്ഞതിന്റെ പേരിൽ കടുവാ മാഷിന്റെ അഭിനന്ദനം അതിരു കവിഞ്ഞതും ബാലു ഇരിക്കുന്ന ബഞ്ച് തോമസ് ചാക്കോ തുടച്ച് കൊടുത്തതുമായ രംഗമോർക്കുന്നുണ്ടാവും. തെറ്റൊന്നും ചെയ്യാഞ്ഞിട്ടും മിടുക്കനായതിന്റെ പേരിൽ മാത്രം തോമസ് ചാക്കോയുടെ കോമ്പസിന്റെ കുത്ത് കൈവെള്ളയിലേറ്റ് വാങ്ങിയ ബാലു അന്ന് കണക്കിനു മിടുക്കനായിരുന്നത് പോലെ ഇന്നും കണക്കിൽ മിടുക്കനായി സ്വന്തമായി ഒരു വെൽത്ത് മാനേജ്മെന്റ് കമ്പനി നടത്തുകയാണ്.
പാലക്കാട് സ്വദേശിയായ ഷാഹിനാണ് ബാലുവിന്റെ വേഷം അവതരിപ്പിച്ചത്. വി എൻ എ അസീസിന്റെയും ( ലേറ്റ് ) സഫീന അസീസിന്റെയും മകനായി തൃശൂരിൽ ജനിച്ച ഷാഹിൻ, സ്കൂൾ പഠനം പാലക്കാട് ഭാരത് മാതാ സ്കൂളിലും, പ്രീഡിഗ്രി വിക്റ്റോറിയ കോളേജിലുമായിരുന്നു. കോയമ്പത്തൂർ നിന്നും ബി എസ് സി വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചെങ്കിലും കണക്കിന്റെ വഴിയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. എം ബി എസ് ബംഗളൂരിൽ നിന്നും ബിസിനസ് അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ പൂർത്തിയാക്കിയ ഷാഹിൻ ബംഗളൂരിൽ സ്വന്തമായി ഒരു ധനകാര്യ സ്ഥാപനം നടത്തുകയാണ്. ഭാര്യയും മകളും അടങ്ങുന്നതാണ് ഷാഹിന്റെ കുടുംബം.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാഹിൻ സ്ഫടികത്തിൽ അഭിനയിക്കുന്നത്. സിനിമയിൽ മറ്റ് മുൻപരിചയങ്ങളോ മറ്റോ ഇല്ലാത്ത ഷാഹിൻ തന്റെ അമ്മാവൻ സുലൈമാൻ വഴിയാണ് സ്ഫടികത്തിലേക്ക് എത്തുന്നത്. സംവിധായകൻ ഭദ്രനിലേക്കെത്തിയ ഷാഹിനെ ഓഡീഷൻ പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലെ ചാക്കോമാഷിന്റെ പ്രിയ ശിഷ്യനായ മിടുക്കൻ ബാലു എന്ന റോളിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ചാക്കോമാഷ് എന്റെ തന്തയല്ലടാ നിന്റെ തന്തയാണെന്ന് പറഞ്ഞ് ഒടുവിൽ ആടു തോമയായ തോമസ് ചാക്കോയുടെ കോമ്പസിന്റെ കുത്തുമേറ്റ് കരയുന്ന മുഖം സിനിമയിൽ പലരും ഓർത്ത് വയ്ക്കുന്ന രംഗങ്ങളിലൊന്നാണ്.
മറ്റ് സിനിമാബന്ധങ്ങളോ സിനിമയിൽ താല്പര്യങ്ങളോ ഇല്ലാത്ത ഷാഹിന് സ്ഫടികത്തിന്റെ 150 ദിവസം സെലിബ്രേഷനിൽ പങ്കെടുത്തതാണ് സിനിമാ രംഗത്തെ ഏറ്റവും ഒടുവിലെ പരിചയം.
കിരൺ സെബാസ്റ്റ്യൻ
ബോർഡിൽ കടുവ എന്നെഴുതി അവസാനം ചാക്കോമാഷിന്റെ അടി വാങ്ങി, ദ്വിമാന സമവാക്യം ബബ്ബബ്ബ അടിച്ച അന്നത്തെ താരം കിരൺ സെബാസ്റ്റ്യനാണ്. അഴകിയ രാവണനിൽ മമ്മൂട്ടിയുടെ ബാല്യകാലമായ കുഞ്ഞിരാമനുൾപ്പടെ നിരവധി സിനിമകളിലെ ബാല കൗമാര താരമായി വന്നിട്ടുണ്ട് കിരൺ.
കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശിയാണ്. സിനിമാ പ്രവർത്തകനായ കെ ജെ സെബാസ്റ്റ്യന്റെയും മോളിയുടെയും മൂന്ന് മക്കളിൽ ഇളയതായി 1981 ഡിസംബർ 19ന് ജനനം. കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നതിനാൽ സ്കൂളിംഗ്, കോളേജ് എന്നതൊക്കെ ചെന്നൈയിൽ നിന്ന് തന്നെ പൂർത്തിയാക്കി. മോണോ ആക്റ്റ്, മിമിക്രി, നാടകം തുടങ്ങിയ കലാ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂൾ തലത്തിൽ 1990ലെ സബ് ജില്ലാ കലാപ്രതിഭയായിരുന്നു. കടലോരക്കാറ്റ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ ബാല്യം അവതരിപ്പിച്ച് കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് നക്ഷത്രക്കൂടാരം, ചുക്കാൻ, സ്ഫടികം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ നിരവധി മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ടു.
കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും തുടർന്ന് കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയ കിരൺ തുടർന്ന് ഖത്തറിൽ നിരവധി വർഷങ്ങൾ ജോലി ചെയ്തു. 2008ലെ ഒരു വെക്കേഷൻ കാലയളവിൽ വിനീത് ശ്രീനിവാസൻ നായകനായ സൈക്കിൾ എന്ന സിനിമയിൽ എ/സി മെക്കാനിക്കിന്റെ വേഷമിട്ടു. സിനിമ കൂടാതെ ബോയ്സ് എന്ന മലയാളം, ഫ്രണ്ട്ഷിപ്പെന്ന തമിഴ് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. എവിഎമ്മിന്റെ ചിന്ന ചിന്ന ആശൈ എന്ന തമിഴ് സീരിയലും, സ്വന്തം മാളൂട്ടി എന്ന മലയാളം സീരിയലിലും വേഷമിട്ടിരുന്നു. ബ്രീസ്, മലയാള മനോരമ, പ്രീമിയർ ചപ്പത്സ് തുടങ്ങിയ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ പിങ്കിക്കും മൂന്ന് മക്കൾക്കുമൊപ്പം പാലായിൽ താമസിക്കുന്നു. കിരണിന്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ എന്ന സെബാൻ ദീർഘകാലം മലയാള സിനിമയിൽ അഭിനേതാവായും സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു.
തോമസ് ചാക്കോയുടെ ഇരുമ്പ് തരികളും കാന്തശക്തിയും കണ്ട് കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു വിദ്യാർത്ഥി അനൂപാണ്. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരനാണത്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുന്നു. പിന്നീട് ഒരു സിനിമയിലും വേഷമിട്ടിട്ടില്ല എങ്കിലും സ്ഫടികം റീ-റിലീസ് ചെയ്യുമ്പോൾ അതിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ മായാതെ മനസിൽ സൂക്ഷിക്കുന്ന അനൂപ് വര്‍ഷങ്ങളായി യുഎഇയില്‍ തന്നെയാണ് താമസവും.