സിനിമ പിടിക്കാൻ പോണു എന്ന് വിധു വിൻസെന്റ് പറഞ്ഞപ്പോൾ പെൻഷൻ കാശ് നീട്ടി ഇതിരിക്കട്ടെ എന്നായിരുന്നു അച്ഛൻ എം.പി. വിൻസെന്റ് പറഞ്ഞത്. അങ്ങനെയുള്ള അപ്പൻമാർ ഇന്ന് അത്ര അധികം കാണില്ല. പ്രത്യേകിച്ചും മകൾ ഇങ്ങനെയൊരു തീരുമാനം പറയുമ്പോൾ. അതായിരുന്നു വിധുവിന് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പിന്തുണ. തന്റെ എല്ലാ കുത്സിത പ്രവർത്തനങ്ങളുടെയും പിന്തുണ പപ്പയായിരുന്നു എന്ന് വിധു തന്നെ ഓർമ്മ കുറിച്ചിട്ടുണ്ട്.
മകളെയും മകൾ എന്ന വ്യക്തിയെയും കൃത്യമായുള്ള മനസിലാക്കൽ ആകട്ടെ, 'മാൻഹോൾ' എന്ന സിനിമയുടെ നിർമ്മാണത്തിൽ വരെയെത്തി. പെൺമക്കളെ വിവാഹം കഴിച്ചയക്കാനും പഠിപ്പിക്കാനും മാത്രം മാതാപിതാക്കൾ തയ്യാറാവുന്നിടത്താണ് മകൾ സിനിമയ്ക്ക് പിന്നാലെയാണെന്ന് അറിഞ്ഞപ്പോൾ ഒരു ചോദ്യം പോലും കൂടുതൽ ചോദിക്കാതെ വിൻസെന്റ് കൂടെ നിന്നത്. 'മാൻഹോൾ' എന്ന ചിത്രത്തിന്റെ നിർമ്മാതാവായി അദ്ദേഹം മകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അങ്ങനെ ധൈര്യത്തോടെ പറയാനുളള സാമ്പത്തിക ധൈര്യം പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ഉള്ളിലെ comradery യെ വിധു എന്ന മകൾ തിരിച്ചറിഞ്ഞ നിമിഷവും അതായിരുന്നു. പെൻഷൻ കാശ് എടുത്ത് മകൾക്ക് നൽകുമ്പോൾ സമൂഹത്തിന്റെ ഓരത്തേക്ക് മാറ്റി നിറുത്തപ്പെട്ടവരുടെ ജീവിതങ്ങൾക്ക് സിനിമയുടെ ലോകത്ത് കച്ചവടസാദ്ധ്യത ഒട്ടുമില്ലെന്ന് നന്നായി അറിയാമായിരുന്നു അദ്ദേഹത്തിന്. ആ പണം കൊണ്ട് നിർമ്മിച്ച സിനിമ സമൂഹത്തോടു സംസാരിക്കുമെന്ന ഉറപ്പും ദീർഘദർശിത്വവും മനുഷ്യത്വവുമായിരുന്നു അതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
വിധുവിനെ വിധുവാക്കിയ ഓരോ ഘടകത്തിലും പപ്പ എന്ന ജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു. അത് ഒരുപാട് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് വിധു പപ്പയെക്കുറിച്ച് ഓർക്കുന്നു. ചിന്ത, എഴുത്ത്, വായന എന്നിങ്ങനെ പല തലങ്ങളിൽ വിധുവിനെ പപ്പ സ്വാധീനിച്ചു. വാടക വീടുകളിൽ കഴിയുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഞെരുക്കങ്ങൾ വന്നു പൊതിയുമ്പോഴും പ്രഭാത് ബുക്ക് ഹൗസിൽ നിന്നും ആ വീട്ടിലേക്ക് കൃത്യമായി റഷ്യൻ കഥാപുസ്‌തകങ്ങൾ വന്നു കൊണ്ടിരുന്നു. വായിച്ചു വളർന്ന കുട്ടികളുടെ കൈകളിലേക്ക് പുസ്‌തകങ്ങൾ എത്തുന്നതിൽ ഒരു മുടക്കവും വന്നതേയില്ല. വായന മക്കളെ വളർത്തുമെന്ന് മറ്റാരേക്കാളും നന്നായി വിൻസെന്റ് മാഷിന് അറിയാമായിരുന്നു. ആ കാഴ്‌ചപ്പാട് ശരിയായിരുന്നു എന്ന് പിന്നീട് കാലവും തെളിയിച്ചു. ആ വായനയിൽ നിന്ന് രസം കണ്ടെത്തിയവിധുവും സഹോദരനും ചുക്കും ഗെക്കുമായി വേഷം മാറി കളിച്ചു. ചിലപ്പോൾ അവർ തീപ്പക്ഷിയിലെ ഇവാൻ രാജകുമാരനും തവള രാജകുമാരിയുമായി. അതുമല്ലെങ്കിൽ ചെക്കോവിന്റെ വാൻകയായി അവർ കളിച്ചു തിമിർത്തു നടന്നു. ഈ കളി കാര്യത്തിലേക്ക് കടക്കുമ്പോൾ അടിപിടിയാകുമ്പോൾ അവർക്കിടയിൽ ചൂരലുമായി പപ്പയെത്തുമായിരുന്നു. അപ്പോൾ അദ്ദേഹം ബാബയാഗ മന്ത്രവാദിയെ പോലെയാകുമെന്നാണ് വിധു ഓർത്തിരുന്നത്.
പ്രിയപ്പെട്ട പപ്പ യാത്രയാകുമ്പോൾ വിധു എഴുതിയ അക്ഷരങ്ങളിൽ ആ ഓർമ്മ നന്നായുണ്ട്, സൈബീരിയൻ മഞ്ഞു കാടുകളിൽ അച്‌ഛനെ തിരഞ്ഞുപോയ ചുക്കും ഗെക്കുമാകാൻ തനിക്കും വിനുവിനും കഴിയണമെന്ന് വിധു ആഗ്രഹിക്കുമ്പോൾ പപ്പ എന്ന രണ്ടക്ഷരം സ്‌നേഹവും പ്രാണനുമായി അവരുടെ ഉള്ളിൽ ആഴപ്പെടുന്നു.