മലയാളത്തിന് ഒരു പുതു സംവിധായിക കൂടി വരുന്നു - സ്റ്റെഫി സേവ്യർ

Info

മേയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്നൊരു ടാഗ്‌ലൈൻ പ്രശസ്തമായ പോലെ മേയ്ഡ് ഇൻ പത്തനം‌തിട്ട എന്ന ടാഗ്‌ ലൈനെഴുതാൻ പറ്റിയ ഒരു അടിമുടി പത്തനംതിട്ട ചിത്രം വരുന്നു. പേരിതുവരെയും ഇട്ടിട്ടില്ലാത്ത ഈ സിനിമ, മലയാള സിനിമയിലെ പ്രശസ്തയായ കോസ്ട്യൂം ഡിസൈനർ സ്റ്റെഫി സേവ്യറാണ് സംവിധാനം ചെയ്യുന്നത്. മൂന്ന് പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് നേടിയ സ്റ്റെഫിയിലൂടെ മലയാളത്തിൽ ഒരു പുതിയ വനിതാ സംവിധായിക കൂടി രംഗത്തെത്തുകയാണ്.  മൈസ്റ്റോറി എന്ന ചിത്രവുമായി എത്തിയ റോഷ്നി ദിനകറും വസ്ത്രാലങ്കാരക ആയിരുന്നു എന്നതും കൗതുകമാണ്. ഷറഫുദ്ദീൻ, രജിഷാ വിജയൻ തുടങ്ങിയവരാണ് ലീഡ് റോളുകളിൽ.

വയനാട് മാനന്തവാടി സ്വദേശിനിയായ സ്റ്റെഫി ബംഗളൂരിൽ നിന്നും സയൻസിൽ ബിരുദമെടുത്ത ശേഷം ഫ്രീലാൻസ് സ്റ്റൈലിസ്റ്റായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. നിരവധി ടിവി പരസ്യചിത്രങ്ങൾക്കു സ്റ്റൈലിസ്റ്റായി വർക്ക് ചെയ്ത ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്.  തുടർന്ന് വളരെയധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്ത ശേഷമാണ് സംവിധായികയുടെ മേലങ്കിലും അണിയുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീ ത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. മഹേഷ് സിനിമകളിൽ ഗാനരചന നിർവ്വഹിക്കുന്നു, മുൻപ് അലമാര എന്ന ചിത്രത്തിന് കഥാ പങ്കാളിയുമായിരുന്നു. ജയ് വിഷ്ണു മലയാള സിനിമയിൽ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു.

Stephy-Writers.jpg

സംവിധായക സ്റ്റെഫിയും എഴുത്തുകാരായ മഹേഷ് ഗോപാലും ജയ്‌വിഷ്ണുവും
പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെടുന്ന സിനിമ നാടിന്റെ സംസ്കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള കുടുംബകഥയാണ് പറയുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

ഷറഫുദ്ദീൻ, രജിഷാ വിജയൻ എന്നിവരെ കൂടാതെ സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഖദ, ബിജു സോപാനം, ബിന്ദു പണിക്കർ, ആശാ ബൈജു എന്നിവരും മറ്റ് പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംഗീതം-ഹിഷാം അബ്ദുൾ വഹാബ്. ഛായാഗ്രാഹകൻ-ചന്ദ്രു സെൽവ രാജ്. എഡിറ്റിംഗ്-അപ്പു ഭട്ടതിരി, കലാസംവിധാനം-ജയൻ ക്രയോൺ. മേക്കപ്പ്-റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ-സനൂജ് ഖാൻ. നിർമ്മാണ നിർവ്വഹണം ഷബീർ മലവെട്ടത്ത്. പി.ആര്‍.ഒ-വാഴൂർ ജോസ്. സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Relates to: 
സ്റ്റെഫി സേവ്യർ
ഷറഫുദ്ദിൻ
രജിഷ വിജയൻ
സൈജു കുറുപ്പ്
ജയ് വിഷ്ണു
മഹേഷ് ഗോപാൽ
Comment