മലയാള സിനിമയിലെ പ്രിയപ്പെട്ട ഒരുപാട് പ്രണയഗാനങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് സിനിമയിലെ "വൈശാഖസന്ധ്യേ..." എന്നു തുടങ്ങുന്ന ഗാനം.ഹൃദ്യമായ ആലാപനവും ഇമ്പമാർന്ന ഓർക്കസ്‌ട്രേഷനും ആ ഗാനത്തെ ഇന്നും പുതുമയോടെ നിലനിർത്തുന്നുണ്ട്. അതിലുപരിയാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ. നായകൻ ദാസനും (മോഹൻലാൽ) നായിക രാധയും (ശോഭന) തമ്മിലുള്ള സൗഹൃദം ഗാഢമാകുന്നതും പ്രണയത്തിലേക്ക് വഴിമാറുന്നതും ഇരുവരുടെയും കണ്ടുമുട്ടലുകളുടെയും ക്രമാനുഗത വളർച്ചയാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ.
ഗാനരംഗമാണെങ്കിൽ കൂടിയും സംവിധായകൻ അതിനെ മുഴുവനായും സിനിമയുടെ കഥയിലേക്കും പ്രധാന കഥാപാത്രങ്ങളുടെ ബന്ധങ്ങളുടെ വളർച്ചയിലേക്കുമൊക്കെ വിശദീകരിക്കുകയാണ്. നഗരത്തിലെ പ്രാരാബ്ദ ജീവിതത്തിനിടയിലും ഇരുവരും തങ്ങൾക്ക് മാത്രമായി കണ്ടുമുട്ടാനും സംസാരിക്കാനുമൊക്കെ ശ്രമിക്കുന്നതും യാതൊരു അതിഭാവുകത്വമില്ലാതെ സിനിമയുടെ കഥാഗതിയുമായി കൂട്ടിച്ചേർത്ത് ഹൃദ്യമായൊരു കാഴ്ചയാക്കി മാറ്റിയിട്ടുണ്ട്.
മറീനാബീച്ചിലെ ഒരു സമാഗമത്തിൽ വെച്ചാണ് ദാസൻ തന്റെ ഭൂതകാലം രാധയോട് വെളിപ്പെടുത്തുന്നത്. താനും വിജയനും (ശ്രീനിവാസൻ ) മുൻപ് അറബിയുടെ വേഷം കെട്ടിയിട്ടുണ്ടെന്നും അതുകേട്ടു രാധ അത്ഭുതപ്പെടുന്നതുമൊക്കെ യാതൊരു സംഭാഷണ ശബ്ദമില്ലാതെ പ്രേക്ഷകന് കേൾക്കാം.
"മീൻകറി സ്റ്റൈലായി വെയ്ക്കണം കേട്ടോ " എന്ന ദാസന്റെ രാധയോടുള്ള ആവശ്യത്തോടെയാണ് ഗാനരംഗം ആരംഭിക്കുന്നത്. അപ്പോഴും തുടർന്നും ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന മുഷിഞ്ഞ വേഷത്തിലാണ് ദാസനെ നമ്മൾ കാണുന്നത്. നഗരതിരക്കിൽ യാദൃശ്ചികമായി പച്ചക്കറി വിൽക്കുന്ന ദാസനെ കാണുമ്പോഴും രാധ, അയാളോടുള്ള സൗഹൃദവും അടുപ്പവും മറയ്ക്കുന്നില്ല. ജീവിക്കാൻ വഴിമുട്ടിയപ്പോൾ 'പഴയ ബീകോം ഫസ്റ്റ് ക്ലാസ്സുകാരന്റെ' ഈഗോ മാറ്റിവെച്ച് ഏത് ജോലിയും ചെയ്യാൻ തയ്യാറായ ദാസന്റെ തിരിച്ചറിവും സത്യസന്ധതയും അധ്വാനവുമാവാം രാധയ്ക്ക് അയാളിൽ അടുപ്പമുണ്ടാക്കുന്നത്.
പിന്നീട് പ്രേക്ഷകർ കാണുന്നത് തമ്മിൽ പറഞ്ഞുറപ്പിച്ച കൂടിച്ചേരൽ ആകണം, ആ സമയത്ത് ദാസൻ നന്നായൊരുങ്ങി ഒരു കാമുകന്റെ ഭാവങ്ങളോടെയാണ്. കഥാപാത്രങ്ങളുടെ സാഹചര്യങ്ങളിൽ നിന്ന് ഒട്ടും മാറാതെ, ആ പ്രണയഗാനത്തെ വളരേ വർണ്ണാഭമായോ ആഘോഷമായോ ഒന്നും സംവിധായകൻ ചിത്രീകരിക്കുന്നില്ല.അവരുടെ സമാഗമങ്ങളൊക്കെ മദ്രാസ് നഗരത്തിന്റെ പ്രധാന വീഥികളിലും പരിസരത്തുമാണ്. ദാസന്റെയും രാധയുടെയും ജീവിതത്തിന്റെ തുടർച്ച തന്നെയാണ് അഥവാ നാടോടിക്കാറ്റ് സിനിമയുടെ കഥാഗതി തന്നെയാണ് ചിത്രീകരിക്കുന്നത്.
ഗാനത്തിന്റെ അവസാനമെത്തുമ്പോൾ ദാസന്റെ ഒരു സ്വപ്നമാണ് കാണിക്കുന്നത്. നഗരത്തിലെ ഒരു മികച്ച വീട്ടിൽ വിവാഹിതരായി രാധയോടും കുഞ്ഞുങ്ങളോടൊപ്പം ജീവിക്കുന്ന ദാസൻ ഒരു സ്‌കൂട്ടറിൽ ഭാര്യയോടും മക്കളോടുമൊപ്പം രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതാണ്. അവിടെയും സംവിധായകൻ ദാസനു സ്വപ്നം കാണാവുന്നതിന്റെ പരിധിയെ കാണിക്കുന്നുണ്ട്. തികച്ചും സാധാരണക്കാരിൽ സാധാരണക്കാരനായ ദാസൻ എത്തിപ്പെടുന്നത് ഒരു ഇടത്തരം വീടും ഒരു സ്‌കൂട്ടറുമൊക്കെയാണ് എന്നുള്ള ഒരു യാഥാർഥ്യത്തിലാണ്. അതിലപ്പുറമുള്ള ആർഭാട ജീവിതമൊന്നും ദാസൻ സ്വപ്നം കാണുന്നില്ല.
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ ഗാനരംഗങ്ങൾ ഒട്ടുമിക്കതും സിനിമയിലെ കഥയോടും കഥാപാത്രങ്ങളോടും അവരുടെ ജീവിത തുടർച്ചകളുടെയുമൊക്കെ ദൃശ്യാവിഷ്കാരങ്ങളായിരുന്നു, പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ. കൂറ്റൻ സെറ്റുകളില്ലാതെ, പേരുകേട്ട ലൊക്കേഷനുകളിലേക്ക് പോകാതെ പലപ്പോഴും സിനിമയുടെ പ്രമേയത്തോടു ചേർന്ന് അതേ കഥാന്തരീക്ഷത്തിൽ അതിലെ കഥാപാത്രങ്ങളുടെ വേഷവിധാനത്തിൽ ആയിരുന്നു പലതും. അതുകൊണ്ട് തന്നെ അവയൊക്കെ ഇന്നും കണ്ടിരിക്കാൻ തോന്നിപ്പിക്കുന്നതാണ് പലതും.
അവസാനമായി പറയട്ടെ, യൂസഫലി കേച്ചേരിയുടെ ഗാനരചന കൊണ്ടും, ശ്യാമിന്റെ സംഗീതം കൊണ്ടും യേശുദാസിന്റെ ആലാപനം കൊണ്ടും "വൈശാഖ സന്ധ്യേ " ഇന്നും കാണാനും കേൾക്കാനും കൊതിപ്പിക്കുന്നുവെങ്കിലും അതിനപ്പുറം അന്നും ഇന്നും എന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും സുന്ദര രൂപത്തിലുള്ള മോഹൻലാലും ശോഭനയുമാണ് ആ ഗാനത്തെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്നത്.