''പതിവ് ക്രൈം സ്‌റ്റോറിയല്ല വേല പറയുന്ന കഥ മറ്റൊന്നാണ് '' തിരക്കഥാകൃത്ത് എം. സജാസ് സാംസാരിക്കുന്നു

Interviews

കണ്ണൂരിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ശനിയും ഞായറും പിന്നെ എല്ലാ അവധി ദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടി പടിച്ച് എത്തുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഡിഗ്രി ക്ലാസ് മുതൽ തുടങ്ങിയ പതിവ് എം.ബി.എ പഠനത്തിന്റെ തിരക്കിലും അയാൾ മാറ്റിവച്ചില്ല. കാരണം കഥകളാണ് മനസ് നിറയെ, അതിലുമേറെ സ്വപ്‌നം സിനിമയാണ്. അങ്ങനെ ആഗ്രഹിച്ച്, യാത്ര ചെയ്ത് സിനിമയിലെത്തിയ എം. സജാസ് എന്ന അന്നത്തെ ചെറുപ്പക്കാരൻ തിരക്കഥയെഴുതിയ പുതിയ സിനിമയാണ്  'വേല'  സിനിമയിലേക്ക് വന്ന വഴികളെ കുറിച്ച് സജാസ്  സംസാരിക്കുന്നു.

'വേല' യെ കുറിച്ച് പറഞ്ഞുതുടങ്ങാം?
ക്രൈം ഡ്രാമ ജോർണറിൽപ്പെട്ട ഒരു ചിത്രമാണ് 'വേല' എന്ന് പറയാം . സ്ഥിരം ക്രൈം ഇൻവെസ്റ്റിഗേഷൻ മൂവി എന്നതിൽ നിന്നും വ്യത്യസ്തമായി സഞ്ചരിക്കുന്ന കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലുള്ള ഒരു സമീപനമാണിത്. കഥയുടെ ടൈംലൈൻ പറയുകയാണെങ്കിൽ ഒരു ദിവസം രാത്രി തുടങ്ങി അടുത്തദിവസം രാത്രിയ്ക്കിടെ പറഞ്ഞുപോകുന്ന കഥയാണ്. അതിനകത്ത് പൊലീസും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ജീവിതമാണ് പറയുന്നത്. കൺട്രോൾ റൂമിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു പൊലീസുകാരന് പലതരം കോളുകൾ വരും. ഈ കോളുകൾ അറ്റൻഡ് ചെയ്യുകയും സംസാരം തുടരുന്നതിനിടെ തന്നെ ഈ വിളിക്കുന്നയാളുടെ വിവരങ്ങളും ലൊക്കേഷനുമുൾപ്പടെ എടുക്കാൻ പറ്റുന്ന വിവരങ്ങളെല്ലാം എടുക്കുകയും സത്യസന്ധമാണെന്ന് ഉറപ്പിക്കുകയും അതേ സമയം പ്രശ്‌നമുള്ള കാര്യമാണെങ്കിൽ ലൊക്കേഷൻ മനസിലാക്കി ആ പരിധിയിലുള്ള ഉദ്യോഗസ്ഥരെ അലർട്ട് ചെയ്യുകയും വേണം. ആ കോളുകൾ കൃത്യമായി ആശയവിനിമയം ചെയ്യപ്പെട്ടിട്ടുണ്ടോ, റിസൽട്ട് ഉണ്ടായിട്ടുണ്ടോ എന്ന വിവരം കൂടി മനസിലാക്കുമ്പോൾ മാത്രമേ ഈ പൊലീസുകാരുടെ ജോലി തീരുന്നുള്ളൂ. ഇത്തരത്തിലുള്ള സിസ്റ്റമാണ് കാണിക്കുന്നത്. ഈ സംഭവങ്ങൾക്കിടയിലുള്ള കഥയാണ് സിനിമ.

കഥയ്ക്ക് പ്രചോദനമായ എന്തെങ്കിലും അനുഭവങ്ങളുണ്ടോ?
എന്റെ കയ്യിൽ കുറച്ചധികം ഷോർട്ട് സ്‌റ്റോറികളുണ്ടായിരുന്നു. എഴുതി വച്ചതിൽ ത്രില്ലർ സ്വഭാവമുള്ള ഒരു കഥ ഇതായിരുന്നു. നമുക്ക് ഒതുങ്ങിയ ബജറ്റിൽ ചെയ്യാൻ പറ്റുന്നതും അത്യാവശ്യം സിനിമാറ്റിക്കും അതേ സമയം റിയലിസ്റ്റിക്കുമായുള്ള ഫീലിൽ ചെയ്യാൻ പറ്റുന്ന ഒരു ത്രില്ലർ എന്ന രീതിയിലായിരുന്നു ആലോചിച്ചത്. ഒരു കൊലപാതകിയെ കണ്ടുപിടിക്കുന്നു എന്ന രീതിയിലല്ലാതെ റിവേഴ്‌സായി ആലോചിക്കാമെന്ന് വിചാരിച്ചു. ഈ സാഹചര്യങ്ങൾ കൂടി വച്ചുകൊണ്ട് എൻഗേജിംഗ് ആയ ഒരു ഡ്രാമ നോക്കിയാലോ എന്ന ചിന്തയിൽ നിന്നാണ് ഈ സിനിമയിലേക്ക് എത്തിയത്. ഉദാഹരണമായി പറഞ്ഞാൽ ഷേക്‌സ്പിയർ നാടകമെടുത്താൽ മൂന്നോ നാലോ കഥാപാത്രങ്ങൾ സംസാരിക്കുന്ന രംഗങ്ങൾ ധാരാളം കാണാം. ചിലപ്പോൾ യുദ്ധാനന്തരമുള്ള ഒരു സിറ്റുവേഷൻ ആയിരിക്കുമത്. യുദ്ധം നേരത്തെ കഴിഞ്ഞിട്ടുണ്ടാകും. ഇതേ പോലെ രണ്ടോ മൂന്നോ കഥാപാത്രങ്ങൾ ഒരു കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ഒരു കഥയിലേക്ക് സഞ്ചരിക്കുന്ന വഴി എന്ന രീതിയിലുള്ള എന്റെ ഒരു പരിശ്രമമാണിത്. കഥാപാത്രങ്ങൾ മുന്നോട്ട് പോകുന്നതനുസരിച്ചാണ് സിറ്റുവേഷനുകൾ മാറി മാറി വരുന്നത്.

തിരക്കഥയാകുമ്പോൾ ആ സിസ്റ്റത്തെക്കുറിച്ച് അറിയേണ്ടതല്ലേ?
കഥ തിരക്കഥയായി മാറാൻ മൂന്നുമാസത്തെ സമയമെടുത്തു. പൂർണമായ ഒരു ചട്ടക്കൂടിനകത്തു നിന്നേ ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും മുന്നോട്ട് നീങ്ങൂ എന്ന് എഴുതി വന്നപ്പോഴാണ് എനിക്കും മനസിലായത്. അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇമേജിനഷൻ വഴി ഒന്നും തന്നെ കൊണ്ടു വരാൻ പറ്റില്ല. ആ പാരാമീറ്ററിനകത്തു നിന്നും പെട്ടെന്നു തന്നെ തിരക്കഥയിലേക്ക് എത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. അത്യാവശ്യം പഠനമൊക്കെ നടത്തി. ഞങ്ങൾക്ക് കുറച്ച് സംശയങ്ങളുണ്ടായിരുന്നു. ഒരു പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരു കോൾ വരുമ്പോഴുള്ള പെട്ടെന്ന് ഒരു കോളോ, കേസോ വരികയാണെങ്കിൽ എന്താണ് നടപടിക്രമങ്ങൾ. അതേ പോലെ അവർ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷയുണ്ടാവും. അവർ പാലിക്കേണ്ട പ്രോട്ടോകോൾ, അവരുടെ ഒരു സിസ്റ്റം, ഉദ്യോഗസ്ഥതലം എന്നിങ്ങനെ കുറേ കാര്യങ്ങളുണ്ട്.

'വേല' മുഴുവനായി പൊലീസ് കഥയാണോ?
ഒരു യൂണിഫോമിന്റെ രാഷ്ട്രീയം ചെറുതായെങ്കിലും പറഞ്ഞുപോകുന്നുണ്ട് സിനിമയിൽ. വേല എന്നു പറയുമ്പോൾ ജോലി എന്നാണല്ലോ... ഒരു സാധാരണക്കാരനെ സംബന്ധിച്ച് അവർക്കില്ലാത്ത എന്തോ പവർ യൂണിഫോമിനുണ്ട്. യൂണിഫോമിട്ടിരിക്കുന്നത് സിവിൽ പൊലീസാണെങ്കിലും സുപ്പീരിയറാണെങ്കിലും അവർക്കൊരു പവർ ഉണ്ട്. ആ പവർ എന്നു പറയുന്നത് എത്രത്തോളം ഉണ്ട് എന്നതാണ് ചോദ്യം. ഒരു സിവിൽ പൊലീസ് ഓഫീസർക്ക് ഇവിടെ നിന്ന് നൂറുമീറ്റർ പോകാൻ കഴിയുമെങ്കിൽ ഒരു സബ് ഇൻസ്‌പെക്ടർക്ക് ഇരുന്നൂറ്റമ്പത് മീറ്ററോളം പോകാം. ആ ദൂരം മാത്രമേ ആ ഉദ്യോഗസ്ഥന് പോകാൻ കഴിയൂ. അവിടെ നിന്നും ഒരിഞ്ചു മുന്നോട്ടു പോകണമെങ്കിൽ ആ ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്‌പെക്ടറാവണം. ഓരോ അധികാരശ്രേണിക്കും ഓരോ പരിമിതിയുണ്ട്. ആ പരിധിയ്ക്ക് അപ്പുറത്ത് കടക്കാത്തതിന്റെ ഒരു വീർപ്പുമുട്ടൽ അവർക്കുണ്ടാകും. ആ ഒരു അവസ്ഥ ഒാരോ പൊസിഷനിലും നിൽക്കുമ്പോൾ അവർ തിരിച്ചറിയുന്നുണ്ട്.

നായകർ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണോ?
അങ്ങനെയല്ല. പക്ഷേ, കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ചില തടസങ്ങൾ കഥാപാത്രങ്ങൾ മുന്നോട്ടു പോകുമ്പോൾ ഉണ്ടാകുന്നുണ്ട്.

സംവിധായകൻ ശ്യാമുമായുള്ള അടുപ്പം എങ്ങനെയാണ്?
ഒരുപാട് വർഷത്തെ സൗഹൃദമുണ്ട് ശ്യാമുമായി. ഞങ്ങൾ ഒരുമിച്ച് പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ശ്യാം മറ്റു ചില സിനിമകളുടെ ചർച്ചകളിലൊക്കെയായിരുന്നു. പ്രത്യേക പ്ലാനിംഗൊന്നുമില്ലാതെ സംഭവിച്ചതാണ് ഞങ്ങൾ ഒന്നിച്ചുള്ള ഈ സിനിമ.

സിദ്ധാർത്ഥ് ഭരതൻ എങ്ങനെയാണ് പ്രൊജക്ടിലേക്ക് വന്നത്?
ആ കഥാപാത്രം ചെയ്യാൻ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന മുഖമല്ലാതെ വേണമെന്നുണ്ടായിരുന്നു. സിദ്ധാർത്ഥ് നല്ലൊരു നടൻ കൂടിയാണ്. പുള്ളിയിലുള്ള അഭിനേതാവിനെ നന്നായി ഉപയോഗിക്കാം എന്ന ചിന്തയായിരുന്നു. നല്ല രീതിയിൽ അത് വർക്കൗട്ടായി. ആദ്യം സിദ്ധാർത്ഥ് ഓകെയായിരുന്നില്ല. കാരണം ആദ്യമായാണ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലോചിക്കാൻ രണ്ടുദിവസമെടുത്തെങ്കിലും ഉത്തരം ഞങ്ങളെയും ഹാപ്പിയാക്കി.

കൊച്ചിയാണോ കഥാപരിസരം?
അല്ല. പാലക്കാടാണ് കഥ നടക്കുന്നത്. കഥാപശ്ചാത്തലത്തിനും സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. ഈ കഥ പറയാൻ പാലക്കാടാണ് ഏറ്റവും അനുയോജ്യം എന്ന് തോന്നിയതുകൊണ്ടാണ് അങ്ങോട്ടേക്ക് പോയത്.

സജാസിന്റെ സിനിമാപശ്ചാത്തലം എങ്ങനെയാണ്?
കണ്ണൂരാണ് സ്വദേശം. ചെറുപ്പം തൊട്ടേ ഉള്ള പാഷനായിരുന്നു സിനിമ. സിനിമ പഠിക്കാൻ ഫിലിം സ്‌കൂളുണ്ടെന്ന് വളരെ പതിയെയായിരുന്നു ഞാൻ മനസിലാക്കിയത്. ബാച്ച്‌ലർ ഇൻ ഫാർമസി പഠിച്ചു. ഇതൊന്നുമല്ല, സിനിമയാണ് വഴിയെന്ന ഉള്ളിലുള്ള തോന്നൽ ശക്തമാകാനും ആത്മവിശ്വാസം വരാനും ഡിഗ്രി കഴിയേണ്ടി വന്നു. പിന്നെ മീഡിയാ മാനേജ്‌മെന്റിൽ എം.ബി.എ ചെയ്തു. ഈ സമയത്തൊക്കെ സിനിമ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നറിയാനും ഈ മേഖലയിലെ ആളുകളിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാം എന്നും കരുതിയുള്ള കഠിനമായ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. ഐ.എഫ്.എഫ്.കെ പോലെയുള്ള സിനിമാമേളകളിലെ നിത്യസന്ദർശകനായിരുന്നു. കുറേ പേരെ പരിചയപ്പെട്ടു. നല്ല സുഹൃത്തുക്കളെ അവിടെ നിന്നൊക്കെയാണ് കിട്ടിയത്. സിനിമാരംഗത്തുള്ളവർ, അത് നന്നായി പഠിച്ചവർ, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ.... ചർച്ചകളും പഠനവും തിരിച്ചറിവും ഒക്കെയായി സിനിമയുടെ ലോകം വിശാലമായത് അവിടെ നിന്നാണ്.

പ്രയാസപ്പെട്ട യാത്രയായിരിക്കും അല്ലേ?
ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. പഠിക്കുന്ന സമയത്ത് കണ്ണൂരിൽ നിന്നും അത്ര ദൂരം സഞ്ചരിച്ചാണ് സിനിമാസെറ്റുകളിലേക്കും ആളുകളെ കാണാനുമായും എത്തിയിരുന്നത്. എന്റെ ശനി, ഞായർ ദിവസങ്ങളൊക്കെ ഈ യാത്രയ്ക്കായി മാറ്റിവച്ചിരുന്നു. ഇതിനിടയിൽ ഷോർട്ട് ഫിലിം പോലെയുള്ള ശ്രമങ്ങളൊക്കെ നടത്തി. ഞാൻ ചെയ്ത രണ്ടോ മൂന്നോ ഷോർട്ട് ഫിലിം പുറത്തിറക്കാൻ പോലും പറ്റിയിട്ടില്ല. എങ്ങനെയൊക്കെ ചെയ്താലും നമ്മൾ കാണുന്നതു പോലെയുള്ള സിനിമ പോലെ ആവുന്നില്ല എന്ന് മനസിലായി. പിന്നെ അത് ചെയ്ത് ചെയത് ശരിയാക്കിയെടുക്കുക എന്നു മാത്രമായിരുന്നു. അയാൾ ഞാനല്ല എന്ന ചിത്രത്തിന്റെ കോറൈറ്ററായിരുന്നു ഞാൻ. അതിനു മുമ്പ് കുറേ സിനിമകളുടെ കഥ ഇപ്പോ നടക്കും ഇപ്പോ നടക്കില്ല എന്ന രീതിയിൽ എഴുതിവച്ചിട്ടുണ്ട്.

ഈയടുത്ത് യുവസംവിധായകരും എഴുത്തുകാരും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ടല്ലോ?
അതൊരു വലിയ പ്രതീക്ഷയാണ്. അങ്ങനെ എല്ലാവർക്കും ആ ഒരു ദിവസം വരും. അവിടേക്ക് എത്തിപ്പെടുന്നതിനൊപ്പം അത് തുടരാനും കഴിയുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം.

Vela Trailer | Shane Nigam | Sunny Wayne | Sidharth B |Sam CS | Cyncyl C | Wayfarer films

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക