ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏതൊരു മലയാള സിനിമ കാണുമ്പോഴും 'തമിഴ്-ഹിന്ദി-തെലുങ്ക്-കന്നഡ' ഉൾപ്പെടുന്ന അന്യഭാഷകളിലെ 'മലയാള സിനിമാപ്രേമി'കളും ഈ സിനിമ കാണുമല്ലോ എന്നൊരു തോന്നൽ മനസ്സിലുണ്ടാകാറുണ്ട്. ഓടിടി'യുടെ വരവിനു ശേഷം, ലോകമെമ്പാടും പുതിയ സിനിമകൾ ഒരേ സമയത്ത് റിലീസാവുകയും, അവയിൽ മലയാളസിനിമകൾ പലതും ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഈയൊരു തോന്നലിന്റെ പ്രധാന കാരണം. അന്യഭാഷകളിലെ പ്രശസ്തരായ സംവിധായകരും, മറ്റു സാങ്കേതിക പ്രവർത്തകരും, അഭിനേതാക്കളുമൊക്കെ ഇന്നിന്റെ മലയാള സിനിമയെ കുറിച്ച്, നമ്മൾ പതിവായി അവതരിപ്പിക്കുന്ന വ്യത്യസ്തമായ 'കണ്ടന്റ്'നെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നതും ഒക്കെ മനസ്സിലിട്ട് ആ ഒരു പ്രതീക്ഷയോടെയാണ് 'തങ്കം' കാണാൻ കയറിയത്. പ്രതീക്ഷകൾ നിറവേറുന്നത് സ്വാഭാവികം, പക്ഷെ അതിനുമപ്പുറം കിട്ടുക എന്നത് ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ഭാഗ്യമാണ്. അതെ, 'തങ്കം' ആ ഒരു ഭാഗ്യം സമ്മാനിച്ചു. മനോഹരമായ സിനിമ!
മോളിവുഡ് - 'കണ്ടന്റ് ക്യാപ്പിറ്റൽ ഓഫ് ഇന്ത്യൻ സിനിമ'
ഗോൾഡ് ക്യാപ്പിറ്റൽ ഓഫ് ഇന്ത്യ എന്നത് തൃശ്ശൂരാണെന്ന് ഗൂഗിൾ പറയുന്നു, 'തങ്കം' അത് റെഫർ ചെയ്യുന്നു. പ്രശസ്ത സംവിധായകൻ രാജമൗലിയ്ക്ക് പറയാനുള്ളത്, മലയാളമാണ് 'കണ്ടന്റ് ക്യാപ്പിറ്റൽ ഓഫ് ഇന്ത്യൻ സിനിമ' എന്നതാണ്, 'തങ്കം' ആ വിളിപ്പേര് ഒന്നു കൂടെ ശക്തമായി ഉറപ്പിക്കുന്നു! അതെ, കണ്ടന്റ് തന്നെയാണ് ഈ സിനിമയുടെ പ്രധാന ബലം. ഒടുവിൽ പറഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്ന ആ ഒരു പോയന്റിലേക്ക് സിനിമയെ ഏറെ രസകരമായി എത്തിക്കുന്ന ആ ഒരു 'ഡ്രൈവിംഗ്' പ്രോസസ്സ് ഗംഭീരമാണ്. ശ്യാം പുഷ്ക്കരൻ എന്ന രചയിതാവിന്റെ കയ്യൊപ്പ് അങ്ങനെ തെളിഞ്ഞു കാണുന്നുണ്ട്, ഓരോ രംഗങ്ങളിലും, ഓരോ സംഭാഷണങ്ങളിലും. തമിഴിന് തമിഴ്, ഹിന്ദിയ്ക്ക് ഹിന്ദി, മറാത്തിയ്ക്ക് മറാത്തി എന്ന രീതിയിൽ ഒന്നിലും ഒരു കുറവും വരുത്താതെ, അതാത് ഭാഷകളിലെ പ്രാദേശിക സിനിമകൾ കാണുന്ന അതേ പ്രതീതി സമ്മാനിച്ചു കൊണ്ട് 'തങ്കം' നീങ്ങുമ്പോൾ ഇത്തരത്തിലുള്ള സിനിമകളെയല്ലേ ശരിക്കും 'പാൻ ഇന്ത്യൻ സിനിമ' എന്നു വിളിക്കേണ്ടതെന്നു തോന്നിപ്പോകുന്നു! 'തങ്ക'ത്തെ ഇത്തരത്തിലൊരു 'പാൻ ഇന്ത്യൻ' സിനിമയാക്കി മാറ്റിയതിൽ സഹീർ അരഫത്ത് എന്ന സംവിധായകന്റെ പങ്ക് വളരെ വലുതാണ്. തന്റെ കരിയറിലെ രണ്ടാമത്തെ സിനിമയെ 'ക്ലാസ്സ്' വിഭാഗത്തിലേക്ക് ചേർത്തു വച്ച സഹീറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അഭിനേതാക്കളാണ് ശരിക്കും 'തങ്കം'
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ ഡേവിഡ് തുടങ്ങി പേരറിയാത്ത ഒട്ടനവധി പുതുമുഖങ്ങൾ വരെ സിനിമയിൽ കഥാപാത്രങ്ങളായി ജീവിക്കുകയാണ്! ഗിരീഷ് കുൽക്കർണി എന്ന പ്രതിഭാശാലിയായ അഭിനേതാവിനെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം. അദ്ദേഹത്തിന്റെ 'എസ് ഐ' കഥാപാത്രമാണ് 'തങ്കം' എന്ന സിനിമയുടെ നട്ടെല്ല്! സ്വയം സംഭാഷണങ്ങൾ തയ്യാറാക്കി പറയുന്നതാണോ എന്ന് സംശയം തോന്നുന്ന വിധത്തിൽ, അത്രയ്ക്കും സ്വാഭാവികതയോടു കൂടിയാണ് ആ കഥാപാത്രം ഹിന്ദിയും മറാത്തിയും ഇംഗ്ലീഷും കലർത്തി ഓരോന്നും സംസാരിക്കുന്നത്, പെരുമാറുന്നത്. മലയാളസിനിമയെ സംബന്ധിച്ച്, പുതിയൊരു എക്സ്പീരിയൻസാണ് ഗിരീഷ് കുൽക്കർണി. വിനീത് ശ്രീനിവാസന്റെ 'കണ്ണനും', ബിജു മേനോന്റെ 'മുത്തും' എക്കാലവും മനസ്സിലുണ്ടാവും. എഴുതി വച്ച കഥാപാത്രത്തെ, സ്വന്തം പ്രകടനമികവിലൂടെ ഇരുവരും വേറെ ലെവലിലേക്ക് കൊണ്ടു പോയി എന്നതാണ് സത്യം. വിനീത് തട്ടിൽ ഡേവിഡ് ചെറുതായിട്ടൊന്നു 'ചിലച്ചാൽ' പോലും, തിയേറ്ററിൽ സ്വാഭാവികമായ പൊട്ടിച്ചിരി ഉയരുന്നത് കാണാം. ഒരു അഭിനേതാവ് വിജയിക്കുന്നതിന്റെ ലക്ഷണമാണത്.
കലയും ക്യാമറയും പിന്നെ സംഗീതവും
പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ എന്ന നിലയിൽ ആർട്ട് വിഭാഗത്തിന് വലിയൊരു വെല്ലുവിളിയാണ് 'തങ്കം' സമ്മാനിക്കുന്നത്. ആ വെല്ലുവിളി തികഞ്ഞ ആത്മാർത്ഥതയോടെ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് ആർട്ട് ഡയറക്ടർ ഗോകുൽദാസ്. ആർട്ടിന്റെ സാന്നിധ്യം അറിയിക്കാതെ, അവശ്യം വേണ്ട ഇടത്തെല്ലാം ഒറിജിനൽ ആണെന്ന് തോന്നുന്ന രീതിയിൽ തന്നെ പ്രോപ്പർട്ടീസ് സെറ്റ് ചെയ്തതിലൂടെ, സംശയദൃഷ്ടിയോടെ ഒരു ഫ്രെയിമിലും നോക്കിയിരിക്കേണ്ടി വന്നില്ല എന്നതാണ് സത്യം! മുംബൈയിലെ ഒരു റോഡിൽ, തിരക്കിനിടയിലൂടെ പോലീസ് ജീപ്പ് വരുമ്പോൾ, ഒരു കോൺസ്റ്റബിൾ അവിടെ നിന്ന് ആളുകളെ നിയന്ത്രിച്ച് ജീപ്പിന് കടക്കാൻ ഇടം കൊടുക്കുമ്പോൾ, ആ ഫ്രെയിമിൽ ആരെങ്കിലും 'സിനിമാറ്റിക്ക്' ആയി പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ ക്ളോസ്സായിട്ട് നോക്കി. പഴയ അനിക്സ്പ്രേയുടെ പരസ്യം പോലെ, ഒരു പൊടി പോലുമില്ല അബദ്ധം കണ്ടുപിടിക്കാൻ!
ഗൗതം ശങ്കർ എന്ന സിനിമാട്ടോഗ്രാഫർ സമ്മാനിച്ചത് തികച്ചും ഫ്രെഷ് അനുഭവമാണ്. സിനിമയുടെ മൂഡിനൊപ്പവും കഥയുടെ പോക്കിൽ മാറിക്കൊണ്ടിരിക്കുന്ന നാടിനൊപ്പവും സഞ്ചരിക്കുന്ന ടോൺ ശരിക്കും സുഖിച്ചു. വല്ലാണ്ടങ്ങ് 'റിയലിസ്റ്റിക്' ആണെന്ന് തെളിയിക്കാൻ വേണ്ടി 'ട്രൈപ്പോഡ്' ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ടുള്ള 'ഷെയ്ക്ക്' മേളങ്ങൾ, ഹാർഡ്‍ഡിസ്ക്കിൽ ഒരുപാട് സ്പെയ്സുണ്ടെന്നു കരുതി അന്തമില്ലാത്ത വിധത്തിൽ പിടിച്ചു വയ്ക്കുന്ന 'സ്റ്റാറ്റിക് ഷോട്സ്' എന്നിവയ്‌ക്കൊന്നും ഇടം കൊടുത്തില്ല എന്നതാണ് ഹൈലൈറ്റ്! ആ ഒരു 'തിയേറ്റർ ഫൈറ്റ്' മാത്രം മതി എഡിറ്റർ കിരൺ ദാസിന്റെ കഴിവെന്താണെന്ന് മനസ്സിലാക്കാൻ. അൻവർ അലി എഴുതി ബിജിപാൽ സംഗീതം നിർവ്വഹിച്ച ആ ഒരേ ഒരു പാട്ട്, സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും അതിന്റെയൊരു പോസിറ്റീവ് ഇമ്പാക്റ്റ്, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും ഒരുപാട് മുകളിലാണ്. ആവശ്യമുണ്ടെന്നു തോന്നുന്ന ഇടങ്ങളിൽ മാത്രം ബിജിഎം കേൾക്കുമ്പോൾ, അതാത് രംഗങ്ങൾക്ക് ഒരു തരം സ്‌പെഷ്യൽ ഫീൽ കിട്ടും. ഇവിടെ അത് കിറുകൃത്യം കിട്ടി.
ചുരുക്കിപ്പറഞ്ഞാൽ...
അടുത്തിടെ തിരക്കഥാകൃത്ത് സഞ്ജയ് (ബോബി-സഞ്ജയ്) അഭിപ്രായപ്പെട്ടിരുന്നു, ഓരോ പത്തു പതിനഞ്ച് മിനിറ്റ് കൂടുംതോറും എന്തെങ്കിലും സർപ്രൈസ് എലമെന്റ് കൊടുക്കാൻ കഴിഞ്ഞാൽ പ്രേക്ഷകർ സിനിമയുമായി കൂടുതലങ്ങ് അടുക്കും എന്ന്. 'തങ്കം' എന്ന സിനിമയ്ക്ക് അത് സാധിക്കുന്നുണ്ട്. ആരുടെയൊക്കെ 'കപ്പ് ഓഫ് ടീ' ആണെന്ന് പറഞ്ഞുറപ്പിക്കാൻ കഴിയില്ലെങ്കിലും, മലയാളസിനിമയെ ഓർത്ത് അഭിമാനിക്കുന്ന സിനിമാപ്രേമികളുടെ മനസ്സിൽ 'തങ്കം' വളരെ മനോഹരമായൊരു സിനിമയായി എക്കാലവും നിലനിൽക്കും. ഉറപ്പ്.
തിയേറ്ററിൽ കേട്ടത്
ഇങ്ങേര് (ഗിരീഷ് കുൽക്കർണി) ശരിക്കും പോലീസാണാ?
സുരേഷ് കുമാർ രവീന്ദ്രൻ
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക