"ഹാലാകെ മാറ്റുന്ന ജിൽ ജിൽ പാട്ടുകൾ" I സുലൈഖ മൻസിലിലെ പാട്ടുകളിലൂടെ...

Cafe Special

''പാതി ചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിയേ
അഴകാലെ വിഭൂഷിയേ
അലിവാലെ അലങ്കൃയേ
അഴകാലെ വിഭൂഷിയേ
അലിവാലെ അലങ്കൃയേ'''...
മലബാറിലെന്നല്ല, മലയാളികൾ ഉള്ളിടത്ത് കല്യാണാരവങ്ങൾക്കിടയിലെ തരംഗമായി ഇപ്പോഴും അലയടിക്കുന്നുണ്ട്  'സുലേഖാമൻസിൽ' തുറന്നു വിട്ട മൊഞ്ചുള്ള പാട്ടുകൾ. പാട്ടുകൾ. ഹാലാലെ, ജിൽജിൽ എത്രനാള് കാത്തിരുന്ന് എന്നീ  സന്തോഷപ്പാട്ടുകൾ വന്നിട്ട് നാളുകളായെങ്കിലും അത് സമ്മാനിക്കുന്ന അനുഭൂതിക്ക് ഇപ്പോഴും മധുരമേറെയാണ്.ഒന്നു കേട്ട് മറന്നു പോകാനുള്ള വെറും പാട്ടുകളല്ല അവ ഓരോന്നും. ഖൽബിനെ ആകെ മൊത്തം പിടിച്ചുലയ്ക്കുന്ന സുന്ദരനുഭവം. എത്ര കേട്ടാലും ഓരോ തവണയും ആ പാട്ടിന്റെയും ആട്ടത്തിന്റെയും കൂടെ ചെന്നു നിന്ന് അലിഞ്ഞു പോകാൻ തോന്നുന്ന എന്തോ ഒന്ന്, അല്ല ഒരായിരം കാരണങ്ങളാണ്  ആ പാട്ടുകളുടെ കരളിനകത്ത് നിറച്ചു വച്ചിരിക്കുന്നത്. പാട്ടിൽ പറയുന്നതു പോലെ മധുരക്കനവിന്റെ കതകുകളോരോന്നും തുറക്കുന്ന, ഹാലാകെ മാറി മതിഭ്രമമേകുന്ന, മുഴുചന്ദ്രനെ കാണുന്ന രസം.ആ പാട്ടുകൾക്ക് പിന്നിൽ കുറേ മനുഷ്യരുടെ പരിശ്രമമുണ്ട്. ഒരു ചെറിയ ത്രെഡിൽ ഓരോ ഫ്രെയിമിലും തെളിച്ചമുള്ള മനുഷ്യരെ നിറച്ചു വച്ച സുലേഖാ മൻസിലിന്റെ സംവിധായകൻ അഷ്‌റഫ്  ഹംസ, പാട്ടുകളിൽ ഒരേ സമയം കഠിനവും എന്നാൽ വിട്ടുപോകാൻ തോന്നാത്ത ഭംഗിയുള്ള വരികൾ ചറ പറാന്ന് എഴുതിയ മുഹ്സിൻ പരാരി എന്ന മു.രി, ആ പാട്ടുകളുടെ കരളിൽ മുഴുവൻ വീണ്ടും വീണ്ടും കേൾപ്പിക്കുന്ന മാജിക് ഒളിപ്പിച്ചുവച്ച പെർഫെക്ഷനിസ്റ്റ്  സംഗീതജ്ഞൻ വിഷ്ണു വിജയ്, പാട്ടുകൾക്ക്  ആത്മാവ് പകർന്ന  പുഷ്പവതി പൊയ്പാടത്ത്, വർഷ രഞ്ജിത്ത്, അഹി വിജയൻ, മനസ്  തുളുമ്പുന്ന ഡാൻസിലൂടെ ഹൃദയം കീഴടക്കിയ ലുക്മാൻ, നിലപാടിന്റെ മൊഞ്ചുള്ള  മണവാട്ടി  അനാക്കർലി എന്നിങ്ങനെ ആ നിര നീളും.

''മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമള ഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ...''
ഈ പാട്ട് പാടിയപ്പോഴുള്ള രസമുള്ള, ക്ഷമാപൂർവമായ അനുഭവങ്ങളിലേക്ക് സഞ്ചരിക്കുകയാണ്  ഗായികയും സംഗീതസംവിധായകയികയും  ഗാനരചയിതാവുമായി  മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ പുഷ്പവതി പൊയ്പാടത്ത്. പുഷ്പവതിയുടെ ഭാഷയിൽ ക്ഷമയുടെ നെല്ലിപ്പടി കടന്നുള്ള പരിശ്രമമായിരുന്നു പാട്ടിന്റെ റെക്കാർഡിംഗ്. അതേ സമയം പാടിക്കഴിഞ്ഞ് സംഗീത സംവിധായകനായ വിഷ്ണുവിനെ കെട്ടിപ്പിടിച്ചാണ്  ഇത്രയും നല്ലൊരു പാട്ടിന്റെ സന്തോഷം അവർ പങ്കുവച്ചത്.
'സുപ്രിയരസ പധനിസ
സരിഗമ പദരസ
രഥമതിലുലകമേ അതിദ്രുത മോടി' എന്ന വരികളിലെ 'അതിദ്രുത'  എന്ന വാക്ക് വിഷ്ണുവിന്റെ മനസിലുള്ളതു പോലെ വരാൻ ഇത്തിരി സമയമെടുത്തു. ആ അനുഭവങ്ങളൊക്കെ രസകരമായാണ് പുഷ്പവതി വിവരിക്കുന്നത്. എന്നാലെന്താ ഗംഭീരൻ പാട്ടിനൊപ്പം ചേർന്ന് നടന്നതിന്റെ സന്തോഷം മുഴുവൻ അവരുടെ വാക്കുകളിലുണ്ട്.

'ഹാലാകെ' കടുകട്ടി പാട്ട് പാട്ട് എളുപ്പമായിരുന്നോ?
വൈകിട്ട് നാലുമണിക്ക് ആയിരുന്നു റെക്കാർഡിംഗ്. ആ പാട്ടിലെ 'അതിദ്രുത'ത്തിൽ ഞാനങ്ങ് തലയും കുത്തി വീണു.ബാക്കി വരികൾ  ഓകെയായെങ്കിലും ആ ദ്രുതം അങ്ങട് വരണ്ടേ... കുറേ തവണ 'അതിദ്രുത' ത്തിൽ തട്ടി നിന്നു. പിന്നെ എവിടെയോ ഒന്ന് റെഡിയായതാണ്. ആദ്യദിവസം മുഴുവൻ റെക്കാർഡിംഗ് എടുത്തു. മാറ്റാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ചേച്ചി വന്ന് പാടേണ്ടി വരുമെന്ന് വിഷ്ണു  പറഞ്ഞിരുന്നു. ആദ്യം 'ജിൽ ജിൽ' പാട്ടാണ്  ഇറങ്ങിയത്. വീണ്ടും പാടണമെങ്കിൽ കുറച്ചു സമയമുണ്ടെന്ന് വിഷ്ണു പറയുകയും ചെയ്തു.

അപ്പോൾ രണ്ടാമതും പാടിയോ?
പിന്നീട് കൊച്ചിയിൽ ഞാൻ മറ്റൊരു പരിപാടിക്ക് വന്നപ്പോൾ വിഷ്ണുവിനെ അറിയിച്ചു. വിഷ്ണു ചെന്നൈയിൽ നിന്നും വന്നു. അന്ന് ഒരു ദിവസം മുഴുവൻ റെക്കാർഡിംഗ്  നീണ്ടു. ചെറിയ കറക്ഷൻസ് ഉണ്ടെന്ന് പറഞ്ഞിട്ടാണ് തുടങ്ങിയതെങ്കിലും പിന്നെ അതിൽ നമുക്ക് ഇങ്ങനെ പാടിയാൽ നന്നായിരിക്കില്ല. ഹൈ പിച്ചിൽ പാടിയാൽ കുറച്ചൂടെ നന്നാകും എന്ന ചർച്ചയിൽ റെക്കാർഡിംഗ് നീണ്ടു പോയി.മാക്സിമം എന്റെയടുത്ത് നിന്ന് കിട്ടാവുന്നത് വലിച്ചെടുത്തു എന്നു പറയാം. ആ ഫുൾസോംഗ് പിന്നെ ഞാൻ ഹൈ പിച്ചും പാടി. നമ്മൾ കേൾക്കുന്ന പാട്ട് ആ ഹൈ പിച്ച് സോംഗ് ഡൗൺ ചെയ്തു വച്ചതാണ്.

ഇൻസ്റ്റയിലെ റീൽസുകളിൽ ഇപ്പോഴും ഈ പാട്ടിനോട് ഇഷ്ടം കൂടുകയാണല്ലോ?
എത്രയോ  കുട്ടികൾ ഇൻസ്റ്റയിൽ റീൽസ് ഇട്ട് മെസഞ്ചറിൽ എനിക്കയച്ചു തരികയും  സോഷ്യൽ മീഡിയയിൽ എന്നെ ടാഗ് ചെയ്യുകയുമുണ്ടായി. മലബാറിൽ ഈ പാട്ടില്ലാതെ ഒരു കല്യാണവുമില്ലെന്നാണ് പറയുന്നത്.സിനിമ ഇറങ്ങിയ സമയത്ത് സംഗീതനാടക അക്കാഡമി എക്സിക്യുട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ബാബുക്കയുടെ കൊച്ചുമകൾ, എന്റെ മകളാകാനുള്ള പ്രായമേയുള്ളൂ നിമിഷയുടെ കല്യാണസമയമായിരുന്നു. അന്നും അതിന്റെ ലേന്നുമൊക്കെ ജിൽ ജിലും ഈ പാട്ടുമാണ് ആഘോഷങ്ങൾക്ക് മേമ്പൊടിയായത്. ഭയങ്കര സ്പീഡുള്ള പാട്ടാണ് കുട്ടികൾ ഉത്സാഹിച്ചു പഠിച്ചത്. പക്ഷേ, അവർ ഫുൾസോംഗ് പാടുന്നില്ല കേട്ടോ. ഫുൾസോംഗ് അതേ ടെമ്പോ നിലനിറുത്തി പാടി എടുക്കുക എന്നു പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. അതായിരിക്കാം കാരണം. 'പടയാളികൾ ആയിരമായിരം' എന്നു തുടങ്ങുന്ന ഭാഗം മുതലാണ് മിക്കവരും പാടുന്നത്. കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞാൽ ആ സിനിമ വിജയിച്ചു എന്നാണർത്ഥം. യൂത്തിനെ കയ്യിലെടുക്കാൻ കഴിഞ്ഞാൽ വിജയിക്കും.  കുട്ടികൾ ഇഷ്ടപ്പെട്ടാൽ അച്ഛനുമ്മമ്മയും കുടുംബവും പിന്നാലെ വരും.

Haalaake Maarunne Video Song | Sulaikha Manzil |Lukman, Anarkali |Vishnu Vijay |Ashraf Hamza| Mu.Ri

വ്യത്യസ്തമായി റീലുകൾ ചെയ്തവരുമുണ്ടായിരുന്നു?
അതേ. വായയിൽ പല്ലുപോയ ഒരു കുട്ടി അടിപൊളിയായി ഈ പാട്ട് പാടുന്നത് ഞാൻ കണ്ടു. അവർ ആ പാട്ട് പഠിച്ചു പാടാൻ കാണിക്കുന്ന ഉത്സാഹമില്ലേ. അതെന്നെ സന്തോഷിപ്പിക്കുന്നുണ്ട്.  തെങ്ങിന്റെ മടല് നിലത്തു കുത്തിയിറക്കി മൈക്കായി നിറുത്തി  ചെണ്ടയൊക്കെ ഇങ്ങനെ കയ്യിൽ കിട്ടിയ സാധനങ്ങൾ കൊണ്ടുണ്ടാക്കി  പാടിയവരെയും കണ്ടു. ഈ  കാഴ്ചകളൊക്കെ കുട്ടിക്കാലത്തേക്ക്  കൊണ്ടുപോകും. പാട്ട കൊട്ടി പാടിയതൊക്കെയാണ് ഓർമ്മ വരുന്നത്.

വിഷ്‌ണു വിജയ്‌യുമായുള്ള പാട്ടനുഭവം പറയാമോ?
വിഷ്ണു ഭയങ്കര പെർഫെക്ഷനിസ്റ്റാണ്. ' ഹാലാകെ' പാട്ടിന്റെ കുഞ്ഞുപോർഷൻ എടുത്ത് സ്‌ളോ ആയി പാടിയാൽ അസ്സലൊരു മെലഡിയായിരിക്കും. അത്രയും ഭംഗിയായാണ്  പെർഫെക്ഷൻ നഷ്ടപ്പെടാതെ  ആ പാട്ടിൽ വിഷ്ണു സംഗീതാത്മകത കൊണ്ടുവന്നത്. അത്ര പ്രയത്നിച്ചിട്ടുണ്ട് വിഷ്ണു. എന്റെ ജീവിതത്തിൽ രണ്ടുദിവസമായി പാടിയ മറ്റൊരു പാട്ടില്ല. കായംകുളം കൊച്ചുണ്ണിയിലെ നൃത്തഗീതികൾ എന്ന പാട്ടിന് ഏതാണ്ട് ഇതിനടുപ്പിച്ചൊരു അനുഭവമുണ്ട്. ആദ്യം പാടുമ്പോൾ  പാട്ടിന്റെ വരി അങ്ങനെയായിരുന്നില്ല. സർപ്പം പാട്ടായിരുന്നു. ആ ഫീലിലാണ് ഞാൻ പാടിയത്. അത് പാടിയപ്പോൾ വലിയ സന്തോഷമായിരുന്നു. ബ്ളിസ്ഫുൾ ആയ ഫീലിംഗായിരുന്നു മനസ് നിറയെ. അത് പാടി വീട്ടിലെത്തിയശേഷം  ആ പാട്ടിന്റെ വരികളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്, കൊച്ചിയിലെത്തി അതൊന്നു മാറ്റി പാടി തരാൻ പറ്റുമോ എന്ന്‌ചോദിച്ച്  ഗോപിസുന്ദർ വിളിച്ചു. അങ്ങനെ ക്ലബ് ഡാൻസിന്റെ രീതിയിൽ ആ പാട്ട് മുഴുവനായി മാറ്റി പാടിയത് രണ്ടു ദിവസങ്ങളിലായി ഞാൻ പാടിയ പാട്ടിൽ പെടും.എന്നാൽ  ഒരുപാട്ടിന്‌വേണ്ടി രണ്ടുദിവസം ഫുൾഡേ മാക്സിമം സമയമെടുത്ത്  പണിയെടുക്കുക എന്നു പറയുന്നത് ആദ്യമായാണ്. 'സാൾട്ട് ആൻഡ് പെപ്പറി' ലെ ചമ്പാവിൻ പാട്ട് അര, മുക്കാൽ മണിക്കൂർ കൊണ്ട് പാടിയ പാട്ടാണ്. ആ പാട്ടാണ് ബംബർ ഹിറ്റായി മാറ്റിയത്.

പാട്ട് ഗംഭീരമാകുമെന്ന് പാടിയപ്പോഴേ തോന്നിയിരുന്നോ?
ഈ പാട്ട് പാടിക്കഴിഞ്ഞപ്പോഴേ ഞാൻ വിഷ്ണുവിന്റെയടുത്ത് പറഞ്ഞിരുന്നു, ഈ പാട്ട് സൂപ്പർഹിറ്റാകുമെന്ന്. എത്ര ക്ഷമയാണ് ഈ കുട്ടിയ്‌ക്കെന്ന് ഞാനും വിചാരിച്ചിട്ടുണ്ട്. അത്ര ക്ഷമയുള്ള ആളുടെ പാട്ട് പാടാൻ അത്രയും തന്നെ ക്ഷമ എനിക്കും വേണം. മൂപ്പർക്ക് തൃപ്തിയാകുന്നത് വരെ ഞാനും വളരെയധികം ക്ഷമയോടെ സഹകരിച്ചു എന്നതാണ് രസം. റെക്കാർഡിംഗ് സെഷനിൽ എന്റെ ക്ഷമയുടെ അങ്ങ്  നെല്ലിപ്പടി വരെ വരെ അളന്നു. അവസാനം പാട്ടു തീർന്നപ്പോൾ
ഞാനവനെ കെട്ടിപ്പിടിച്ച്  പറഞ്ഞു, ഞാൻ നിന്നെ ധൃതരാഷ്ട്രാലിംഗനം ചെയ്യും എന്ന്. ആ ദ്രുതം ഞാനത് എത്ര പാടിയിട്ടും മൂപ്പർക്ക് തൃപ്തി വരുന്നുണ്ടായിരുന്നില്ല.  അത് ശരിക്കും വരുന്നതു വരെ എന്നെയിട്ട് ക്ഷ, ണ്ണ, ള്ള വരപ്പിച്ചു.. വിഷ്ണുവിനെ ആദ്യം കാണുന്നത് കൊച്ചി കെ.എം.എഫിന്റെ സമയത്താണ്. 'അമ്പിളി' സിനിമയിലെ പാട്ട് ഹിറ്റായിരിക്കുന്ന സമയമാണത്. എന്നെ സംബന്ധിച്ച് വിഷ്ണു കൊച്ചു പയ്യന്നാണ്, എനിക്ക് വളരെയധികം വാത്സല്യംതോന്നിയിട്ടുള്ള ഒരു പയ്യൻ. ഞാനവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടുണ്ട്, നീ എത്ര രസമാായാണ് പാട്ട് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ്. എന്റെ കൊച്ചനുജനെപോലെ അത്രം സ്‌നേഹംതോന്നിയിട്ടുണ്ട്. പിന്നീട് എയ്രോ നാളുകൾ കഴിഞ്ഞാണല്ലോ 'സുലേഖാ മൻസിൽ' വരുന്നത്.

ഇത്ര കടുകട്ടി പാട്ടെഴുതിയ മുഹ്സിനെ കണ്ടാലോ?
മുഹ്സിനെ ഞാൻ കണ്ടിട്ടില്ല. കണ്ടാൽ ഒന്നു മുറുക്കെ ഒരുഷേക്ക് ഹാന്റ് കൊടുക്കാൻ കാത്തുവച്ചിട്ടുണ്ട്. ഇങ്ങനെ വരികളെഴുതി വയ്ക്കാൻ അത്ര എളുപ്പമല്ല. ആ ഒരു താളത്തിനുള്ളിൽ നിന്ന് കിർ കിറാന്ന് പറഞ്ഞിട്ട് എഴുണ്ടേ... വരികൾ ഇങ്ങനെ ഇങ്ങനെ വരെണ്ടേ. അതൊരു അനുഗ്രഹം തന്നെയാണത്.  നല്ലബേസുണ്ടെങ്കിലേ അതൊക്കെ സാധിക്കൂ... വരികളൊക്കെ എത്ര നല്ലതാണ്. ഒരു മാലപോലെ കോർത്തിണക്കിയിരിക്കുകയല്ലേ...ചറ് പറ ചറ് പറാന്നാ. അങ്ങനെ
എഴുതാൻ പറ്റണ്ടേ... അത് അത്രയും വലിയ കഴിവാണ്. ഒരു ചെറിയ ത്രെഡ് വച്ചാണ് ആ സിനിമ മനോഹരമായി എടുത്തിരിക്കുന്നത്. സിനിമ എടുക്കാനായി ആഗ്രഹിച്ച് നടക്കുന്നവരൊക്കെ കാണേണ്ട സിനിമയാണത്.

വേരുകളിലേക്ക് തിരികെ പോകണം: മുഹ്സിൻ പരാരി

പാട്ടുകൾ എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ ആ സമയത്ത് അങ്ങനെ നടന്നു എന്നേ പറയാൻ കഴിയൂ. 'സുലേഖാ മൻസിലി'ലെ പാട്ടുകളുടെ കാര്യം അതിന്റെ സംവിധായകനായ അഷ്റഫ് ഇക്ക പറഞ്ഞ് വിഷ്‌ണു ട്യൂണിട്ട്,  പിന്നെ വിഷ്‌ണുവും ഞാനുമായി ഇരുന്ന് ചെയ്തതാണ്. ഒന്നിച്ചുണ്ടായിരുന്ന സിനിമകൾക്ക് മുമ്പേ വിഷ്‌ണുവിനെക്കുറിച്ച്  കേട്ടിട്ടുണ്ട്.  'ഭീമന്റെ വഴി' മുതൽ നന്നായി അറിയാം. 'തല്ലുമാല' യൊക്കെ കഴിഞ്ഞ് 'സുലേഖാ മൻസിലി'ൽ  എത്തിയപ്പേഴേക്കും വിഷ്ണുവുമായി നല്ല അടുപ്പമായി. പിന്നെ അഷ്‌റഫ് ഇക്ക... ഞങ്ങൾ മൂന്നുപേരും മിക്കപ്പോഴും ഒന്നിച്ചിരിക്കുന്ന, സംസാരിക്കുന്ന ആൾക്കാരാണ്. അതുകൊണ്ട് ഈ സിനിമയിലെ പാട്ടുകളിലേക്ക് എത്തുമ്പോൾ ഞങ്ങൾക്കത് പെട്ടെന്ന് വർക്കായി, തീരുമാനിച്ച സമയത്ത് തന്നെ രണ്ടു പാട്ടുകളും റിലീസാക്കാനും കഴിഞ്ഞു.പാട്ടുകൾ ഇത്രയേറെ ജനങ്ങൾക്കിഷ്ടപ്പെട്ടത് വിഷ്‌ണുവിന്റെ  കഴിവ് കൊണ്ടാണ്. മലയാള വാക്കുകൾ അർത്ഥമറിഞ്ഞ് സംഗീതാത്മകമായി അവതരിപ്പിക്കാൻ അവന് നന്നായറിയാം. അത്ര അനായാസമായാണ് ഈ പ്രോസസ്  സംഭവിക്കുന്നത്. വിഷ്‌ണുവാണ്  സത്യത്തിൽ ഇതൊക്കെ  ഗൈഡ് ചെയ്തത് എന്നും പറയാം

അഷ്‌റഫ്  ഇക്കയും അതേ പോലെ തന്നെ വലിയ സപ്പോർട്ടാണ് നൽകിയത്. ആ പറച്ചിലിൽ ഒറ്റവാക്ക് നിർദ്ദേശങ്ങളേ കാണുകയുള്ളൂ. പക്ഷേ, നമുക്കത് സ്വാതന്ത്ര്യത്തോടെ ചെയ്യാനുള്ള സ്‌പേസ് അദ്ദേഹം തരും. സ്വയം ഉത്തരവാദിത്തം തോന്നി മുന്നോട്ടു പോകാൻ കഴിയുന്ന തരത്തിലുള്ള ഒരു സ്‌പേസ് ആണത്. അതിന്റെ ഒരു സൗകര്യം കൂടി  'സുലേഖ മൻസിലി' ലുണ്ടായിരുന്നു.

JIL JIL JIL Video Song | Sulaikha Manzil | Lukman Avaran, Anarkali | Vishnu Vijay | Ashraf Hamza

അഷ്‌റഫ്  ഇക്ക ഉദ്ദേശിക്കുന്നത് എന്താണെന്ന് നമുക്ക് മനസിലാവും. നമുക്കത്  ബോദ്ധ്യമുണ്ട് എന്നത്  പുള്ളിക്കും ഉറപ്പാണ്. ഈ  സിനിമയുടെ ആത്മാവ് എന്താണെന്ന് അറിയാമെന്നതു കൊണ്ട്, അവിടെ എന്തു സാഹചര്യമാണ് സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ന ധാരണയുള്ളതുകൊണ്ട്  മറ്റു പ്രശ്നങ്ങളില്ല. എന്തിനാണ് ഇക്ക അവിടെ ഒരു പാട്ട് ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ പാട്ട് വയ്ക്കാൻ തീരുമാനിക്കുന്നതെന്ന് ചോദിക്കേണ്ട ആവശ്യവും വരുന്നില്ല. അത് നടത്തുക എന്നതിനാവും അവിടെ പ്രാധാന്യം. സിനിമ ചെയ്തുകൊണ്ടിരിക്കുന്ന ആൾക്കാരും ഫിലിം മേക്കേഴ്സുമായതും ഈ കൊടുക്കൽ വാങ്ങലുകൾ എളുപ്പമാക്കും.  

നമ്മൾ തന്നെ അടക്കിവച്ച ഉള്ളിലുള്ള ശബ്ദങ്ങൾ തിരിച്ചു കിട്ടുന്നുണ്ട് പലർക്കും ഇങ്ങനെയുള്ള പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ എന്ന് തോന്നിയിട്ടുണ്ട്. അനാവശ്യമായ അപകർഷബോധം കാരണം നമ്മൾ തന്നെ ഉപേക്ഷിച്ച നമ്മളെ  വീണ്ടും തിരിച്ചെടുക്കപ്പെടുക്കേണ്ട സാഹചര്യവും ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്നുണ്ട്. നമ്മുടെ വേരുകളിൽ നിന്നു തന്നെ നമ്മുടെ  ആത്മാഭിമാനവും അന്തസും വീണ്ടെടുക്കപ്പെടണം. മറ്റൊരാൾ ആവശ്യപ്പെടുന്ന ഒരാളായി മാറി കൊണ്ട്  നമ്മുടെ അഭിമാനം തിരികെ കൊണ്ടു വരാൻ സാധിക്കില്ല.ഈ പാട്ടുകൾ പലരിലേക്കും കണക്ടായതും അങ്ങനെയാവാം.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment