തമിഴിന്റെ സ്വന്തം 'വാത്തി'

Reviews

'വാത്തി' എങ്ങനെയുണ്ട്?

ഇവിടെ ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി 'റിയലിസ്റ്റിക്' സിനിമകളുടെ ഘോഷയാത്രയാണ്!  ജീവിതം തന്നെ വലിയൊരു 'റിയലിസ്റ്റിക്' സിനിമയായി ഓടിക്കൊണ്ടിരിക്കുമ്പോൾ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി എന്തെങ്കിലും 'എന്റർടെയിൻമെന്റ്' സംഗതികൾ സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് എല്ലാ രീതിയിലും രസിക്കാൻ കഴിയുന്ന ഒരു 'കൊമേഴ്‌സ്യൽ കം ഫാമിലി കം സോഷ്യൽ' ഡ്രാമയാണ് 'വാത്തി'. കാലാകാലങ്ങളായി തമിഴ് സിനിമയിൽ തന്നെ പറഞ്ഞു പറഞ്ഞ് പഴകിയ വിഷയമാണ് 'വാത്തി' പറയുന്നതെങ്കിലും, ആ വിഷയത്തിന്റെ പ്രാധാന്യം ഇന്ന് ഈ 2023'ലും വളരെ വലുതാണ് എന്നോർക്കുമ്പോൾ 'ക്ളീഷേ' എന്ന ഘടകത്തെ തൂക്കി കിണറ്റിലിടാൻ തോന്നും. ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, അഭിമാനപൂർവ്വം ചിന്തിപ്പിക്കുകയും, ചെയ്യുന്ന സിനിമയാണ് 'വാത്തി'. തിയേറ്ററിൽ അതിന്റെ പ്രതികരണം നല്ല രീതിയിൽ അറിയാൻ കഴിയുന്നുണ്ട്.

സർവ്വവും ധനുഷ് മയം!

എല്ലാത്തരം സിനിമകളും ചെയ്യുന്നൊരു ജനപ്രിയ താരമാണ് ധനുഷ്. ഈ കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ, 'വടചെന്നൈ' കഴിഞ്ഞ് 'മാരി 2', അതിനു ശേഷം 'അസുരൻ', 'എന്നെ നോക്കി പായും തോട്ട', 'കർണ്ണൻ', 'ജഗമേ തന്തിരം', 'അത്രങ്കി രേ', 'മാരൻ', 'ദി ഗ്രേ മാൻ', 'തിരുച്ചിദ്രമ്പലം', 'നാനേ വരുവേൻ' എന്നിങ്ങനെ, 'സീനിയേഴ്സ്' എന്ന മലയാളസിനിമയിൽ മനോജ് കെ ജയന്റെ കഥാപാത്രം ചെയുന്നത് പോലൊരു, 'ക്ലാസ് - കൊമേഴ്‌സ്യൽ' സിനിമകളുടെ മതിൽചാട്ടമാണ് ധനുഷിന്റെ കരിയറിൽ സംഭവിക്കുന്നത്. ആ ഒരു പാറ്റേൺ ഫോളോ ചെയ്ത് വരുന്ന പുതിയ കൊമേഴ്‌സ്യൽ സിനിമയെന്ന നിലയിൽ ഇതൊരു 'ഔട്ട് & ഔട്ട്' ധനുഷ് സിനിമ തന്നെയാണ്. ധനുഷ് ആരാധകർക്കു വേണ്ടിയുള്ള എല്ലാ സിനിമാറ്റിക് ഗിമ്മിക്‌സുകളും, അവരെക്കൊണ്ടു തന്നെ 'കത്തി' എന്ന് ലോക്കൽ ഭാഷയിൽ പറയിക്കാതെ, കൃത്യമായ അളവിൽ തന്നെ ചേർത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.  

മറ്റ് അഭിനേതാക്കൾ & ക്രൂ 

സമുദ്രക്കനി, പി സായ്കുമാർ, കെൻ കരുണാസ്, 'ആടുകളം' നരേൻ, സംയുക്ത, ഹരീഷ് പേരാടി, പ്രവീണ തുടങ്ങി അറിയപ്പെടുന്നവരും, അല്ലാത്തവരുമായി ഏതാണ്ട് അൻപതോളം താരങ്ങൾ 'വാത്തി'യിലുണ്ട്. എല്ലാവർക്കും പ്രാധാന്യമുണ്ടെങ്കിലും, ധനുഷിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നതെന്നതിനാൽ മറ്റുള്ളവർക്ക് ആ ഒരു കഥാപാത്രത്തെ ജയിച്ച് സിനിമയിൽ നിലനിൽക്കാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതം സിനിമയ്ക്ക് നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്. പതിവ് ശൈലിയിലെ പാട്ടുകൾക്കുപരി, ഓരോ രംഗവും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം നൽകുന്നതിൽ 'ജി വി പി' വിജയിച്ചു. അവസാനത്തെ അരമണിക്കൂർ നേരത്തെ 'ബി ജി എം ഇമ്പാക്റ്റ്' സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. ജെ യുവരാജിന്റെ സിനിമാട്ടോഗ്രാഫി എടുത്തു പറയേണ്ടതാണ്! 25 വർഷങ്ങളിലൂടെ സഞ്ചരിക്കുന്ന 'വാത്തി'യുടെ ഒപ്പം തന്നെ, എല്ലാവിധ മാറ്റങ്ങളോടും കൂടി, യുവരാജ് & ടീം ഓടുന്നുണ്ട്.

തെലുങ്ക് സംവിധായകന്റെ തമിഴ് സിനിമ

ചിലയിടങ്ങളിൽ തെലുങ്ക് ശൈലിയിൽ തന്നെ കൺസീവ് ചെയ്യപ്പെട്ടതും, അതിനോട് ബന്ധപ്പെട്ട് 'വോയിസ് സിങ്ക്' ആകുന്നതിൽ സംഭവിച്ച കുഴപ്പങ്ങളും മാറ്റി നിർത്തിയാൽ, തരക്കേടില്ലാത്ത രീതിയിൽ ഒരു പക്കാ തമിഴ് കൊമേഴ്‌സ്യൽ ഡ്രാമ തന്നെയാണ് വെങ്കി അറ്റ്ലൂരി ഒരുക്കിയിട്ടുള്ളത്. തമിഴ്-തെലുങ്ക് സിനിമകൾക്കു വേണ്ട പതിവ് 'പാസം' പോയന്റ് ചെറിയൊരു അളവിൽ കൂടുതലാണെങ്കിലും, "നല്ലതിനു വേണ്ടി വിശക്കു" എന്നൊക്കെ പറയുന്നത് പോലെ, പോസിറ്റിവിറ്റി സമ്മാനിക്കുന്നൊരു വിഷയത്തിനു വേണ്ടി അതൊക്കെ നോർമലായി സ്വീകരിക്കാൻ കഴിയുന്നുണ്ട്. 2010'ൽ തുടങ്ങിയ സിനിമാകരിയറിൽ, വിജയപരാജയങ്ങൾ സമാസമം കണ്ടറിഞ്ഞ വെങ്കി അറ്റ്ലൂരിയ്ക്ക് 'വാത്തി' നല്ലൊരു പേര് സമ്മാനിക്കും എന്നത് ഉറപ്പാണ്. 


ചുരുക്കി പറഞ്ഞാൽ...

റിയലിസ്റ്റിക് ജീവിതത്തെ വെല്ലുന്ന അതിഭീകര റിയലിസ്റ്റിക് സിനിമകൾക്കിടയിൽ 'വാത്തി' ചെറിയൊരു ആശ്വാസം തന്നെയാണ്. 'നെഗറ്റിവിറ്റി' പരത്തുന്ന പല സിനിമകളും ഏറെ ജനപ്രീതി നേടുന്ന ഇക്കാലത്ത്, 'അൻപ്' ഒരു പൊടിയ്ക്ക് കൂടുതലാണെങ്കിലും, 'വാത്തി' നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്, ചെറിയ രീതിയിലെങ്കിലും ഒരു 'മാറ്റം' വരണമെന്ന് ചിന്തിപ്പിക്കുന്നുണ്ട്. സന്തോഷം.

തിയേറ്ററിൽ കേട്ടത്

"ഇയാൾക്ക് (ധനുഷ്) പ്രായം കുറഞ്ഞു കുറഞ്ഞാണോ വരുന്നത്? 

സുരേഷ് കുമാർ രവീന്ദ്രൻ