മഹേഷ് ഭാവനയ്ക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല എന്നറിയിച്ചു കൊണ്ട് തുടങ്ങട്ടെ..,
Early 90's, Y2K
"ശ്രീരാജ് കളർ വിഷൻ"..!! തലയോലപ്പറമ്പ് നിവാസികൾ ചിലരുടെയെങ്കിലും പാസ്‌പോർട്ട് സൈസ് ഫോട്ടോ മുതൽ തുടങ്ങി.., പിറന്നാൾ.., കല്യാണം മുതൽക്ക് മിക്ക ചടങ്ങുകളുടെയും ഫോട്ടോഗ്രാഫി/വിഡിയോഗ്രാഫി കവർ ചെയ്തിരുന്ന ശ്രീ. രാജൻ പൊതിയുടെ സ്റ്റുഡിയോ..!! മനസ്സിൽ നിറയെ സിനിമയെന്ന വലിയ കാൻവാസ് സ്വപ്നം കണ്ടിരുന്ന രാജന്റെ സിനിമാസ്വാദനം പക്ഷെ കൊട്ടകകളിലും മറ്റുമായി ഒതുങ്ങിപ്പോയത്രേ..!! സഫലമാവാത്ത തന്റെ മോഹം രാജൻ കുഴിച്ചു മൂടിയത്രെ..!!
*****
ക്യാമറയോടുള്ള തന്റെ അഭിനിവേശത്തിന്റെ യാതൊരംശവും ആ പ്രായത്തിലും തന്റെ മകനിലില്ല എന്ന് മനസ്സിലാക്കുന്ന രാജൻ, മകനെ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുവാൻ തന്നെ തീരുമാനിക്കുന്നു..!! താൻ ഒരുക്കിക്കൊടുക്കുന്ന ഫ്രെയിമിലേക്ക് നോക്കി.., വെറുതെ ഒന്ന് ക്ലിക്ക് ചെയ്താൽ മതി എന്നയാൾ മകനോട് പറയുന്നു..!! അച്ഛനെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാവാം.., മകൻ ശ്രീരാജ് അതനുസരിക്കുന്നു..!! ഫോട്ടോഗ്രാഫി എന്നാൽ മികച്ച ഒരു ഫ്രെയിം സൃഷ്ടിച്ചു അതിലേക്ക് പടം പതിപ്പിക്കൽ എന്ന "നിസാരകാര്യ"മാണെന്ന് മനസ്സിലാക്കിയ ശ്രീരാജ്, താനൊരു മികച്ച ഫോട്ടോഗ്രാഫർ ആയെന്ന് സ്വയം തീരുമാനിക്കുന്നു..!! കൂട്ടുകാരുടെ ഇടയിൽ "തനിക്കിതിനെ പറ്റി വല്യ ധാരണയൊന്നുമില്ല" എന്ന കാര്യം സമർഥമായി മറച്ചു വച്ചു കൊണ്ട് അവർക്കിടയിൽ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആയി സ്വയം പേരെടുക്കുന്നൂ, അയാൾ..!!
ഷോർട്ട്ഫിലിം പിടുത്തം കൊടുമ്പിരി കൊണ്ടു തുടങ്ങിയ കാലം..!! കൂട്ടുകാരൊക്കെ കൂടി ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തീരുമാനിക്കുന്നു..!! ക്യാമറാമാൻ ആയി രാജൻ മകൻ ശ്രീരാജ് മതി എന്നവർ ഉറപ്പിക്കുന്നു..!! അറിവില്ലായ്മ എന്ന തന്റെ അഹങ്കാരം മറച്ചു വച്ചു കൊണ്ട് തന്നെ അവര് കൊടുത്ത DSLR ക്യാമറ കയ്യിലെടുക്കുന്നൂ, ശ്രീരാജ്..!! കളറ് പടം എവിടെ എങ്ങനെ പതിയും എന്നൊക്കെ മനസ്സിൽ ചിന്തിച്ച്, ക്യാമറ തിരിച്ചും മറിച്ചും നോക്കി, കൂട്ടുകാരോട് "ക്യാമറയുടെ പ്രവർത്തന രീതികളെ പറ്റി കൂടുതൽ പഠിച്ചിട്ട് ചെയ്യാം" എന്ന് പറഞ്ഞു പിരിയുന്നൂ.., അയാൾ..!! വീട്ടിലെത്തിയ ശ്രീരാജ്, നേരം വൈകി എത്തുന്ന അച്ഛന് വേണ്ടി കാത്തിരിക്കുന്നു..!! പതിവിന് വിപരീതമായി മകൻ തന്നെ കാത്തിരിക്കുന്നത് ശ്രദ്ധിച്ച അച്ഛൻ രാജന് മുന്നിൽ ശ്രീരാജ് ആയുധം വച്ചു കീഴടങ്ങുന്നൂ., ക്യാമറയുടെ സാങ്കേതികതയെപ്പറ്റി ചോദിച്ചു മനസ്സിലാക്കുന്നു..!! "ഇവനിതൊന്നും അറിഞ്ഞൂടെ.." എന്നന്തം വിട്ട അച്ഛനുമുന്നിൽ അനുസരണയുള്ള ഒരു ശിഷ്യനായി മാറുന്നൂ, ശ്രീരാജ്.!!
*******
2013
ഗോവയുടെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന "ഡേവിഡ്" എന്ന ചിത്രം പതിവ് സിനിമാസ്വാദനത്തിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി തിയേറ്ററിൽ റിലീസാവുന്നു..!!
*****
2014
തന്റെ ആദ്യത്തെ ഷോർട്ട് ഫിലിം ശ്രീരാജിന് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു..!! താൻ പഠിച്ചത് പ്രാവർത്തികമാക്കുവാനുള്ള ആ ചെറുപ്പക്കാരന്റെ സ്ഥിരോത്സാഹത്തിന് തടസ്സം പറയുന്ന അമ്മ രാജേശ്വരി, മകൻ MBA പഠിച്ചു ബാങ്ക് ഉദ്യോഗസ്ഥനാവണം എന്ന് നിർബന്ധം പിടിക്കുന്നു..!! തനിക്ക് സിനിമാറ്റൊഗ്രാഫർ ആയാൽ മതി എന്ന് മകൻ അച്ഛനോട് പറയുന്നു..!! തനിക്ക് സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കണം എന്ന ഏതൊരച്ഛന്റെയും ആഗ്രഹം രാജനും ഉണ്ടായിരുന്നുവെങ്കിലും അമ്മയുടെ ആഗ്രഹം പോലെ MBA പൂർത്തിയാക്കുവാൻ അച്ഛൻ മകനെ സ്നേഹപൂർവം നിർബന്ധിക്കുന്നു..!! സിനിമ എന്ന മാരീചൻ ജീവിതം കളയരുതല്ലോ..!! MBA എൻട്രൻസ് പരീക്ഷ എഴുതാൻ പോയ ശ്രീരാജിനെ പക്ഷെ "ഈയോബിന്റെ പുസ്തകം" തട്ടിക്കൊണ്ടുപോവുന്നു..!! തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന സെമസ്റ്റർ പരീക്ഷകളും "ഈയോബിന്റെ പുസ്തക"ത്തിൽ തന്നെ കലാശിച്ചു..!! അങ്ങനെ MBA ഖുദാ ഗവാ..!! മകന്റെ തീവ്രമായ സിനിമാ ആഗ്രഹത്തിന് കൂടുതൽ തടസ്സം നിൽക്കാതെ അവർ അവനെ സിനിമറ്റൊഗ്രാഫി പഠിക്കുവാൻ അയക്കുന്നു..!! ചെന്നൈ "മൈൻഡ് സ്ക്രീൻ" എന്ന സ്ഥാപനത്തിൽ ചേർന്ന് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തുന്നൂ ശ്രീരാജ്..!! ഏതെങ്കിലും ഒരു സിനിമറ്റൊഗ്രാഫറിന്റെ അസിസ്റ്റന്റ് ആവാനുള്ള ശ്രമങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്തി പലരെയും സമീപിക്കുന്നുവെങ്കിലും തനിക്കനുകൂലമായ ഒരു സാഹചര്യമല്ലായിരുന്നു ശ്രീരാജിന് മുന്നിൽ..!!
ഒരുനാൾ.., തികച്ചും അപ്രതീക്ഷിതമായി, പ്രശസ്‌ത സിനിമറ്റൊഗ്രാഫർ ശ്രീ അഴകപ്പൻ, തന്റെ അടുത്ത പടത്തിലേക്ക് അസിസ്റ്റന്റ് ആയി ശ്രീരാജിനെ വിളിക്കുന്നു..!! അങ്ങനെ ശ്രീ, അഴകപ്പനൊപ്പം "ആകാശമിഠായി" എന്ന എം. പദ്മകുമാർ ചിത്രത്തിന്റെ ഭാഗമാവുന്നൂ, ശ്രീരാജ്..!!
2017
കഥാപാരമായും സാങ്കേതികമായും ഏറെ ശ്രദ്ധിക്കപ്പെട്ട, "വിക്രം വേദ" എന്ന ചിത്രം തമിഴിൽ റിലീസ് ആവുന്നു..!!
*****
2018
അഴകപ്പനൊപ്പം "അങ്കിൾ" എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നൂ, ശ്രീരാജ്..!! തുടർന്ന് "സ്വർണ്ണമത്സ്യങ്ങൾ" എന്ന ചിത്രത്തിലും അസോസിയേറ്റ് ചെയ്യുന്നു..!!
മൂന്ന് ചിത്രങ്ങൾക്ക് ശേഷം സ്വതന്ത്രമായി ഒരു ഡോകുമെന്ററി ചെയ്യുവാൻ ശ്രമിക്കുന്ന ശ്രീരാജ്, ജോലിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് പോകുന്നു..!!
******
2019
"സൂപ്പർ ഡീലക്‌സ്" എന്ന തമിഴ് ചിത്രം റിലീസ് ആവുന്നു..!!
*****
2019
കൂടുതൽ അവസരങ്ങൾ ഒന്നും തനിക്ക് വരുവാനില്ല എന്നു മനസ്സിലാക്കുന്ന ശ്രീരാജ്.., ഏതെങ്കിലും അഡ്വർടൈസിംഗ് ഏജൻസിയിൽ ജോലിയിൽ പ്രവേശിക്കുവാൻ തീരുമാനിക്കുന്നു..!! തന്റെ സിനിമാമോഹങ്ങൾ പോലെ തന്നെ മകന്റെയും സിനിമാ മോഹങ്ങൾ അസ്തമിക്കുകയാണ് എന്ന് മനസ്സിലാക്കുമ്പോഴും, മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുവാൻ അവനു കഴിഞ്ഞല്ലോ എന്നാശ്വസികുന്നൂ, രാജൻ..!!
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയ്റക്ഷനിൽ പഠനം പൂർത്തിയാക്കിയ കൂട്ടുകാരിയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയം.., മുമ്പ് മുട്ടിയ വാതിലുകൾ ഓരോന്നായി വീണ്ടും മുട്ടുവാൻ തന്റെ പ്രിയപ്പെട്ടവന്റെ മനസ്സറിയുന്നവളായ, സിനിമാമോഹങ്ങൾ മനസ്സിലുള്ള.., ശ്രീരാജ് ചെയ്ത ഡോക്യൂമെന്ററിയുടെ സംവിധായികയും കൂടിയായ വർഷ നിർബന്ധിക്കുന്നു..!! അവരുടെ നിർബന്ധത്തിന് വഴങ്ങുന്ന ശ്രീരാജിന് മുന്നിൽ പ്രതീക്ഷയുടെ പുതിയൊരു വാതിൽ തുറക്കപ്പെടുന്നു..!!
2020
"അലാ വൈകുണ്ഠപുരമുലോ.." എന്ന അല്ലു അർജുൻ ചിത്രം തെലുഗു ഇൻഡസ്ട്രി അന്നോളം കണ്ടിട്ടില്ലാത്ത ബോക്‌സ് ഓഫിസ് ഹിറ്റ് ആകുന്നു..!!
2021
തെലുങ്കിൽ വൻ ഹിറ്റ് ആയി മാറിയ "വക്കീൽ സാബ്" എന്ന ചിത്രവും ഹിന്ദിയിൽ"അറ്റാക്ക്" എന്ന ജോൺ അബ്രഹാം ചിത്രവും റിലീസ് ആവുന്നു..!!
2022
സൂപ്പർ ഹിറ്റുകളുടെ പട്ടികയിലേക്ക് "സീതാരാമം" എന്ന പേര് കൂടി ഉൾപ്പെടുമ്പോൾ.., കേവലമൊരു സാധാരണ മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ പറ്റാത്തത്ര ദൃശ്യവിസ്മയം തീർക്കുന്ന സിനിമ എന്ന സ്പെക്ട്രം ആരെയും വിസ്മയിപ്പിക്കുന്നതാണ് എന്നു പറയുന്നതിലെ ഔചിത്യം പൂർണമാവുന്നു..!!
എൺപതുകൾക്ക് മുമ്പുള്ള ഒരു കാലഘട്ടം ചിത്രീകരിക്കപ്പെടുമ്പോൾ.., കാലഘട്ടം ആവശ്യപ്പെടുന്ന ഓരോ മൈന്യൂട്ട് ഡീറ്റെയ്ലിങ്ങും പ്രേക്ഷകനിൽ എത്തിക്കുവാൻ അണിയറപ്രവർത്തകർ ബാധ്യസ്ഥരാണ്..!! സീതാ മഹാലക്ഷ്മിക്കും റാമിനും ഒപ്പം സഞ്ചരിക്കുന്ന ഓരോ പ്രേക്ഷകനും അവർ കടന്നു പോയിട്ടുള്ള ഓരോ ഫ്രെയ്മിലും അവർക്കൊപ്പം ജീവിച്ചു എന്നു തന്നെ വേണം പറയുവാൻ..!! ഒരുവേള താനാണ് റാം/സീത എന്ന് കാണുന്നയാളെകൊണ്ട് ഫീൽ ചെയ്യിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് സാധ്യമാക്കിയത് ചിത്രത്തിന്റെ ഛായാഗ്രഹണമാണ്..!! ചില ചിത്രങ്ങൾ അങ്ങനെയാണ്..!!! മനസ്സിലാകെ നിറഞ്ഞു നിൽക്കും..!! ചിത്രങ്ങൾ ചലച്ചിത്രങ്ങളാവുമ്പോ ഓരോ ചലനവും മനസ്സിൽ മായാതങ്ങനെ ഉറയ്ക്കും..!! ഇമചിമ്മാതെ നോക്കിയിരിക്കുവാൻ പ്രേരിപ്പിക്കും..!! വീണ്ടും വീണ്ടും കാണുവാൻ മോഹിപ്പിക്കും..!! കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ വീണ്ടും വീണ്ടും കാണുവാൻ മോഹിപ്പിക്കുന്ന.., ഓരോ കാഴ്ചയിലും പുതുമകൾ സമ്മാനിക്കുന്ന മനോഹരങ്ങളായ ഫ്രെയ്മുകൾ തീർത്ത ഛായാഗ്രാഹകരിൽ ഒരാളാണ് ശ്രീ പി. എസ്. വിനോദ്..!! ഒരു ഡയറക്ടർ മനസ്സിൽ കാണുന്ന സിനിമയെ പ്രേക്ഷകന് കാട്ടിക്കൊടുക്കുന്ന ആളാണ് സിനിമാറ്റൊഗ്രാഫർ..!! നല്ലൊരു സിനിമാറ്റൊഗ്രാഫർ ഒപ്പമുള്ളത് ഏതൊരു ഡയറക്ടർക്കും അഭിമാനമാണ്.., ആശ്വാസമാണ്..!! അങ്ങനെയൊരു സിനിമറ്റൊഗ്രാഫർക്കൊപ്പം അസോസിയേറ്റ് ചെയ്യുക എന്നത് ഒരു നിയോഗവും..!!
ശ്രീരാജ് എന്നൊരു സിനിമറ്റൊഗ്രാഫർക്കൊപ്പം യാത്ര ചെയ്തപ്പോൾ ഇടയ്ക്കിടയ്ക്ക് സൂചിപ്പിച്ച ചില റിലീസ് ചിത്രങ്ങളിൽ (വൈകുണ്ഠപുരം മുതൽക്ക്) പി. എസ്. വിനോദിനൊപ്പം പ്രവർത്തിച്ചത് തലയോലപ്പറമ്പിലെ അതേ "ശ്രീരാജ് കളർ വിഷൻ" ഉടമ രാജൻ പൊതിയുടെ മകൻ ശ്രീരാജ് രാജനാണ്..!! റിലീസിനൊരുങ്ങുന്ന "വിക്രം വേദ"യുടെ ഹിന്ദി പതിപ്പിന്റെയും ഭാഗമാണ് ശ്രീരാജ്..!! കേരളാ സർക്കാരിന് വേണ്ടിയുള്ള പരസ്യചിത്രങ്ങൾ ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളും, മ്യൂസിക് ആൽബങ്ങളും ശ്രീരാജിന്റെ ഷോ റീലിൽ ഉണ്ട്..!!രാജൻ പൊതിക്ക് അഭിമാനിക്കാം.., ശ്രീരാജ് രാജന്റെ അച്ഛനായി അറിയപ്പെടാൻ പോകുന്നതിനെക്കുറിച്ചോർത്ത്..!!
വാൽക്കഷണം : ശ്രീരാജിന്റെ അനുജൻ ശ്രീശങ്കർ മികച്ച നർത്തകനും ഒന്ന് രണ്ട് മലയാളചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുള്ള ആളുമാണ്..!!