1997-ൽ തരംഗിണി രാജ്യാന്തര സംഗീത കമ്പനിയായ ബി എം ജി ക്രസൻഡോയുമായി ഒന്നിച്ചു. 1997 മുതൽ 2003 വരെ തരംഗിണിയുടെ ഓണപ്പാട്ടുകൾ ഈ ലേബലിലാണ് വിപണിയിൽ വന്നത്.
1997 - ആവണിപ്പൊൻപുലരി
എ.വി. വാസുദേവൻ പോറ്റി, ആർ.കെ.ദാസ് എന്നിവർ രചിച്ച് ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ 10 ഉത്സവഗാനങ്ങൾ ആവണിപ്പൊൻപുലരി എന്ന പേരിൽ 1997 ൽ തരംഗിണി അവതരിപ്പിച്ചു.
യേശുദാസിനൊപ്പം വിജയ്, സംഗീത സജിത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗന്ധർവ്വ സംഗീത യാമം, അകലേ ഓണം എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധ നേടി.
1998 - തിരുവോണ കൈനീട്ടം
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന 10 ശ്രവ്യ സുന്ദര ഗാനങ്ങൾ 1998-ൽ തരംഗിണി ശ്രോതാക്കൾക്ക് സമ്മാനിച്ചു. തിരുവോണ കൈനീട്ടം എന്ന ആൽബത്തിലെ ഗാനങ്ങൾ യേശുദാസ് ,സുജാത , വിജയ് എന്നിവർ ആലപിച്ചു. പറനിറയെ പൊന്നളക്കും,ആരോ കമഴ്ത്തി വച്ച ഓട്ടുരുളി പോലെ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടു.
1999 - പൂത്തിരുവോണം
കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതവും നൽകി 1999-ൽ തരംഗിണി വിപണിയിൽ എത്തിച്ച ആൽബമായിരുന്നു പൂത്തിരുവോണം. യേശുദാസ് , വിജയ്, ഷൈസൻ എന്നിവർ ആലപിച്ച 10 ഗാനങ്ങൾ ഈ ആൽബത്തിൽ ഉണ്ടായിരുന്നു. അത്രയേറേ ഇഷ്ടമായി കഴിഞ്ഞതല്ലേ, ഒന്നാമോണം കെങ്കേമം തുടങ്ങിയ ഗാനങ്ങൾ ഈ ആൽബത്തിലേതാണ്.
2000 - പുഷ്പോത്സവം
എ.വി. വാസുദേവൻ പോറ്റി, ആർ.കെ.ദാസ് - ബേണി ഇഗ്നേഷ്യസ് വീണ്ടും ഒന്നിച്ച ഓണപ്പാട്ടുകളുടെ ആൽബമായിരുന്നു 2000 ത്തിലെ പുഷ്പോത്സവം . ഇതിലെ 10 ഗാനങ്ങൾ യേശുദാസ് , വിജയ്, രാധികാതിലക് എന്നിവർ ആലപിച്ചു. പുഷ്പ മഹോത്സവം, വീണ്ടും മാനവനൊന്നാകാൻ എന്നിവ ഈ ആൽബത്തിലെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.
2001 - എന്നും ഈ പൊന്നോണം
2001-ൽ ഇറങ്ങിയ എന്നും ഈ പൊന്നോണം എന്ന ആൽബത്തിന്റെ രചന ബിച്ചു തിരുമലയും സംഗീതം മോഹൻ സിത്താരയുമായിരുന്നു. യേശുദാസിനൊപ്പം വിജയ്, മഞ്‌ജരി , സ്മിത എന്നിവർ ആലപിച്ച 10 ഗാനങ്ങളായിരുന്നു ഈ ആൽബത്തിൽ ഉണ്ടായിരുന്നത്. കായലിന്റെ തീരം, ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു എന്നീ ഗാനങ്ങളായിരുന്നു ഏറെ ശ്രദ്ധ നേടിയത്.
2002 - ഓർമ്മിയ്ക്കാൻ ഓമനിയ്ക്കാൻ
എസ്. രമേശൻ നായരുടെ വരികൾക്ക് വിദ്യാധരൻ സംഗീതം നൽകിയ 10 ഗാനങ്ങളുമായി ഓർമ്മിയ്ക്കാൻ ഓമനിയ്ക്കാൻ എന്ന ആൽബം 2002 ൽ തരംഗിണി വിപണിയിൽ എത്തിച്ചു. യേശുദാസ് , വിജയ്, സുജാത , ദിവ്യ എന്നിവരായിരുന്നു ഗായകർ. ഓമലേ നിൻ മണിമുറ്റത്തിലെന്റെ , സീത പക്ഷിക്കു സീമന്തം, അത്തച്ചമയം അന്തിമിനുക്കം തുടങ്ങിയ വ ഈ ആൽബത്തിലെ ഗാനങ്ങളാണ്.
2003 - കുടമുല്ലപ്പൂ
ഗിരീഷ് പുത്തഞ്ചേരി - എം.ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന തരംഗിണിയുടെ 2003-ലെ ഓണപ്പാട്ടുകളായിരുന്നു കുടമുല്ലപ്പൂ. യേശുദാസ് , ചിത്ര, വിജയ് എന്നിവർ ആലപിച്ച 10 ഗാനങ്ങൾ ഉൾപ്പെട്ട ഈ ആൽബത്തിൽ സി.ജെ. കുട്ടപ്പൻ , കലാമണ്ഡലം ഹരിദാസ് എന്നിവരുടെ സ്വരസാന്നിദ്ധ്യവും ഉണ്ടായിരുന്നു. മലയാള നാടിൻ കവിതേ, താമരത്തൂമണി തുമ്പി എന്നീ ഗാനങ്ങൾ ഈ ആൽബത്തിൽ ഉൾപ്പെടുന്നു.
2014 - ഉത്രാടപൂനിലാവേ
2014 ൽ തെരഞ്ഞെടുത്ത 30 ഓണപ്പാട്ടുകളുടെ Mp3 ഉത്രാട പൂനിലാവേ എന്ന പേരിൽ തരംഗിണി ശ്രോതാക്കൾക്ക് സമ്മാനിച്ചു.
2022 - പൊൻ ചിങ്ങത്തേര്
വർഷങ്ങൾക്കു ശേഷം 2022-ൽ പൊൻ ചിങ്ങത്തേര് എന്ന ആൽബത്തിൽ ഹരിഹരൻ പുതുവാത്തുണ്ടിൽ രചിച്ച് നന്ദുകർത്ത സംഗീതം നൽകിയ ചിങ്ങത്തേര് പൊൻ ചിങ്ങത്തേര് എന്ന ഓണപ്പാട്ട് യേശുദാസ് ആലപിച്ചു. മലയാളികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി തരംഗിണിയിലൂടെ ദാസേട്ടൻ സമ്മാനിച്ച ഓണപ്പാട്ടുകൾക്ക് മലയാള സംഗീത ശാഖയിലുള്ള സ്ഥാനം അതുല്യമാണ്.
(മലയാള ജനപ്രിയ ഗാനശാഖയെ ഗവേഷണപരമായി സമീപിക്കുകയും ലഭ്യമായ ഗാനങ്ങളുടെ അപൂര്‍വമായതടക്കമുള്ള സ്ഥിതിവിവരക്കണക്ക് ശേഖരിച്ചു സൂക്ഷിക്കുകയും ചെയ്യുന്ന ലേഖകന്‍ NANDANSARAS എന്ന യൂട്യൂബ് ചാനലിലൂടെ തരംഗിണിയുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. സന്ദര്‍ശിക്കാന്‍ ഉള്ള ലിങ്ക്: https://youtube.com/channel/UC02lVT7X0Y6juTect9yVtrA )