ചാക്കോച്ചനിട്ട് പൊട്ടിച്ച ശ്രീകാന്ത് ചിക്കു

Profiles

2018 ൽ ഫ്ലവേഴ്സ് ചാനലിൻ്റെ കോമഡി ഉത്സവത്തിലെ മിമിക്രി കോമ്പറ്റീഷനിൽ വന്ന് കമുകറ പുരുഷോത്തമനെ അനുകരിക്കാൻ കഴിയാതെ ട്രോള് വാങ്ങിയ ഒരു പൈയ്യനുണ്ട്. ആൾക്ക് കിട്ടിയ ജഗതി പറയുന്ന ആ ട്രോൾ ഇങ്ങനെ ആയിരുന്നു.. “ഇനിയീ പരിസരത്തെങ്ങാനും കണ്ടുപോയാൽ എറിഞ്ഞ് കൊന്ന് കളയും ഞാൻ...!“

ഇനി, നാലു വർഷങ്ങൾക്ക് ശേഷം 2022 ൽ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ നാട്ടുകാരനായിട്ടുള്ള ‘സ്കെൽറ്റനോ‘ട് മജിസ്ട്രേറ്റ് പറയുന്ന ഡയലോഗ്ഗ് ശ്രദ്ധിക്കുക... “ആ കിങ്ങിണിയെ പിടിച്ച് പുറത്താക്ക്..!“

രണ്ടിടത്തു നിന്നും ഒരേ അർത്ഥത്തിൽ ഡയലോഗ് കേൾക്കുന്ന ആ താരമാണ് ശ്രീകാന്ത് ചീക്കു. ‘ന്നാ താൻ കേസ് കൊട്‘ സിനിമയിൽ വ്യത്യസ്തനായ നാട്ടുകാരനായി വന്ന്, കിട്ടിയ അവസരത്തിൽ കൊഴുമ്മൽ രാജീവനിട്ട് ചാടിയൊരെണ്ണം പൊട്ടിച്ച സ്കെലറ്റൻ. 

ഡിഗ്രിയും കഴിഞ്ഞ്, കലാ രംഗത്ത് പ്രവർത്തിക്കുന്നതിനിടെയാണ് ശ്രീകാന്ത് ചീക്കുവിന് തൻ്റെ ചിരകാലഭിലാഷമായ സിനിമയിലേക്ക് അവസരമൊരുങ്ങിയത്. ഒഡീഷനിൽ പാസായി, സെലക്റ്റായി, സിനിമയിറങ്ങി, ഹിറ്റായി, ശ്രീകാന്ത് നാട്ടിൽ താരവുമായി. ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചു എന്നതിലുപരിയായി ചാക്കോച്ചനൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നത് ഇരട്ടിമധുരം നൽകുന്നതാണ് എന്ന് ശ്രീകാന്ത് പറയുന്നു.

സിനിമയിലേക്കെത്തും മുൻപേ ശ്രീകാന്ത് നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. യുവശക്തി അരവത്തിന്റെ നാടകത്തിലൂടെയാണ് നാടകപ്രവർത്തനം തുടങ്ങിയത്. ഇരുട്ട് (Ev ഹരിദാസ് ഡയറക്ടർ), വാലിയന്ററ്, ദ്രൗപതി, ബയലാട്ടം ( സതീഷ് പനയാൽ ഡയറക്ടർ), സ്വതന്ത്ര നായ (ഗിരീഷ് പി.സി പാലം ഡയറക്ടർ), ശൈത്യകാലം (ശ്രീനാഥ് നാരായണൻ ഡയറക്ടർ) ഇങ്ങനെ നീളുന്നു ശ്രീകാന്ത് അഭിനയിച്ച നാടകങ്ങളുടെ ലിസ്റ്റ്. ശൈത്യകാലം‘ നാടകത്തിന് 2021-ൽ ഉത്തർപ്രദേശിലെ ലക്നൗവിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

മുന്നോട്ട് മലയാളസിനിമയിൽ കൂടുതൽ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്ന ശ്രീകാന്ത് ചീക്കു കാസർകോട് ജില്ലയിൽ ബേക്കൽ കോട്ടക്ക് അടുത്ത് അരവത്ത് നിന്നുള്ളയാളാണ്.