സിനിമയിൽ സാങ്കേതിക പിഴവ് സംഭവിച്ചു എന്നു പറഞ്ഞാൽ നമ്മൾ ചിലപ്പോൾ വിശ്വസിച്ചേക്കും. പക്ഷെ അതൊരു മണിരത്നം സിനിമയിലെ ഫ്രെയിമിൽ, തിരുത്താൻ കഴിയാത്ത വിധം, പ്രകടമായി അറിയാൻ കഴിയുന്നു എന്ന് പറഞ്ഞാലോ? 'അലൈ പായുതേ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് അത് സംഭവിച്ചതെങ്കിലോ?
'അലൈ പായുതേ' എന്ന സിനിമയിൽ കാർത്തിക്കും (മാധവൻ) ശക്തിയും (ശാലിനി) വീട്ടുകാരെ അറിയിക്കാതെ വിവാഹിതരാകാൻ തീരുമാനിക്കുന്നു. രാവിലെ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്. ആ ചടങ്ങിനു പോകാനായി ശക്തിയും ചേച്ചി പൂർണ്ണിയും (സ്വർണ്ണമാല്യ) ചേർന്ന് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ യദൃശ്ചയാ അച്ഛനെ കണ്ട്, സ്വാഭാവികമായ രീതിയിൽ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്നൊരു രംഗമുണ്ട്. ആ ഫ്രെയിമിൽ സ്വർണ്ണമാല്യ നിൽക്കുന്നതിന്റെ താഴയായി ഒരു മൈക്ക് ഉയർന്നു വരുന്നത് കാണാം! ആർട്ടിസ്റ്റുകളുടെ വോയിസ് റെക്കോർഡ് ചെയ്യാനായി ഉപയോഗിക്കുന്ന മൈക്കാണത്.
സ്വർണ്ണമാല്യയുടെ സാരിയുടെ കളർ കോമ്പിനേഷനും, ആ മൈക്കിന്റെ കളറും ഏതാണ്ട് ഒരേ പോലെ ആയതിനാലായിരിക്കണം ഈ ഒരു തെറ്റ് എഡിറ്റിങ് ടേബിളിൽ തിരിച്ചറിയാതെ പോയത്. താഴെ കൊടുത്തിട്ടുള്ള വീഡിയോ 1:12 മുതൽ 1:18 വരെ ശ്രദ്ധിച്ചാൽ സംഗതി മനസ്സിലാകും.
ഒട്ടുമിക്ക സിനിമകളിലും ഇത്തരം സാങ്കേതിക പിഴവുകൾ സംഭവിക്കാറുണ്ട്. എന്നാൽ അതൊരു മണിരത്നം സിനിമയിലാകുമ്പോൾ അതിനൊരു കൗതുകമുണ്ടാകും. ആ കൗതുകമാണ് ഈ ആർട്ടിക്കിളിന് ആധാരം.