തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2

Info

 

1992- മാർച്ച് മാസത്തോടെ കേരളത്തിൽ നിന്നുള്ള കാസറ്റ് നിർമ്മാണം തരംഗിണി അവസാനിപ്പിച്ചിരുന്നു. 1992 മുതൽ തരംഗിണിയുടെ ഓണപ്പാട്ടുകൾ തരംഗിണി മ്യൂസിക് ലേബലിൽ ചെന്നൈയിൽ നിന്നായിരുന്നു വിപണിയിൽ എത്തിയത്.

1992 - പൊന്നോണ തരംഗിണി Volume-1

 

ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ട് വീണ്ടും ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വർഷമായിരുന്നു 1992. പൊന്നോണ തരംഗിണി എന്ന ആൽബത്തിലെ 8 ഗാനങ്ങളും ശ്രോതാക്കൾ ഏറെ ഇഷ്ടപ്പെട്ടവയാണ്. മുടി പൂക്കൾ വാടിയാലെന്തോമനേ, പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേ തുടങ്ങിയ ഗാനങ്ങൾ ശ്രോതാക്കൾ ഹൃദയത്തിലേറ്റിയവയാണ്.

 

1993 - ശ്രുതിലയ തരംഗിണി (പൊന്നോണ തരംഗിണി  Volume-2)

പി.കെ.ഗോപി, പി.സി. അരവിന്ദൻ എന്നിവരുടെ രചനകൾക്ക് രാജാമണി, കണ്ണൂർ രാജൻ എന്നിവർ സംഗീതം നൽകിയ ഉത്സവഗാനങ്ങൾ ആയിരുന്നു 1993-ലെ ശ്രുതിലയ തരംഗിണി (പൊന്നോണ തരംഗിണി  Vol -2 ). ശ്രാവണമേ,ആതിരനിലാ തുടങ്ങിയ ഗാനങ്ങൾ ശ്രവ്യ സുഖം നൽകി.

 

1994 - പൊന്നോണ തരംഗിണി  Volume-3

 

പി.കെ.ഗോപി, കെ.എൽ. കൃഷ്ണദാസ്, കെ.ജയകുമാർ എന്നിവരുടെ രചനകൾക്ക് ജർസൺ ആന്റണി, എൻ.പി.പ്രഭാകരൻ, എസ്.ബാലകൃഷ്ണൻ എന്നിവർ സംഗീതം നൽകി 8 ഗാനങ്ങളുമായി പൊന്നോണ തരംഗിണി vol-3 എന്ന ആൽബം 1994 ൽ തരംഗിണി പുറത്തിറക്കി. യേശുദാസിനൊപ്പം എസ്. ജാനകിയുടെയും സ്വര സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ ഗാനങ്ങൾ ഈ ആൽബത്തിൽ ഉണ്ടായിരുന്നു. കുറുമൊഴി കുറിഞ്ഞി പൂത്തേ, സ്വരരാഗ ഭാരതപുഴയുടെ ഈണം എന്നിവ ഈ ആൽബത്തിലെ മികച്ച ഗാനങ്ങളിൽ ചിലതാണ്.

 

1995 - പൊന്നോണ തരംഗിണി Volume-4

 

1995-ലെ പൊന്നോണ തരംഗിണി vol - 4 എന്ന ഉത്സവഗാന ആൽബത്തിന്റെ രചയിതാക്കാൾ പി.കെ.ഗോപി , പി.എസ്. നമ്പീശൻ ,രമേശ് മേനോൻ തുടങ്ങിയവരായിരുന്നു. രഘുകുമാർ ,എൻ.പി.പ്രഭാകരൻ, കലവൂർ ബാലൻ എന്നിവരുടെ സംഗീതത്തിൽ പിറന്ന എട്ടു ഗാനങ്ങൾ യേശുദാസ് , എസ്.ജാനകി എന്നിവർ ആലപിച്ചു. ഋതു ചക്രവർത്തിനി നിൻ മണിമാറിലെ , ശ്രാവണപുലരി വരുമോ എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധ നേടിയവയാണ്.

 

1996 - ശ്രാവണ സംഗീതം

ശ്രാവണ സംഗീതം എന്ന പേരിലാണ് തരംഗിണിയുടെ ഓണപ്പാട്ടുകൾ 1996-ൽ വിപണിയിൽ എത്തിയത്. യേശുദാസ് , പ്രീത എന്നിവർ ആലപി ച്ച 8 ഗാനങ്ങളുടെ രചന യൂസഫലി കേച്ചേരിയും സംഗീതം എൻ.പി. പ്രഭാകരനും ആയിരുന്നു. സ്വപ്നങ്ങളേ വീണ്ടും വരുമോ, കലേ ഇന്ദു കലേ,
ജനൽത്തിരശ്ശീല മെല്ലെ തുടങ്ങിയ ഗാനങ്ങളായിരുന്നു ശ്രദ്ധ നേടിയത്.

1997 മുതൽ തരംഗിണി ബി  എം ജി ക്രെസന്റോ എന്നീ കമ്പനികളുമായി ഒത്തുചേർന്നു. 1997 മുതൽ ഈ ലേബലുകളിൽ ആണ് ഓണപ്പാട്ടുകൾ വന്നത്. അവയെക്കുറിച്ച് അടുത്ത ഭാഗത്തിൽ.

- നന്ദകുമാര്‍ എസ്

Comment