ഏത് കാലഘട്ടത്തിലെ പാട്ടുകളാണ് ഏറ്റവും മികച്ചത് എന്നത് എക്കാലവും സംഗീതപ്രേമികളെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിലും സംഗീത ആസ്വാദകർ ഈ വിഷയത്തിൽ തർക്കിക്കുകയും പക്ഷം പിടിക്കുകയും ചെയ്യാറുണ്ട്. ഭൂരിഭാഗം ആളുകൾക്കും അവർക്ക് ആസ്വാദനത്തിനുള്ള ഒരു പ്രായമെത്തുമ്പോൾ അവരവരുടെ കാലഘട്ടത്തിലും അതിനു തൊട്ട് മുമ്പ് വന്ന വർഷങ്ങളിലും പിറന്ന ഗാനങ്ങളാകും ഏറ്റവും അധികം റിലേറ്റ് ചെയ്യാൻ പറ്റുക എന്ന് തോന്നുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിൽ ദോഹയിൽ ഗ്രാമഫോൺ ഖത്തർ എന്ന സംഘടന സ്മരണാഞ്ജലി എന്നൊരു പ്രോഗ്രാം അവതരിപ്പിച്ചത് കാണാൻ പോയിരുന്നു. 1954 മുതൽ 77 വരെയുള്ള വർഷങ്ങളിലെ പാട്ടുകൾ, ആ ഗാനങ്ങളൊരുക്കിയ മാസ്റ്റേർസിനെ സ്മരിക്കുക എന്നതൊക്കെ കേട്ടപ്പോൾ സ്വാഭാവികമായും വളരെ പഴയ ഗാനങ്ങളായതിനാൽ എത്രത്തോളം ഇത് ആസ്വദിക്കാൻ കഴിയുമെന്ന ആശങ്കയോടെയാണ് പോയത്. വളരെ പഴയ ഗാനങ്ങൾ റേഡിയോയിൽ കേൾക്കുമെന്നല്ലാതെ ഞാനും എന്റെ പ്രിയപ്പെട്ട 80, 90 ഗാനങ്ങളാണ് ഏറ്റവും റിപ്പീറ്റഡായി കേൾക്കുന്നതും ഹൃദയത്തോട് ചേർക്കുന്നതും . ഇതൊക്കെ കൊണ്ട് തന്നെ ക്ഷണിക്കപ്പെട്ട ഒരു പ്രോഗ്രാമായിരുന്നെങ്കിലും ദീർഘനേരമിരിക്കാതെ അൽപ്പനേരം ചിലവാക്കി തിരികെപ്പോരാമെന്ന് കരുതിയ ഞാനും വൈഫും ഹാളിലെ ലൈറ്റണയും വരെ അവിടെ ഇരുന്നു എന്നതാണ് വാസ്തവം. പഴയ പാട്ടുകൾ കേട്ട് ബോറടിക്കുമെന്ന് കരുതിയ പ്രോഗ്രാമിനെ അവസാനം വരെ പിടിച്ചിരുത്താൻ തക്കവണ്ണം ഒരു യുണീക്നെസ് ആ പരിപാടിക്കുണ്ടായിരുന്നു.
അത് പരിപാടിയുടെ അവതാരകനും ആ ഷോയുടെ തന്നെ സംവിധായകനുമായ ഡോ. റഷീദ് പട്ടത്തിന്റെ അവതരണമായിരുന്നു. പല പാട്ടു പരിപാടികളും മുൻപ് കണ്ടിരുന്നു എങ്കിലും മലയാള സിനിമാ ചരിത്രവും ഗാന ചരിത്രവും ഇഴകലർത്തി ഒരോ പാട്ടിന്റെയും ഇടയിൽ പറഞ്ഞ്, കൂടാതെ അതിന്റെ സംഗീത സംവിധായകനേയും ഗാനരചയിതാവിനെയും അവരുടെ മറ്റ് കമ്പോസിഷനുകളേയും പരാമർശിച്ച് ഗാനത്തിന്റെ സാഹിത്യത്തിലൂടെ അതിന്റെ ഗാന സാഹചര്യവും അർത്ഥവും വിശദീകരിച്ച് ഗാനം പാടിയവരേയും പരാമർശിച്ച്, ഏകദേശം 4-6 മിനിറ്റുകൾ ഒരോ പാട്ടിന്റെയുമിടയിൽ ഒരു വാക്ക് പോലും തെറ്റാതെ അനർഗ്ഗനിർഗ്ഗളമായി വർഷങ്ങളും പാട്ടുകളും സിനിമകളുമുൾപ്പടെ ഫാക്ച്വലായി ചിട്ടയോടെ ഒരു സ്ക്രിപ്റ്റുമില്ലാതെ അവതരിപ്പിക്കുന്നത് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വേറിട്ടതും ഹൃദ്യവുംമായ അനുഭവമായി . ഒരുദാഹരണം പറഞ്ഞാൽ, ചെമ്മീനിലെ ഒരു പാട്ടിനെ പരിചയപ്പെടുത്താൻ തുടങ്ങിയത് ഇങ്ങനെ..
"അങ്ങനെ ഒരു സുവർണ കാലഘട്ടത്തിൽ മലയാള സിനിമയെ മൊത്തത്തിൽ മാറ്റിമറിച്ച, മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തന്നെ തിരുത്തിക്കുറിച്ച, മലയാളികൾക്ക് എന്നും അഭിമാനമായി മാറിയ, മലയാളിയുടെ ഒരു മാഗ്നം ഓപ്പസ് വർക്കെന്ന് പറയപ്പെടാവുന്ന ഒരു സിനിമ വരുന്നു. മലയാളികൾ എക്കാലവും ഓർത്ത് നിൽക്കുന്ന സിനിമ - 1965ൽ. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടെന്ന പ്രതിഭാധനൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചെമ്മീൻ. മാർക്കസ് ബർട്ലിയെന്ന വിദേശിയെ കൊണ്ട് വന്ന് ഛായാഗ്രാഹണം നിർവ്വഹിച്ച്, സലിൽ ചൗധരിയെന്ന മെലഡികളുടെ ഉസ്താദിനെ കൊണ്ട് സംഗീതവും നിർവ്വഹിച്ച്, ഋഷികേശ് മുഖർജി എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമെന്ന ഖ്യാതി നേടിയ ചിത്രം, പ്രായ പൂർത്തിയാകാത്ത ബാബു കണ്മണി സേഠുവെന്ന കണ്മണി ബാബുവെന്ന നിർമ്മാതാവ് നിർമാണത്തിനായി സാമ്പത്തികകാര്യങ്ങൾക്ക് വിഷമം നേരിട്ട ചിത്രം പിന്നെ മലയാളത്തിലെ എക്കാലത്തെയും കളക്ഷൻ നേടുന്ന ചിത്രങ്ങളിലൊന്നായി മാറി. അതിലെ ഒരു പാട്ടിൽ വയലാറിന്റെ വരികൾ "പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പിന്നെ പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി.. അപ്പോൾ അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടുവന്ന് , വീണ്ടും പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി, അരയത്തിപ്പെണ്ണ് പെഴച്ചു പോയി അപ്പോൾ അവനെ കടലമ്മ കൊണ്ടുപോയി - അരയത്തിപ്പെണ്ണ് പിഴച്ച് പോയി, അവനെ കടലമ്മ കൊണ്ട് പോയി "എന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നെസൊന്നും നിങ്ങൾ ഇക്കാലത്ത് നോക്കാതിരിക്കുക. ഗാനത്തെ ആസ്വദിക്കാനുള്ള...." എന്നിങ്ങനെ കത്തിക്കയറുകയാണ്.
വളരെ ഡീറ്റയിൽഡായി സിനിമാ ചരിത്രവും ഗാന ചരിത്രവും പാട്ടുകളും ബ്ലെന്റ് ചെയ്തുള്ള നാലര മണിക്കൂർ സമയം. ഹൃദയം കൊണ്ടാണ് അദ്ദേഹം പാട്ടുകളേയും അവയുടെ സൃഷ്ടാക്കളേയും കുറിച്ചുമൊക്കെ സംസാരിച്ചത്. ഒരു സംഗീത ആസ്വാദകന് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം സമ്മാനിക്കാൻ ഈ പരിപാടിയ്ക്ക് സാധിച്ചതിൽ ഡോ. റഷീദ് പട്ടത്തിന്റെ അവതരണം വഹിച്ച പങ്ക് സവിശേഷ പരാമർശം അർഹിക്കുന്നു. നമ്മുടെ ഗാന ശാഖയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ മഹാ പ്രതിഭകൾക്ക് അർഹിക്കുന്ന ആദരവായി അദ്ദേഹത്തിന്റെ വാക്കുകൾ.
M3DBയുടെ ഫോറത്തിൽ ഡോ. റഷീദ് കുറേക്കാലം മുമ്പ് തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകരേപ്പറ്റി ഒരു സീരീസ് തന്നെ ചെയ്തിരുന്നു. ഫേസ്ബുക്കിൽ ഫാക്ച്വലായ ലേഖനങ്ങൾ തെറ്റുകൂടാതെ എഴുതുന്നത് പോലെയല്ല ഏകദേശം 4 മണിക്കൂർ നീണ്ടു നിന്ന ഒരു പരിപാടി സ്ക്രിപ്റ്റില്ലാതെ മുൻപ് പരാമർശിച്ച രീതിയിൽ വ്യക്തികളേയും വർഷങ്ങളും വർക്കുകളും ഓർമ്മയിൽ നിന്നെടുത്ത് ഫാക്ച്വലായി ഇമ്പ്രോറ്റോ ആയി അവതരിപ്പിക്കുക എന്നത്. അക്കാര്യത്തിൽ സമാനതകളില്ലാതെ ഒരു ഒറ്റയാൻ ഷോ ചെയ്യാൻ കാരണമായത് പാട്ടുകളോടും സിനിമകളോടുമുള്ള അഗാധമായ പാഷനും അതിനോടൊപ്പം തന്നെ ഒരു ഡോക്റ്ററിന്റെ ക്ഷമയും ദീർഘമായ കാര്യങ്ങളെ വലിയ മെമ്മറി പവറിൽ ഓർത്തിരിക്കാൻ ഉള്ള കഴിവും ആവണം. അപൂർവ്വമായി സംഭവിക്കുന്ന, ഇനിയൊരു ക്ലോണുണ്ടാക്കി വെക്കണമെന്ന് തോന്നിപ്പിക്കുന്ന ഒന്നാണ് ആ റെയർ കോമ്പോ.
ദോഹയിലെ പ്രധാന ആശുപത്രികളിലൊന്നായ ഹമദ് ഹോസ്പിറ്റിലിലെ കാർഡിയാക് അനസ്തേഷ്യ & ICU വിഭാഗം തലവനും, ഇപ്പോൾ അവിടുത്തെ സീനിയർ കൺസൾട്ടന്റുമായി ജോലി നോക്കുന്ന ഡോ. റഷീദിനു സപ്പോർട്ടായി മികച്ച ഗായകരും മനോഹരമായി ഗാനങ്ങളും ആലപിച്ചു. പ്രത്യേകിച്ചും ഗാനങ്ങൾ വളരെ പ്രൊഫഷനലായി ആലപിച്ച മൈഥിലി പ്രവീൺ ഷേണോയ്, ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരൊക്കെ ഉന്നത നിലവാരം പുലർത്തി. ലത്തീഫിന്റെ നേതൃത്വത്തിൽ വന്ന ദോഹയിലെ തന്നെ ഓർക്കസ്ട്രയും മികച്ചു നിന്നു. ബിനു ആന്റണി, റഷാദ് ഖുറൈഷി, മുഹമ്മദ് ഉസ്മാൻ എന്നിവർ പ്രൊഫഷണൽ വേദികളിൽ തുടക്കം കുറിക്കുന്നതിന്റെ പ്രശ്നങ്ങളില്ലാതെ ഗാനങ്ങളും ആലപിച്ചപ്പോൾ വളരെ ആസ്വാദ്യകരമായ ഒരു സ്റ്റേജ് ഷോയായി മാറി സ്മരണാഞ്ജലി 1954-77 സീസൺ 1.
ഇതിന്റെ അടുത്ത 70-80, 80-90 സീസണുകളെ ഒക്കെ പ്രതീക്ഷിച്ച് ഇരിക്കാൻ വ്യക്തിപരമായ ഈ കാഴ്ച്ച പ്രചോദനമായി എന്ന് കൂടി പറയാതെ വയ്യ. മലയാള ഗാനചരിത്രവും സിനിമാ ചരിത്രവും ഹൃദയത്തിന്റെ അറകളിലാക്കിയ ഹൃദ്‌രോഗവിദഗ്ധനെ M3DB വായനക്കാർക്കായി അൽപ്പം ആഴത്തിൽ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.
സസ്നേഹം : Kiran - M3DB