വാണിജയറാമിന്റെ ഇഷ്ടഗാനം

Cafe Special

ഇളം മഞ്ഞിൻ നീരോട്ടം എങ്ങും കുളിരിന്റെ തേരോട്ടം...
ഗായിക വാണിജയറാം തന്റെ മലയാള ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നായി പാതിരാസൂര്യൻ എന്ന സിനിമയിലെ ഈ ഗാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത്രയേറെ പ്രിയപ്പെട്ടതായതിനാൽ ലണ്ടൻ കോൺസർടിൽ ഈ ഗാനം പാടിയതായി ഒരു പഴയകാല  ഇൻറർവ്യൂവിൽ അവർ പറയുന്നുണ്ട്.ദക്ഷിണാമൂർത്തിയാണ് 1981ൽ റിലീസായ പാതിരാസൂര്യനിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പ്രഭാതപ്രകൃതിയെ വർണ്ണിക്കുന്ന ഗാനരചന ശ്രീകുമാരൻ തമ്പിയുടെതാണ്.

പക്ഷേ വാണിജയറാമിന്റെ മികച്ച മലയാളഗാനങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോൾ ആസ്വാദകരുടെ മനസ്സിലേക്ക് "ഇളം മഞ്ഞിൻ നീരോട്ടം..." എന്ന ഗാനം കടന്നു വരാറില്ല. സിനിമയുടെ ടൈറ്റിൽ സോങ് ആയി ഉപയോഗിച്ചതിനാൽ ആവാം ഈ പാട്ടിന് ഇങ്ങനെയൊരു ഗതി വന്നത്. ടൈറ്റിൽ സോങ്ങുകളിൽ എഴുത്തുകൾ ഉള്ളതിനാൽ ടെലിവിഷൻ ചാനലുകളുടെ ചിത്രഗീതം പോലുള്ള സിനിമാഗാന പരിപാടികളിൽ  അവ കാണിക്കാറില്ല.

Ilam Manjin Neerottam

 

പതിഞ്ഞ താളത്തിലുള്ള ഈ ഗാനത്തിന്റെ രാഗം ഹരികാംബോജി എന്ന് കണ്ടുപിടിച്ച് m3db.com ഡാറ്റാബേസിൽ മാർക് ചെയ്തിട്ടുണ്ട്. വിസ്മൃതമായ മെലഡികൾ m3db.com/raga  രാഗപേജിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ കൂടുതൽ ആസ്വാദകരിലേക്ക് എത്തി അവയ്ക്ക് പുതുജീവൻ കൈവരുന്നു. ശ്രദ്ധിക്കപ്പെടേണ്ട ഈ ഗാനം ഗായകർ റിയാലിറ്റി ഷോകളിൽ പാടാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

ജയചന്ദ്രനാണ് വാണിജയറാമിന്റെ  പാട്ടിന് ഹമ്മിങ് പാടിയിരിക്കുന്നത്. യേശുദാസും ജയചന്ദ്രനും വെവ്വേറെ സോളോ ആയി പാടിയ "സൗഗന്ധികങ്ങളെ വിടരുവിൻ..." എന്ന ഗാനം ഉണ്ടെന്ന പ്രത്യേകതയും പാതിരാസൂര്യൻ എന്ന സിനിമയ്ക്കുണ്ട്.

 

Comment