വിദ്യാസാഗറെ മലയാളികൾ ഇഷ്ടപ്പെട്ടത് എന്തു കൊണ്ട്?

Music

എത്ര എഴുതിയാലും മതി വരാത്ത ഒരു വിഷയമാണ്‌ വിദ്യാസാഗർ.

മലയാള സംഗീതത്തിൽ വലിയ തോതിൽ സ്വാധീനമുണ്ടാക്കിയ ഒന്നായിരുന്നു വിദ്യാസാഗർ എന്ന സംഗീതജ്ഞന്റെ കടന്നു വരവ്. രണ്ടു പേർക്കും, മലയാളത്തിനും വിദ്യാസാഗറിനും, ഒരു പോലെ പ്രിയതരമായി മാറിയ ഒരു കൂട്ടുകെട്ടായിരുന്നു അത്. എക്കാലത്തും ഓർമ്മിക്കപ്പെടുന്ന മധുരതരമായ ഏതാനും ഗാനങ്ങൾ ഈ കാലഘട്ടത്തിൽ വിദ്യാസാഗറിൽ നിന്നും ഗാനാസ്വാദകർക്ക് ലഭിക്കുകയുണ്ടായി.

എന്തു കൊണ്ടായിരുന്നു മറ്റൊരിടത്തും ലഭിക്കാതിരുന്ന ഒരു സ്വീകാര്യത മലയാളത്തിൽ വിദ്യാസാഗറിനു ലഭിച്ചത്?

അതിന്‌ വിദ്യാസാഗറിന്റെ ആദ്യകാല ഗാനങ്ങളെക്കുറിച്ച് ഒന്ന് വിവരിക്കേണ്ടി വരും.

“പൂമനം” ആയിരുന്നല്ലോ വിദ്യാസാഗർ സ്വതന്ത്ര സംഗീത സംവിധായകൻ ആകുന്ന ആദ്യ ചിത്രം. നല്ലൊരു ഗാനം തന്നെ ആയിരുന്നു ദിനേശും ചിത്രയും ആലപിച്ച “എൻ അൻപേ എൻ നെഞ്ചിൽ”. ഉടൻ തന്നെ സത്യാ മൂവീസിന്റെ “നിലാ പെണ്ണേ”(ദിവ്യഭാരതി അഭിനയിച്ച തമിഴ് ചിത്രം), സീത, അത്താ നാൻ പാസ് ആയിട്ടേൻ തുടങ്ങിയ ചിത്രങ്ങൾ പുറത്തു വന്നു. പക്ഷെ നല്ല ഗാനങ്ങൾ തുലോം കുറവായിരുന്നു. തെലുങ്കിൽ ധാരാളം അവസരങ്ങൾ അദ്ദേഹത്തിനു ലഭിച്ചുവെങ്കിലും തമിഴിൽ അദ്ദേഹത്തിന്‌ അവസരങ്ങൾ നന്നേ കുറവായിരുന്നു എന്നു മാത്രമല്ല, ചെയ്ത നല്ല ഗാനങ്ങളാകട്ടെ അധികം പോപ്പുലറായതുമില്ല. “മണിത്തൂറൽ പോടും”(എസ്.പി.ബി), “മീട്ട് എനൈ മീട്ട്”(എസ്.പി.ബി, ചിത്ര) എന്നീ രണ്ട് എണ്ണം പറഞ്ഞ ഗാനങ്ങൾ ഉണ്ടായിട്ടും “മാതങ്കൾ ഏഴ്‌” എന്ന ചിത്രം വിദ്യാസാഗറിന്‌ ഒരു ഗുണവും ചെയ്തില്ല. ചില ചിത്രങ്ങൾ പരാജയം ആയിരുന്നു, മറ്റു ചില നല്ല ഗാനങ്ങൾ കാസറ്റിൽ മാത്രമായി ഒതുങ്ങി. ചില ഗാനങ്ങൾ ഗ്ളാമറിന്റെ അതിപ്രസരം കൊണ്ട് അതിലെ സംഗീതത്തിന്റെ മികവ് അവഗണിക്കപ്പെട്ടു. ഭാരതിരാജയുടെ ചിത്രം ആയിരുന്നിട്ടു കൂടി “പശും പൊൻ“ വിദ്യാസാഗറിന്‌ പ്രതീക്ഷിച്ച മൈലേജ് നൽകിയില്ല.

ഈ സമയം ആയപ്പോഴേക്കും വിദ്യാസാഗർ വലിയ ഒരു ആശയക്കുഴപ്പത്തിൽ വീണു കഴിഞ്ഞിരുന്നു എന്ന് അദ്ദേഹത്തിന്റെ സൃഷ്ടികൾ വ്യക്തമായ സൂചിപ്പിക്കുന്നു. അടിസ്ഥാനപരമായി മെലഡി ഒരുക്കുന്നതിൽ അതീവ തല്പരനായിരുന്ന വിദ്യാസാഗർ നില നിൽപിനായി ട്രെൻഡ് സംഗീതം പ്രയോഗിക്കാൻ നിർബന്ധിതനായിത്തീർന്നു. ”കർണ്ണ“ യും, ”വില്ലാദി വില്ലൻ“ ഉം, ”പുതയൽ“ -- ഈ ചിത്രങ്ങളിലെല്ലാം അത്തരം ഗാനങ്ങൾ കേൾക്കാം. ”മുക്കാല“ തുടങ്ങി വച്ച ഒരു ട്രെൻഡ് ആയിരുന്നല്ലോ ഫാൾസ് വോയിസിൽ പാടുന്ന മനോയും കൂടെ സ്വർണ്ണലതയും - അതിലേക്കുള്ള വിദ്യാസാഗറിന്റെ സംഭാവനയായിരുന്നു ”എയ് ശബ്ബാ“, ”തീം തലക്കടി തില്ലാല്ലേ“ എന്നീ ഗാനങ്ങൾ. ഈ ആൽബങ്ങളൊക്കെ മെലഡിയുടെ സാന്നിധ്യം കൊണ്ടും  സന്തുലിതമായിരുന്നു. പക്ഷെ ആ മെലഡികളൊന്നും (മലരേ മൌനമാ ഒഴികെ) വിദ്യാസാഗറിന്‌ പ്രത്യേകിച്ച് ഗുണം ഒന്നും ചെയ്തില്ല.

അർജുൻ സർജയുടെ ഏതാനും ചിത്രങ്ങളാണ്‌ വിദ്യാസാഗറിനെ തമിഴിൽ സജീവമായി നില നിർത്തി പോന്നത്. ”ഒരു തേതി പാത്താൽ“(കോയമ്പത്തൂർ മാപ്പിളൈ) മികച്ച ഒരു ഗാനമായിരുന്നു. പടം പരാജയപ്പെട്ടതിനാൽ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. ഏ ആർ റഹ്മാനും ഇളയരാജയും ദേവയും കയ്യടക്കി വച്ചിരുന്ന തമിഴ് സ്പേസിൽ സ്വന്തമായ ഒരു ഇടം സൃഷ്ടിക്കാൻ വിദ്യാസാഗർക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു.  വളരെ നല്ല ഗാനങ്ങൾ ആദ്യത്തെ തവണ പോപ്പുലറാകാതിരിക്കുക, അതേ ഈണങ്ങൾ പിന്നീട് മറ്റു ഭാഷകളിൽ പ്രയോഗിക്കുമ്പോൾ ശ്രദ്ധ നേടുക - ഒരു പക്ഷെ വിദ്യാസാഗർ എന്ന സംഗീതജ്ഞനു മാത്രം നേരിട്ടിട്ടുള്ള പ്രതിഭാസം ആയിരിക്കും അത്.
താഴത്തെ പട്ടിക ഒന്നു ശ്രദ്ധിക്കൂ...
1. എൻ അൻപെ എൻ നെഞ്ചിൽ(പൂമനം) - മെയ് മാസം ജൂണോടായി(ആലീസ് ഇൻ വണ്ടർലാൻഡ്)
2. മീട്ട് എനൈ മീട്ട്(മാതങ്കൾ ഏഴ്) - ആരോ വിരൽ നീട്ടി(പ്രണയവർണങ്ങൾ)
3. ഭൂമിയേ ഭൂമിയേ പൂമഴൈ(ചെങ്കോട്ടൈ) - എത്രയോ ജന്മമായി(സമ്മർ ഇൻ ബത്‌ലെഹേം)
4. ഊഹലലൊ ഊപിരിലോ(ഊർമ്മിള) - വെള്ളി നിലാ തുള്ളികളോ(വർണ്ണപ്പകിട്ട്)
5. പൂതിരുക്കും വനമേ(പുതയൽ) - മായികയാമം മധു ചൊരിഞ്ഞു(സിദ്ധാർത്ഥ)
6. ഒകടെ കോരിക(ചിരുനവ്വുല വരമിസ്താവ) - മലരേ മൌനമാ(കർണ്ണാ)
(ഇതിനിടയിൽ “ജയ് ഹിന്ദ്” ഇലെ “ബോധൈയേറി പോച്ച്” എന്ന ഗാനം രാജേഷ് റോഷൻ ഹിന്ദിയിൽ “ഭോലി ഭാലി ലഡ്കി” ആക്കുകയും ചെയ്തു.)

എസ്.പി.ബി പലയാവർത്തി പാടി റിക്കാർഡ് ചെയ്ത കഥ നമ്മൾ കേൾക്കുന്ന “മലരേ മൌനമാ” പോലും തെലുങ്കിൽ ആയിരുന്നു ആദ്യം ഇറങ്ങുന്നത്. തെലുങ്കിൽ ആ പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ തമിഴിൽ ആ ഗാനം തരക്കേടില്ലാത്ത ജനശ്രദ്ധ പിടിച്ചു പറ്റി. ആ പാട്ടിന്‌ അത്രയും ഒരു വിസിബിലിറ്റി അന്ന് കാലത്ത് ലഭിക്കാൻ ഒരു പ്രധാന കാരണം “കർണ്ണ” എന്ന ചിത്രത്തിന്റെ വിജയവും ആ ആൽബത്തിലെ “പുത്തം പുതു ദേശം”, “ഏയ് ശബ്ബാ”, “കണ്ണിലേ കണ്ണിലേ സൺ ടിവി” എന്നീ മറ്റു ഗാനങ്ങളുടെ സന്നിധ്യവും ഒക്കെ ആയിരുന്നു.

ഈ സമയത്താണ്‌ “അഴകിയ രാവണൻ” ഒരുങ്ങുന്നത്. വിദ്യാസാഗറിന്‌ മലയാളത്തെ എത്രത്തോളം ആവശ്യമായിരുന്നു എന്നത് ഈ കഥ കേൾക്കുമ്പോൾ തന്നെ വ്യക്തമാണല്ലോ. ഇനി മലയാളത്തിന്‌ വിദ്യാസാഗറിനെ എത്ര കണ്ട് ആവശ്യമായിരുന്നു എന്നു നോക്കാം.

മലയാള സംഗീതം ഒരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരു സമയം ആയിരുന്നു അത്. എസ്.പി.വെങ്കിടേഷിന്റെ ആധിപത്യവും സ്വാധീനവും ഏറെക്കുറെ പൂർണ്ണമായിരുന്ന കാലം. നല്ല പാട്ടുകൾ ഇറങ്ങിയിരുന്നെങ്കിലും അതൊക്കെ വർഷങ്ങളായി നില നിന്നിരുന്ന ഒരു “മലയാളിത്ത” ത്തിനകത്ത് ഒതുങ്ങി നിന്നു. “പുതുമ” എന്നൊരു ഘടകം തീരെ ഇല്ലായിരുന്നു എന്നു മാത്രമല്ല, നിരവധി ഗാനങ്ങൾ ഒരുക്കിക്കൊണ്ടിരുന്ന എസ്.പി.വെങ്കിടേഷിന്റെ വ്യത്യസ്തതയില്ലാത്ത ശൈലി ഏറെക്കുറെ ആവർത്തനവിരസതയുടെ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. മറ്റു സംഗീതജ്ഞരുടെയും നല്ല ഗാനങ്ങൾ ഒരു ചെറിയ ഒരു റേഞ്ജിനകത്ത് മാത്രമായി പരിമിതപ്പെട്ടു. (നല്ല ഗാനങ്ങൾ ഇല്ല എന്നല്ല ആ പറഞ്ഞതിനർത്ഥം.) ഇതിനിടയിലാണ്‌ അയൽപക്കത്ത്, തമിഴകത്ത്, ഒരു സംഗീത വിപ്ളവം തന്നെ അരങ്ങേറുന്നത്. പുതിയ തരം സംഗീത രീതികൾ, പുതിയ ശബ്ദങ്ങൾ, പുതിയ സാങ്കേതികത, പുതിയ ഗായകർ എന്നിങ്ങനെ അക്ഷരാർത്ഥത്തിൽ തമിഴ് സംഗീതം കീഴ്മേൽ മറിഞ്ഞ ഒരു കാലം. അതിന്റെ അനുരണങ്ങൾ അങ്ങു ഹിന്ദി വരെ എത്തിച്ചേർന്നു. അപ്പോഴും മലയാളത്തിലെ വ്യവ്സ്ഥാപിത രീതികൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അതിന്‌ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ബഡ്ജറ്റ്. രണ്ട്, പുതിയ തരം പരീക്ഷണങ്ങൾ മലയാള ഗാനാസ്വാദകർ  സ്വീകരിക്കുമായിരുന്നോ എന്ന ഒരു സംശയം അണിയറപ്രവർത്തകർക്ക്  ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. അതു കൊണ്ടു തന്നെ മലയാളസിനിമാസംഗീതം, അന്നും മദ്രാസ്സിൽ തന്നെയായിരുന്നെങ്കിലും,  പുതിയ സംഗീതശീലുകളെ അകറ്റി തന്നെ നിർത്തി. മലയാളത്തിൽ അക്കാലത്ത് വലിയ ജനപ്രീതി നേടിയിരുന്നത്  ലളിത/ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മാത്രം ആയിരുന്നു. ഇടയ്ക്കൊക്കെ പാശ്ചാത്യ രീതിയിൽ എസ്.പി.വെങ്കിടേഷ് ചെയ്ത “നെഞ്ചിൽ കഞ്ചബാണം”, “ഒരു തരി കസ്തൂരി”, രവീന്ദ്രന്റെ പേരിൽ പുറത്തു വന്ന “മിന്നാമിന്നി പൂവും തേടി” എന്നിവയിൽ ഒതുങ്ങി നിന്നു മലയാളത്തിലെ പാശ്ചാത്യവൽക്കരണം.

കടുത്ത ആകർഷണീയതയുണ്ടായിട്ടും പുതിയ രീതികൾ പരീക്ഷിച്ച ശരത് ശൈലിയ്ക്കു പോലും അക്കാലത്ത് വേണ്ടത്ര ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല എന്നതും പ്രത്യേകം സ്മരണീയമാണ്‌. ആലേഖന നിലവാരങ്ങളിലും മറ്റും വന്ന കാതലായ വ്യത്യാസങ്ങൾ അനുഭവപ്പെടും വിധമുള്ള ഗാനപരിചരണരീതികളും മലയാളത്തിൽ ഉണ്ടായില്ല.
അതേ സമയം, തമിഴിലെ പുതിയ രീതികളാകട്ടെ, മലയാളി അതേ പടി അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തു. (മുൻപും ആ ശീലം മലയാളിയ്ക്കുണ്ട്. ഒന്നു മിനുങ്ങണമെന്നു തോന്നുമ്പോൾ മലയാളിയ്ക്ക് പ്രധാനമായും കുട്ടുണ്ടായിരുന്നത് തമിഴിലെ ഡബ്ബാംകൂത്ത് പാട്ടുകൾ തന്നെയായിരുന്നു). അങ്ങിനെ മലയാളികളുടെ ആസ്വാദനസമയത്തിന്റെ നല്ലൊരു ഭാഗം തമിഴും പിന്നെ റൊമാന്റിക് കാലഘട്ടത്തിലേക്ക് കടന്നു വന്ന, പൊടുന്നനെ പ്രചരം ലഭിച്ച ഹിന്ദി സിനിമാസംഗീതവും കൂടി അപഹരിച്ചു കളഞ്ഞു.

മലയാളത്തിൽ ഒഴിഞ്ഞു കിടന്ന ആ സങ്കേതം, മലയാളത്തിലെ സംഗീതജ്ഞർ പരീക്ഷിക്കാൻ മടിച്ച ആ സങ്കേതം - മെലഡിയുടെ മാധുര്യത്തെ മികച്ച ഓർക്കെസ്റ്റ്രയും ടോണൽ ക്വാളിറ്റിയും ആലേഖന നിലവാരവും കൊണ്ട് അതി മനോഹരമാക്കുക - ഈയൊരു സങ്കേതത്തിലേക്കാണ്‌ വിദ്യാസാഗർ കൃത്യമായി നടന്നു കയറിയത്. തമിഴിൽ ഗാനങ്ങൾ ചെയ്ത തന്റെ അനുഭവ പരിചയം വളരെ അയത്നലളിതമായി വിദ്യാസാഗർ മലയാളത്തിലെ മെലഡി ശീലുകളുമായി സന്നിവേശിപ്പിച്ചു. ഈ കൂട്ടിച്ചേർക്കലിൽ വളരെയേറെ മിതത്വം പാലിക്കുകയും മലയാളിത്തതിന്റെ തനിമ ചോരാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു എന്നത് ആ ഗാനങ്ങളെ മലയാളികൾക്ക് സർവ്വാത്മനാ സ്വീകാര്യമാക്കി. തങ്ങൾ കാത്തിരുന്നത് ഇതിനായിരുന്നു എന്നൊരു തോന്നലാണ്‌ വിദ്യാസാഗറിന്റെ ഗാനങ്ങൾ മലയാളത്തിൽ ഉണ്ടാക്കിയത്. “വെണ്ണിലാ ചന്ദന കിണ്ണ” ത്തിന്റെ ആരംഭത്തിലുള്ള ഫ്ലൂട് ബിറ്റിന്റെ ടോണൽ ക്വളിറ്റിയിൽ തന്നെയുണ്ടായിരുന്നു മലയാളി കൊതിച്ചിരുന്ന ഒരു ഫ്രഷ്നസ്സ്. തമിഴിൽ കേട്ടു ശീലിച്ച ഹാർഡ് ബീറ്റുകൾ മെലഡിയോടു ചേർന്ന് “പ്രണയമണിത്തൂവൽ” ആയപ്പോൾ അതും മലയാളികൾക്ക് പുതിയ ഒരു അനുഭവമായി. പിന്നാലെ സല്ലാപം-കാലാപാനി-ദേവരാഗം എന്നിവയിലൂടെ പുതിയ ഒരു യുഗം മലയാളത്തിൽ ആരംഭിച്ചെങ്കിലും അതിനെ ഒരു സുസ്ഥിരതയിലേക്ക് എടുത്തുയർത്തിയത് അഴകിയ രാവണനിൽ തുടങ്ങിയ വിദ്യാസാഗറിന്റെ സാന്നിധ്യം തന്നെയായിരുന്നു. തങ്കത്തിങ്കൾ കിളിയായ് കുറുകാം, പൂവേ പൂവേ പാലപ്പൂവേ, മണിമുറ്റത്താവണിപ്പന്തൽ, മഞ്ഞു പെയ്യണ്‌ മരം കുളിരണ്‌, തത്തമ്മ പേര്‌ താഴമ്പൂ വീട്, ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ, കണ്ണാടിക്കൂടും കൂട്ടി - മെലഡി-ബീറ്റ് കോമ്പിനേഷനിലുള്ള വിദ്യാസാഗറിന്റെ മലയാള ഗാനങ്ങളുടെ ഭംഗി ഒന്നു വെറെത്തന്നെ ആയിരുന്നു.

ബീറ്റ് ഗാനങ്ങളോടൊപ്പം തന്നെ പിന്നെയും പിന്നെയും ആരോ കിനാവിന്റെ, ആരോ കമിഴ്തി വച്ചോരോട്ടുരുളി, മിഴിയറിയാതെ വന്നു നീ, ആരോ വിരൽ നീട്ടി, ഒരു രാത്രി കൂടി വിട വാങ്ങവേ എന്നിങ്ങനെ മെലഡിയുടെ സുഗന്ധമൂറുന്ന ഗാനങ്ങളും വിദ്യാസാഗറിലൂടെ മലയാളത്തിനു ലഭ്ഭിച്ചു. പാളിപ്പോയേക്കാവുന്ന, ദുഷ്പേരു കേൾപ്പിക്കാൻ വളരെ സാധ്യത്യുണ്ടായിരുന്ന പാട്ട് സിറ്റുവേഷനുകൾ വളരെ കയ്യടക്കത്തോടെയാണ്‌ വിദ്യാസാഗർ കൈകാര്യം ചെയ്തത്. രാഗഭാവത്തിൽ നിന്നു കൊണ്ടു തന്നെ “കൺഫ്യൂഷൻ തീർക്കണമേ” പോലൊരു ഗാനം - അത് മലയാലത്തിൽ ഇത്ര ഭംഗിയായി ചെയ്തു ഫലിപ്പിക്കാൻ വിദ്യാസാഗറിനെ പോലെ അധികമാർക്കും കഴിയും എന്ന് കരുതുന്നില്ല.
അതു വരെ കേട്ടു ശീലിച്ച ഓണപ്പാട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു “തിരുവോണ കൈനീട്ടം”. സുജാതയുടെ കരിയറിലെ സുപ്രധാനമായ ഒരധ്യായം തന്നെ ആയി മാറി വിദ്യാസാഗറിന്റെ ഗാനങ്ങൾ.

vvv.jpg

ഗിരീഷ്‌ പുത്തഞ്ചേരി, ലാല്‍ ജോസ്, പി ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വിദ്യാസാഗര്‍

വർഷത്തിൽ അത്രയധികം ചിത്രങ്ങളൊന്നും തന്നെ അദ്ദേഹം മലയാളത്തിൽ ചെയ്തിട്ടില്ല. പക്ഷെ അടുത്ത നാലു വർഷങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്തത് മൂന്ന് കേരള സംസ്ഥാന അവാർഡുകൾ ആയിരുന്നു എന്ന് ഓർക്കുമ്പോൾ ആ സ്വാധീനത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാം. തമിഴിലും തെലുങ്കിലും ഒക്കെ നല്ല ഗാനങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടാതെ പോയതിൽ വിദ്യാസഗാറിന്‌ ഉണ്ടായിരുന്ന(?) വിഷമമത്രയും മലയാളം തീർത്തു കൊടുത്തു. 1996-2002 കാലഘട്ടത്തിൽ ഹിറ്റാകാതെ പോയ വിദ്യാസാഗർ ഗാനങ്ങൾ നന്നെ കുറവാണ്‌.

2002 നു ശേഷം വിദ്യാസാഗർ പതിയെ തന്റെ പഴയ തട്ടകമായ തമിഴിൽ വീണ്ടും സജീവമാവാൻ തുടങ്ങി. ദിൽ, ധൂൾ, വില്ലൻ, റൺ, ഗില്ലി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം തന്റെ ആദ്യകാലത്ത് ആഗ്രഹിച്ചിരുന്ന ഒരു സജീവപരത തമിഴിൽ നേടിക്കൊടുക്കുകയുണ്ടായി. ചന്ദ്രമുഖിയിലെ ഗാനങ്ങളും സ്വരാഭിഷേകത്തിലെ ദേശീയ അവാർഡും ഒക്കെ വിദ്യാസാഗറിനെ തന്റെ കരിയറിന്റെ ഏറ്റവും ഹൈപോയിന്റിൽ പ്രതിഷ്ഠിച്ചു, പല കാലഘട്ടങ്ങളിലായി വ്യത്യസ്തമായ മൂന്ന് ഇന്നിംഗ്സുകളാണ്‌ വിദ്യാസാഗർ കളിച്ചിട്ടുള്ളത് - അഴകിയ രാവണൻ വരെയുള്ള തമിഴ്/തെലുങ്ക് കാലഘട്ടം, അഴകിയ രാവണനു ശേഷമുള്ള മലയാള കാലഘട്ടം, അതിനു ശേഷം വന്ന തമിഴ് കാലഘട്ടം. അതിൽ വിദ്യാസാഗർ ഏറ്റവും ആസ്വദിച്ചു കളിച്ചതും സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതും മലയാളത്തിൽ തന്നെയായിരുന്നു.

Comment