1970തുകളുടെ അവസാനമോ 80തുകളിലോ ഒക്കെ ജനിച്ച ഒരു ക്രിസ്ത്യാനി ആദ്യമായി റേഡിയോയിലല്ലാതെ ഓൺ ഡിമാന്റായി കേട്ട പാട്ടുകളേതാവും ? എന്റെ അനുഭവത്തിൽ അത് അക്കാലത്തിറങ്ങിയ കാസറ്റ് പാട്ടുകൾ, പ്രത്യേകിച്ചും തരംഗിണി ക്രിസ്ത്യൻ ഡിവോഷണലുകളാവാനേ സാധ്യതയുള്ളു. പള്ളിയിൽ പോവുമ്പോൾ കാസറ്റിലും റെക്കോർഡിലുമൊക്കെ കേൾക്കുന്ന പാട്ടുകൾ 90% തരംഗിണി ക്രിസ്ത്യൻ ഡിവോഷണലുകളാവണം.
ചെക്കനെ ഒരു പാട്ട് പഠിപ്പിക്കാമെന്ന് കരുതി എന്റെ അമ്മ പഠിപ്പിച്ച ആദ്യ ഗാനവും ഒരു ക്രിസ്ത്യൻ ഭക്തിഗാനം തന്നെ.
നവ്യമാമൊരു കൽപ്പന ഞാൻ
നിങ്ങൾക്കിന്നിതാ നൽകുന്നു,
തമ്മിൽത്തമ്മിൽ സ്നേഹിപ്പിൻ
നിങ്ങളെ ഞാനെന്ന പോൽ..
(തളിർമാല്യം - തരംഗിണി -1982)
ഒരു നാണവുമില്ലാതെ ഇത് ലളിതഗാനമാണെന്ന് കരുതി വലിയ ക്ലാസുകളിൽ പഠിക്കുന്നിടം വരെ സ്കൂളിലെ ലളിതഗാനമത്സരത്തിനു പാടിയതിപ്പോഴും ഓർക്കുന്നു. മനോഹരമായ ഈണങ്ങൾ ആയതിനാൽ സത്യത്തിൽ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഉള്ള അതിർവരമ്പില്ലാതെ ആളുകൾ കേട്ട് ആസ്വദിച്ച ഒരു ഗാനസംസ്കാരമായിരുന്നു തരംഗിണിയുടേതായി പുറത്തിറങ്ങിയ ഡിവോഷണൽ കാസറ്റുകൾ തന്നത്. പ്രത്യേകിച്ചും ഗംഗയാറ്, വനമാല, തുളസീതീർത്ഥം, സ്നേഹപ്രവാഹം, സ്നേഹപ്രതീകമെന്നൊക്കെയുള്ള അന്നത്തെ വൻ ഹിറ്റ് ആൽബങ്ങൾ കഴിയുന്നതും സംഗീത പ്രേമികളായ മലയാളികളൊക്കെ ഇന്നും മതബോധമൊന്നുമില്ലാതെ പരസ്പരം കേൾക്കാനും സൂക്ഷിക്കാനും ആഗ്രഹിക്കുന്ന പാട്ടുകളാണ്.
പ്രത്യേകിച്ചുമൊരു അമ്പലത്തിന്റെ തൊട്ടടുത്തായിരുന്നു എന്റെ കുട്ടിക്കാലം എന്നത് കൊണ്ട് തന്നെ രാവിലെ നാലര-അഞ്ച് മണിയുടെ തണുപ്പിൽ, അവസാന വട്ട ഉറക്കത്തിന്റെ വെലോസിറ്റി കുറഞ്ഞ് വരുന്ന സമയത്ത് അമ്പലത്തിലെ മൈക്ക് സെറ്റിലൂടെ ഒഴുകി വന്ന എം എസ് സുബ്ബലക്ഷ്മിയുടെ "കൗസല്യാസുപ്രജാ രാമപൂർവ്വാ സന്ധ്യാ പ്രവർത്തതേയും", അത് കഴിഞ്ഞ് യേശുദാസിന്റെ ഗോൾഡൻ അനുനാസിക ശബ്ദത്തിൽ വരുന്ന "ഒരേ ഒരു ലക്ഷ്യം ശബരിമാമല", "ഗംഗയാറു പിറക്കുന്നു ശബരിമലയിൽ" എന്നൊക്കെ തുടങ്ങിയ പാട്ടുകളുമൊക്കെ സ്വർഗ്ഗമായിരുന്നു. ഇന്നും കേൾക്കുമ്പോൾ പാടാനും നൊടിയിടയിൽ കുട്ടിക്കാലത്തെ ആ പുതപ്പിന്റെ അടിയിലേക്ക് അന്നത്തെ തണുപ്പ് തന്നെ ആസ്വദിച്ചൊരു ടൈം ട്രാവൽ തന്നെ നടത്താൻ പറ്റിയ ഓർമ്മൾ കൊണ്ട് വരുന്ന മാജിക്കൽ ടൂളുകളാണ് ആ പാട്ടുകൾ. ഇതൊക്കെ കൊണ്ട് തന്നെ എപ്പോഴും കാറിലെ യാത്രകളിൽ മൾട്ടിപ്പിൾ സിഡികളുടെയോ പെൻഡ്രൈവിന്റെയോ കൂട്ടത്തിൽ ഒരു സ്ഥാനം തരംഗിണി ഡിവോഷണലിനുണ്ടാവും, അതിപ്പോ ഹിന്ദുവായാലും ക്രിസ്ത്യനായാലും ആ അൽബങ്ങളുടെ സംഗീതം, ഓർക്കസ്ട്രേഷൻ, യേശുദാസിന്റെ ആലാപനത്തിന്റെ സൗഭഗം, വരികളുടെ ലാളിത്യം തുടങ്ങി അതിന്റെ റെക്കോർഡിംഗ് ഉൾപ്പടെ കേരളത്തിലുണ്ടാക്കിയ ആ സംഗീത സംസ്കാരം പലരുടെയും ചെറുപ്പകാലങ്ങളെ ചലച്ചിത്രഗാനങ്ങൾക്കൊപ്പം തന്നെ സുന്ദരമാക്കിയിട്ടുണ്ടാവും, അതിനു തരംഗിണിക്ക് കടപ്പാട് കൊടുക്കാതെ വയ്യ.
ഇതൊക്കെ ഇപ്പോൾ ഓർക്കാനൊരു കാരണമുണ്ട്. രണ്ട് ദിവസത്തിനു മുമ്പാണ് സ്നേഹിതൻ ജോർജ്ജ് വാട്സപ്പിലൊരു യൂട്യൂബ് വീഡിയോ അയച്ച് തന്നത്. ഒരു ബിഷപ്പ് പ്രസംഗിക്കുന്ന വീഡിയോ തമ്പ്‌നെയിൽ വാട്സപ്പിൽ കണ്ടപ്പോത്തന്നെ എന്തോ വചനപ്രഘോഷണമാണെന്ന് കണ്ട് നൈസായി ഒഴിവാക്കാമെന്ന് കരുതിയെങ്കിലും സഭകളെയും വിശ്വാസങ്ങളെയുമൊക്കെ ചോദ്യം ചെയ്ത് നടക്കുന്ന ജോർജ് പ്രത്യേകിച്ചുമൊരു ബിഷപ്പിന്റെ വീഡിയോ അയച്ച് തരണമെങ്കിൽ ഏന്തെങ്കിലും കാര്യമുണ്ടാവുമല്ലോ എന്നത് കൊണ്ട് തന്നെ വെറുതേ ഒന്ന് ഓടിച്ച് കണ്ടു, കേട്ടു...ചെറുതായി ഒന്ന് ഞെട്ടി.. കാരണമുണ്ട്..
തരംഗിണിയുടെ ഏറ്റവും ഹിറ്റായ ഡിവോഷണൽ ആൽബങ്ങളിലൊന്നാണ് 1984ൽ പുറത്തിറങ്ങിയ സ്നേഹപ്രവാഹമെന്ന കാസറ്റ്. പൈതലാം യേശുവേ, കർത്താവാം യേശുവേ, ദൈവം പിറക്കുന്നു മനുഷ്യനായ്, സ്നേഹസ്വരൂപാ, നായകാ ജീവദായകാ തുടങ്ങിയ ലളിതസുന്ദര സൂപ്പർഹിറ്റ് ഗാനങ്ങൾ. ഇന്നും പല പ്രാവശ്യം റിപ്പീറ്റ് കേൾവിക്ക് ഉതകുന്ന പാട്ടുകൾ ഉൾപ്പെട്ട ആൽബമാണ് സ്നേഹപ്രവാഹം.
അന്ന് മൊബൈലും ഇന്റർനെറ്റും തുടങ്ങിയ സമയം കൊല്ലി സാധ്യതകളൊന്നുമില്ലായിരുന്നതിനാൽ അതിന്റെ കാസറ്റ് കവർ മാത്രമാണ് ഈ കാസറ്റിലെ പാട്ടിനോളം മൂല്യമുള്ള ഒരു വസ്തുവും അതിന്റെ മെറ്റാ ഇൻഫർമേഷനും. ആ കവർ പല പ്രാവശ്യം തിരിച്ചും മറിച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയതിൽ നിന്നും അതിലെ പല പേരുകളും ഹൃദിസ്ഥമാണ്.
പ്രത്യേകിച്ചും ഗാനത്തിന്റെ സൃഷ്ടിയുടെ പിന്നണിയിലുള്ള ആളുകളെ തിരയുന്നത് അന്നുമിന്നും ഒരു ഹരമായിരുന്നതിനാൽ, ബിഷപ്പ് തന്റെ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ പണ്ടത്തെ പേരു പറഞ്ഞത് കേട്ടപ്പോ എന്തോ പെട്ടെന്ന് ഓർമ്മ വന്നു.
ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, സ്നേഹപ്രവാഹത്തിന്റെ രചയിതാക്കളിലെ ഒരാൾ !!
ആ കാസറ്റിലെ പാട്ടുകളുടെ രചയിതാക്കളൊക്കെ ബ്രദർ എന്ന് ചേർത്തിട്ടുണ്ട്. ബ്ര. ജോസഫ് പാറാംകുഴി, ബ്ര. ജോൺ കൊച്ചുതുണ്ടിൽ, ബ്ര. മാത്യു ആശാരിപ്പറമ്പത്ത് തുടങ്ങിയ കാസറ്റിന്റെ സംഗീത സംവിധാനം ഫാദർ ജസ്റ്റിൻ പനക്കലും. എന്താണീ ബ്രദർ ടെക്നോളജിയുടെ പിറകിലെന്നും ആ പ്രസംഗത്തിൽ നിന്ന് മനസിലായി.
അന്ന് ആലുവാ മംഗലപ്പുഴ സെമിനാരിയിൽ തങ്ങൾക്ക് ക്ലാസെടുത്തിരുന്ന ജസ്റ്റിനച്ചൻ നടത്തിയ പാട്ടെഴുത്ത് മത്സരത്തിൽ തിരഞ്ഞെടുത്ത, തങ്ങൾ വിദ്യാർത്ഥികളുടെ പാട്ടുകളാണ് സ്നേഹപ്രവാഹത്തിലെ പാട്ടുകളെന്ന് ബിഷപ്പ് പറയുമ്പോൾ ഉണ്ടായ സന്തോഷം ചില്ലറയല്ല. വളരെ വർഷങ്ങളായി ഡാറ്റാബേസുകളിൽ പേരു മാത്രമുണ്ടായിരുന്ന ഒരു ആളിനൊരു രൂപമുണ്ടായിരിക്കുന്നു. സെമിനാരിയിൽ പഠിച്ചിരുന്ന ഒരു വൈദിക വിദ്യാർത്ഥി ഇന്ന് ഒരു ബിഷപ്പായി രൂപം കൊണ്ട് ആ പാട്ടുണ്ടായ കഥ പറയുന്നു. മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷനായ യൂഹാനോൻ മാർ തിയഡൊഷ്യസായിരുന്നു അത്. എത്രയോ വേദികളിൽ ആളുകൾ ഈ പാട്ടുകൾ പാടിയിരിക്കുന്നു, ഇന്നും കേൾക്കുന്നു. ആരാണീ പാട്ടുകൾ ശരിക്കും എഴുതിയതോ സംഗീതം ചെയ്തതെന്നോ അറിയാതെ തന്നെ.
സന്തോഷത്തിന്റെ ആധിക്യം കൊണ്ട് അപ്പോൾത്തന്നെ തോന്നിയ ആഗ്രഹമാണ് എങ്കിൽ സ്നേഹപ്രവാഹത്തിലുള്ള മറ്റെല്ലാരെവരെയും തിരയണമെന്നുള്ളത്. മംഗലപ്പുഴ സെമിനാരിയിലെ സന്ദർശകനും പിന്നീട് ഒരു സെമിനാരി വിദ്യാർത്ഥിയും, പിന്നീട് അവിടെ നിന്നും പുറത്ത് വന്ന് ഒരു കുടുംബസ്ഥനും ആയി മാറിയ സുഹൃത്ത് ജോർജ് തന്നെ അക്കാര്യത്തിലും രക്ഷകനായി. ഞാൻ ഇന്റർനെറ്റിലും, ജോർജ്ജ് മംഗലപ്പുഴ സെമിനാരിയുടെ 1970-80തുകളിലെ രജിസ്റ്ററും പരിശോധിച്ച് തുടങ്ങി. ഓരോരുത്തരെയായി കണ്ടെത്തി. ഇന്റർനെറ്റിലെ വിവരങ്ങളും ആളും അത് തന്നെയാണോ എന്ന് രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങളും ഒത്ത് നോക്കി ഓരോരുത്തരെയായി ഉറപ്പ് വരുത്തി. അങ്ങനെ ബ്രദർ മാത്യു ആശാരിപ്പറമ്പിലിനെയും, ബ്രദർ ജോസഫ് പാറാംകുഴിയേയും കണ്ടെത്തി. ഇന്നവർ പല ഇടവകളിലെ സീനിയർ വൈദികരായിരിക്കുന്നു. ഇനിയുമുണ്ട് രണ്ട് പേർ, സിസ്റ്റർ മേരി ആഗ്നസ്, ഫാദർ മാത്യു മൂത്തേടം.
ജോർജ്ജ് ജസ്റ്റിൻ പനക്കൽ അച്ചനേത്തന്നെ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചു. കിട്ടിയില്ല, വൈകുന്നേരം ഒന്ന് കൂടി ശ്രമിക്കാമെന്ന് ജോർജ്ജ് പറഞ്ഞു. 88 വയസായി വിശ്രമ ജീവിതത്തിലിരിക്കുന്ന അച്ചൻ പലതും ഓർക്കാൻ സാധ്യത കാണുമോ എന്ന സംശയവും അവൻ പങ്ക് വച്ചു. എങ്കിലും വൈകുന്നേരത്തോടെ അച്ചൻ അതിനുള്ള ഉത്തരവും തന്നു. മരണപ്പെട്ട സിസ്റ്റർ മേഗി ആഗ്നസിന്റെ വിവരങ്ങളും ആൽബത്തിലെ മറ്റ് ബ്രദറന്മാർക്ക് മുമ്പേ സീനിയറായി മംഗലപ്പുഴ സെമിനാരിയിൽ 1977ൽ വൈദികനായി മാറിയ ഫാദർ മാത്യു മൂത്തേടത്തിന്റെയും ചിത്രങ്ങളും ലഭ്യമായി. സിഎംസി സന്ന്യാസ സമൂഹത്തിൽ മദർ പ്രൊവിൻഷ്യലായിരുന്ന സിസ്റ്റർ മേരി ആഗ്നസ് തന്റെ സന്യാസത്തിന്റെ 50 വർഷ സ്മരണികയിൽ എഴുതിയ പാട്ടുകളാണ് ജസ്റ്റിൻ അച്ചൻ സംഗീതം ചെയ്തത്. ഈ പാട്ടുകളൊന്നും അതെഴുതിയ കാലത്ത് സഭ വലുതായി കണക്കാക്കുകയോ സിസ്റ്ററിന് അതിന്റേതായ ഒരു ഖ്യാതിയോ ലഭിച്ചിരുന്നില്ല എന്നതും പരാമർശിക്കപ്പെടേണ്ടതാണ്. അത് കൊണ്ട് തന്നെ ആ വരികൾ ചിട്ടപ്പെടുത്തി യേശുദാസിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഉണ്ടായ സിസ്റ്ററിന്റെ ആ സന്തോഷം വളരെ പ്രത്യേകമായി തന്നെ ആനന്ദിപ്പിച്ചു എന്ന് ജസ്റ്റിൻ അച്ചൻ ഓർത്ത് എടുത്തു. 2005ൽ തന്റെ 95-ആം വയസിൽ സിസ്റ്റർ മരണപ്പെടുകയും ചെയ്തു.
ജസ്റ്റിൻ അച്ചന്റെ സംഗീതത്തിന് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത് പിൽക്കാലത്ത് ദക്ഷിണേന്ത്യയിൽത്തന്നെ പേരു കേട്ട വയലിനിസ്റ്റും അറേഞ്ചറുമായിരുന്ന റെക്സ് ഐസക്കാണ്. റെക്സിന്റെ പിതാവ് ജോ ഐസക്കിൽ നിന്നുമാണ് ഫാ ജസ്റ്റിൻ പനക്കൽ തന്റെ സ്കൂൾ കാലഘട്ടത്തിൽ വെസ്റ്റേൺ സംഗീതം പഠിക്കുന്നതും എന്നതും കൗതുകമാണ്.
ചുരുക്കത്തിൽ ഒരു കുട്ടിക്കാല നൊസ്റ്റാൾജിയയുടെ ചരിത്ര വിവരങ്ങളുടെ തിരച്ചിലെ കണ്ണികളോരോന്നും പൂർത്തിയായി!
Kochuthundil-Paramkuzhi-Asharipparambil.JPG
SrMaryAgnesius-FrMathewMoothedam-FrJustinPanackal.JPG
ഫാദർ ജസ്റ്റിൻ പനക്കലും ചില ചിന്തകളും - (വ്യക്തിപരമായ ഒരു അനുഭവമാണ് എന്നുള്ളത് കാരണം തുടർന്നുള്ള വായന ഒഴിവാക്കാവുന്നതാണ്)
ഈ മനോഹര ഈണങ്ങളുണ്ടാക്കിയ ആളേപ്പറ്റി കൂടുതലായി അറിയണമെന്ന് ആഗ്രഹം തോന്നി. ഫാ. ഡോക്ടർ ജസ്റ്റിൻ പനക്കലെന്ന പേര് ഇന്റർനെറ്റിൽ പോപ്പുലർ ആയിരുന്നതിനാൽ യൂട്യൂബിൽ ആദ്യമായി കണ്ട ഒരു ഇന്റർവ്യൂ തന്നെ കാണാൻ ആരംഭിച്ചു. പ്രത്യേകിച്ചും ചലച്ചിത്രഗാനങ്ങളുടെ മുടിചൂടാമന്നനായിരുന്ന യേശുദാസിന് പോപ്പുലർ ക്രിസ്ത്യൻ പാട്ടുണ്ടാക്കണമെങ്കിൽ എത്രയോ സംഗീത സംവിധായകർ സുഹൃത്തുക്കളായുണ്ട്. എന്ത് കൊണ്ടായിരിക്കാം ജോൺസനേപ്പോലെയോ ഔസേപ്പച്ചനേപ്പോലെയോ തുടങ്ങിയ സംഗീത സംവിധായക പ്രമുഖരിൽ നിന്നുമൊക്കെ ഒഴിഞ്ഞ് ജസ്റ്റിൻ പനക്കലെന്ന ഒരു അച്ചൻ സംഗീതം ചെയ്ത പാട്ടുകൾ പുറത്തിറക്കാൻ യേശുദാസ് തരംഗിണി വഴി തയ്യാറായത് എന്നത് തന്നെയായിരുന്നു ആദ്യമറിയേണ്ട ഉത്തരം. അതിന് അച്ചൻ വളരെ കൗതുകരമായ ഒരു മറുപടി പറയുന്നുണ്ട്. യേശുദാസിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് അക്കാലത്ത് ക്രിസ്ത്യൻ സഭയുടെ ചില കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നതും, അയ്യപ്പദാസെന്ന വിളിപ്പേരിൽ യേശുദാസ് പരിഹസിക്കപ്പെട്ടിരുന്ന ഈ കാലയളവിൽ കുവൈറ്റിൽ ഒരു സന്ദർശന പരിപാടിക്കിടെ ലതാമങ്കേഷ്കറിന്റെയും യേശുദാസിന്റെയും പാട്ടുകളേപ്പറ്റി സംഗീതഞ്ജനായ അച്ചൻ സംസാരിച്ചതും, യേശുദാസിന്റെ ട്രൂപ്പിലെ ഒരു സംഗീതഞ്ജൻ അത് കേട്ടതും രണ്ട് ദിവസത്തിനു ശേഷം യാദൃശ്ചികമായി കുവൈറ്റിൽ വച്ച് തന്നെ നടന്ന യേശുദാസിന്റെ ഗാനമേളയിൽ അച്ചൻ അതിഥിയായി ക്ഷണിക്കപ്പെട്ടതും യേശുദാസ് തരംഗിണി ഗാനങ്ങൾക്ക് അച്ചൻ പാട്ടൊരുക്കുന്നതും ഒക്കെ ആയുള്ള കൗതുകം. അതിനാൽത്തന്നെ സ്കിപ്പ് ചെയ്ത് കാണാൻ നിശ്ചയിച്ചിരുന്ന ആ ഇന്റർവ്യൂ മുഴുവൻ കണ്ടു. പക്ഷേ തുടർന്നുള്ള കാഴ്ച്ച വളരെ ഇമോഷണലായിപ്പോയി എന്ന് വേണം പറയാൻ. അതിനാൽത്തന്നെ അത് പല ആവർത്തി കണ്ടു.
1982, 83, 84 എന്നീ വർഷങ്ങളിൽ യഥാക്രമം തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്ന് തുടങ്ങിയ മൂന്ന് സൂപ്പർഹിറ്റ് ആൽബങ്ങൾ തുടർച്ചയായി പുറത്തിറക്കി അക്കാലത്തെ സൂപ്പർസ്റ്റാർ പദവിയിലേക്കെത്തിയ ക്രിസ്ത്യൻ സംഗീതജ്ഞനായിരുന്ന അച്ചനെന്ത് കൊണ്ടാണ് ഒറ്റ രാത്രി കൊണ്ട് പാട്ടുകൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിലെത്തി എന്നതൊക്കെ ആ യൂട്യൂബ് ഇന്റർവ്യൂവിൽ ചോദിക്കുന്ന ഇന്റർവ്യൂവർ രാജേഷ് ചാക്യാരുടെ ചോദ്യങ്ങൾക്ക്, അച്ചൻ പറഞ്ഞ ചില മറുപടികൾ കേട്ട് അക്ഷരാർത്ഥത്തിൽ കണ്ണ് നിറഞ്ഞു, വളരെ കൗതുകകരവുമായും തോന്നി. പൊതുവേ ഇത്തരം ചോദ്യങ്ങൾക്ക് സംഗീതജ്ഞർ തരുന്ന വളരെ പ്രഡിക്റ്റബിളായ ഒരുത്തരമാണ് പ്രതീക്ഷിച്ചിരുന്നത്.
FrJustinpanackal-with-RajeshChakyar.JPG
പാട്ടുകളിലുള്ള താല്പര്യം നഷ്ടമായെന്നോ, ബോറഡിച്ചെന്നോ ഒക്കെത്തുടങ്ങിയ ഉത്തരങ്ങൾ പ്രതീക്ഷിച്ചിരുന്ന ഇടത്ത് അച്ചൻ പറഞ്ഞത് രണ്ട് കാരണങ്ങളാണ്. 1952ൽ പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേരാൻ തുടങ്ങുമ്പോ സെമിനാരിയിലേക്ക് വേണ്ട വസ്ത്രങ്ങൾക്ക് മാത്രം ഏകദേശമൊരു നാല്പത് രൂപ ചിലവുണ്ടായിരുന്നു. നാല്പത് രൂപ എന്നത് അക്കാലത്തെ വലിയ തുകയാണ്. അപ്പൻ മരിച്ച് സാമ്പത്തിക ഞെരുക്കമുണ്ടായിരുന്ന ആ കാലത്ത് കുഞ്ഞ് ജസ്റ്റിനോട് അമ്മ പറഞ്ഞു, മോന് സെമിനാരിയിൽ യാതൊരു ഇൻഫീരിയോറിറ്റി കോമ്പ്ലക്സും വരാത്ത തരത്തിൽ അമ്മ നോക്കാം, അങ്ങനെ ഒരു ദിവസം അമ്മ രാവിലെ തന്നെ വീട്ടിൽ നിന്ന് പോയി, തിരികെ വന്നത് മകനുള്ള വസ്ത്രങ്ങളുമായാണ്. പക്ഷേ അമ്മയുടെ കഴുത്തിലെ സ്വർണ്ണത്തിന്റെ താലിമാല അപ്രത്യക്ഷമായിരിക്കുന്നു. അമ്മയുടെ കഴുത്തിലെ താലിമാല വിറ്റാണ് ആ വസ്ത്രങ്ങൾ വാങ്ങിയതെന്ന് പറയുമ്പോൾ അച്ചന്റെ കണ്ണ് നിറഞ്ഞൊഴുകി. വളരെ വികാരാധീനനായി അൽപ്പനേരം അദ്ദേഹം മൗനമായിരുന്നു.
പല സ്ത്രീകളും തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്, തങ്ങളുടെ മകളെ കെട്ടിക്കാൻ താലിമാല വിറ്റ സംഗതി, പക്ഷേ ഒരമ്മ മകനെ സെമിനാരിയിൽ ചേർക്കാൻ വേണ്ടി താലിമാല വിറ്റ കഥ കേട്ടിട്ട് പോലുമുണ്ടാവില്ല. ആ അമ്മ എല്ലാക്കാലവും പറയുമായിരുന്നു, മകനേ നീ ഒരു വൈദികനാണ്, അത് മറന്ന് പോവരുതെന്ന്. നിരവധി രാജ്യങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വന്നു. 52 പ്രാവശ്യമെന്തോ വിദേശത്ത് സഞ്ചരിച്ചു. ആ സമയമൊക്കെ ഒരു വൈദികനു കിട്ടുന്നതിലും കൂടുതൽ സ്നേഹാദരവും സ്വീകരണങ്ങളും എന്റെ സംഗീതജ്ഞനു ലഭ്യമായിത്തുടങ്ങി. ഒരു പക്ഷേ എന്റെ വൈദിക പദവിക്ക് എന്തെങ്കിലുമൊരു കോട്ടം തട്ടുമോ എന്ന് ചെറിയ ആശങ്കയുണ്ടായി, അങ്ങനെയൊന്നുമുണ്ടായില്ല എങ്കിലും അതിനോടൊപ്പം തന്നെ മറ്റൊരു സംഗതി കൂടിയുണ്ടായിരുന്നു. ഞാനൊരു ഫുൾ ടൈം സംഗീതജ്ഞനല്ല എന്നത് കൊണ്ട് തന്നെ, എനിക്ക് പാട്ടുകൾ കമ്പോസ് ചെയ്യാനും മറ്റും ധാരാളം സമയം വേണ്ടിയിരുന്നു. റിക്കോർഡിംഗിനു യേശുദാസ് വിളിക്കുമ്പോൾ പോകാനും മറ്റും എന്റെ സമയം അനുവദിക്കുമായിരുന്നില്ല. റോമിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം നാട്ടിലെത്തിയ തനിക്ക് മംഗലപ്പുഴ സെമിനാരിയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കണമായിരുന്നു, സഭാ മാഗസിനുകളിൽ എഴുത്തിനും സമയം മാറ്റി വെക്കേണ്ടിയിരുന്നു. ആ സമയമൊന്നും എനിക്ക് സംഗീതത്തിനു വേണ്ടി മാറ്റിവെക്കാനുണ്ടായില്ല എന്ന് തുടങ്ങി, ഒരു രാത്രിയിൽ സംഗീതമിനി ചെയ്യുന്നില്ല എന്ന തീരുമാനമെടുത്തതിനേക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന മറുപടികൾ.
സത്യത്തിൽ ഇത് കണ്ടപ്പോ ഞാനെന്തിനാണ് വല്ലാതെ ഇമോഷണലായത്, കണ്ണ് നിറഞ്ഞ് പോയതെന്ന് ചിന്തിച്ചു ?
അതും ഒരു വട്ടമല്ല, പല പ്രാവശ്യവും ആ വീഡിയോ കണ്ട്, പ്രത്യേകിച്ചും സംഗീതം നിർത്തണമെന്നുള്ള ആ മറുപടിയിലെത്തുമ്പോൾ വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞതെന്ന് ഞാനൊന്ന് ചിന്തിച്ചു. പ്രത്യേകിച്ചും സഭാപരമായോ മതപരമായോ ഉള്ള സോഫ്റ്റ് കോർണറുകളൊന്നും സൂക്ഷിക്കാത്ത ഏന്നേപ്പോലും ഇമോഷണൽ ആക്കിക്കളയണമെങ്കിൽ ആ മറുപടിയിലുള്ള സത്യസന്ധത, ഒരു വ്യക്തി ആരുമായിക്കൊള്ളട്ടെ, ഏത് കടമകളും ആയിക്കോട്ടെ, അടിസ്ഥാനപരമായ ദൗത്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ഇരിക്കാൻ നടത്തുന്ന ആത്മനിയന്ത്രണം, ഇന്റഗ്രിറ്റി എന്നിവ ഓർത്താവണം ഇന്നീ വൈറാലിറ്റിയുടെ കാലത്ത് വല്ലാതെ മതിപ്പ് തോന്നിയതും കണ്ണും നിറഞ്ഞതും.
അച്ചനേപ്പോലെ ഒരാളെ പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിനൊപ്പം ഇന്റർവ്യൂവർ പറഞ്ഞ ചില വാചകങ്ങൾ കൂടി വളരെ ഇഷ്ടമായതിനാൽ ആ യൂട്യൂബറേയും കൂടുതലായി തിരഞ്ഞത് മറ്റൊരു സങ്കടത്തിലാണ് പര്യവസാനിച്ചത്. 2020ൽ പുറത്തിറക്കിയ വീഡിയോ ആയിരുന്നു അത്. വളരെ ആക്റ്റീവായിരുന്ന ആ ചാനലിൽ കഴിഞ്ഞ ഒരു വർഷമായി മറ്റ് വീഡിയോകളുമില്ല എന്ന് കണ്ട് ആ യൂട്യൂബ് ചാനലിന്റെ ഹോം പേജിലെ ലേറ്റസ്റ്റായ ഒരു വീഡിയോ കണ്ടപ്പോൾ വീണ്ടും ഞെട്ടി. നടൻ ശങ്കറിന്റെ ഒരു വീഡിയോ. രാജേഷ് ചാക്യാർ നല്ല സഹൃദയനായ മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് തുടങ്ങി രാജേഷിന്റെ മകൾ അച്ഛനെയോർത്ത് പാടുന്ന പാട്ടുമുൾപ്പെട്ട വീഡിയോ !
ഒരു വാട്സപ്പ് വീഡിയോയിൽ നിന്നും എവിടേക്കൊക്കെയാണ് സഞ്ചരിച്ചതെന്ന് ഓർത്ത് രണ്ട് ദിവസം മൗനമായിരുന്നു. ഇവിടെ ഇത് എഴുതണമോ എന്ന് തന്നെ ചിന്തിച്ചു. ദി ടെർമിനൽ എന്ന സിനിമയിൽ ടോം ഹാങ്ക്സിന്റെ വിക്റ്റർ നവോസ്കി ക്രക്കോഷ്യ എന്ന തന്റെ രാജ്യത്ത് നിന്നും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതും അവിടെ ഇറങ്ങാൻ സാധിക്കാതെ ദീർഘകാലം വിമാനത്താവളത്തിൽത്തന്നെ ജീവിച്ച കഥ പലരും കണ്ടിട്ടുണ്ടാവും (18 വർഷക്കാലമാണ് ഒർജിനൽ സംഭവത്തിൽ വിമാനത്താവളത്തിൽ ജീവിച്ചത്, അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്). എന്തിനാണ് അയാൾ തിരിച്ച് പോവാതെ അമേരിക്കയിൽ ഒരു പ്രാവശ്യമെങ്കിലും കാലു കുത്തിയിട്ടേ തിരിച്ച് പോവൂ എന്ന് തീരുമാനിച്ചത് എന്നത് സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. പലർക്കുമത് വളരെ ബാലിശമായി തോന്നുമെങ്കിലും സിനിമയിലെ ഏറ്റവും ഊഷ്മളമായ രംഗമാണത്. സ്നേഹപ്രവാഹത്തിന്റെ പിന്നണിയിലെ ആൾക്കാരെ മുഴുവനായി ലഭിച്ചപ്പോൾ വിക്റ്ററിനു കിട്ടിയ ആ സന്തോഷത്തിന്റെ ഒരു കണികയോളമുള്ള ഒരു ഫീലിംഗ് ഈ ലേഖകനു കിട്ടി എന്നത് പറയാതെ വയ്യ.
റെഫറൻസ് വീഡിയോകൾ / വിവരങ്ങൾ
- ഫാദർ ഡോ ജസ്റ്റിൻ പനക്കലിന്റെ രാജേഷ് ചാക്യാരുമായുള്ള ഇന്റർവ്യൂ (നിർബന്ധമായും കാണേണ്ടത് )
- ബ്രദർ ജോൺ കൊച്ചുതുണ്ടിലെന്ന പേരിനേപ്പറ്റി ഷാർജയിൽ ക്വയറിൽ പിതാവ്
- മംഗലപ്പുഴ സെമിനാരിയുടെ രജിസ്റ്റർ
- ഫാദർ മാത്യു മൂത്തേടത്തിന്റെ വിവരങ്ങൾ
- ഫാദർ മാത്യു ആശാരിപ്പറമ്പിലിന്റെ വിവരങ്ങൾ
- ഫാദർ ജോസഫ് പാറാംകുഴിയുടെ വിവരങ്ങൾ
- സ്നേഹപ്രവാഹത്തിലെ പാട്ടുകൾ കേൾക്കാൻ
- രാജേഷ് ചാക്യാരുടെ മരണവിവരം പങ്കിടുന്ന ശങ്കർ
- നവ്യമാമൊരു കൽപ്പന ഞാൻ നിങ്ങൾക്കിന്നിതാ എന്ന ഗാനം
ഇത് ക്ഷമയോടെ വായിച്ച എല്ലാവർക്കും നന്ദി - Kiran