ആഷിക് ഉസ്മാൻ നിർമിച്ചു മുഹ്സിൻ പേരാരി കഥ തിരക്കഥയെഴുതി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല, പേര് സൂചിപ്പിക്കുന്നത് പോലെ തല്ലുകളുടെ നീണ്ട മാല തന്നെയാണ്. കൊണ്ടും കൊടുത്തും തല്ലി തീർക്കുന്ന കുറച്ചു പൊന്നാനി മൊഞ്ചന്മാരുടെ തല്ല് ജീവിതം.
സ്റ്റൈലിഷ് മേക്കിങ്, ചടുലമാർന്ന എഡിറ്റിങ്, പാട്ടും സ്റ്റണ്ടും ഇടകലർന്ന കഥ പറച്ചിൽ, ടോവീനോയുടെ ഗ്ലാമർ. ഇതിന്റെ ഒരു ആഘോഷമാണ് യൂത്തിനു തിയ്യറ്ററിൽ ആഘോഷമാക്കാൻ പോന്ന ഈ കളർഫുൾ സ്റ്റൈലിഷ് സെലിബറേഷൻ /ജോവിയൽ പടമായ തല്ലുമാല.
പൊന്നാനി മുതൽ ദുബായ് വരെ നീണ്ടു കിടക്കുന്നതാണ് കഥാ പരിസരം. പൊന്നാനിയുടെ പുതു തലമുറ, ഭാഷാ സംസ്കാര ജീവിത ശൈലികൾ ഇതൊക്കെ കൊണ്ടാണ് കഥാപാത്രങ്ങളെ വരച്ചിരിക്കുന്നത്. അവർക്കിടയിലെ സൗഹൃദം, ഭക്ഷണം ഒക്കെ ഇണക്കിച്ചേർത്താണ് തല്ലുമാലയുടെ നരേറ്റിവ് .
പൊന്നാനിയിലെ വസിം (ടോവീനോ ) ബീവാത്തു (കല്യാണി) എന്നിവരുടെ വിവാഹ റിസപ്‌ഷനിൽ നിന്നാണ് സിനിമയുടെ ആരംഭം. അതിലുണ്ടായ ഒരു കശപിശയിൽ നിന്നും തുടങ്ങി, ആ കല്യാണം എങ്ങിനെ സംഭവിച്ചു എന്തുകൊണ്ട് സംഘർഷ ഭരിതമായി എന്നൊക്കെയുള്ള രണ്ടു രണ്ടര വർഷത്തെ കഥയാണ് മുന്നോട്ടും പിന്നോട്ടും വീണ്ടും മുന്നോട്ടും പിന്നോട്ടുമായി സിനിമ ആവിഷ്കരിക്കുന്നത്. സിനിമയുടെ ഈ കഥ പറച്ചിൽ രീതി അതുകൊണ്ട് തന്നെ പ്രേക്ഷകന്റെ ആസ്വാദനത്തിൽ ഇടയ്ക്ക് കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട്. ഏറെ രസകരമായും ത്രില്ലിങ്ങോങ്ങോടെയും തുടങ്ങിയ സിനിമ ഇടയ്ക്ക് വെച്ച് അല്പം രസചരട് മുറിഞ്ഞു പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ വീണ്ടും രസകരമാകുന്നുണ്ട്.
മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യ ലെവലിൽ സ്വീകാര്യനായ ടോവീനോയുടെ സ്റ്റണ്ടും നൃത്തവും സ്റ്റൈലും ഗ്ലാമറും ആണ് മൊത്തത്തിൽ ഈ സിനിമ. അതിനെ ശെരിവെയ്ക്കുന്നുണ്ട് തിയറ്ററിലെ യുവ പ്രേക്ഷകരുടെ ആർപ്പു വിളികൾ. സുപ്രീം സുന്ദർ ഒരുക്കിയ സ്റ്റണ്ട് കൊറിയോഗ്രാഫി, എഡിറ്റിങ്, ക്യാമറ, മേക്കപ്പ് & കോസ്റ്റ്യൂം എന്നിവയാണ് സിനിമയുടെ എടുത്തു പറയേണ്ടുന്ന പ്രത്യേകതകൾ. അഭിനയത്തിൽ ടോവീനോ, ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി എന്നിവർ ശ്രെദ്ധേയമായി. ജോണി ആന്റണി തന്റെ സ്ഥിരം അച്ഛൻ (ബാപ്പ ) വേഷം അഭിനയിച്ചു തീർത്തു.
പുതു തലമുറയ്ക്ക് തിയ്യറ്ററിൽ ആവോളം ആഘോഷിക്കാൻ ഉള്ള സിനിമ മാത്രമാണ് തല്ലുമാല. തിയ്യറ്ററിൽ കണ്ട് തിയ്യറ്ററിൽ ഉപേക്ഷിച്ചു മടങ്ങാൻ സാധിക്കുന്ന ഒരു എന്റർടയ്നർ പ്രൊഡക്ട്. അതിനപ്പുറം സിനിമ ഒരു പ്രേക്ഷകന്റെയും മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാണ് സത്യം.നേരമ്പോക്കിന് വേണ്ടി ഒരു കളർഫുൾ ഗ്ലാമർ ഇടി പൊളി പടം കാണണമെന്നുണ്ടെങ്കിൽ തല്ലുമാല കാണാം. പൊളിയാണ്, വൈബാണ്, സെറ്റാണ്...
ഇത് യൂത്തിന്റെ ആഘോഷ സിനിമയാണ്, സൊ, പഴയ 'വസന്തങ്ങൾ' തൽക്കാലം ഒന്നു ഒതുങ്ങി മാറി നിൽക്കുന്നതാകും നല്ലത് !