ഇരുപതു രൂപയിൽ നിന്നും ഇരുനൂറ്റി അമ്പത് കോടിയിലേക്ക്

Trivia

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ പൊന്നിയിൻ സെൽവൻ ഈ മാസം മുപ്പതാം തീയതി ലോകമെങ്ങും റിലീസിന് തയ്യാറാവുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ആദിത്യ കരികാല ചോളൻ എന്ന കഥാപാത്രത്തെ വിക്രം ആണ് അവതരിപ്പിക്കുന്നത്.

വിക്രമിന് ചോള രാജാവായി വേഷമിട്ട ഒരു മുൻ അനുഭവം കൂടിയുണ്ട്. ഒരു മുപ്പത് വർഷം മുമ്പാണ്. തന്റെ  സിനിമാ കരിയറിന്റെ തുടക്കത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോയിരുന്ന ആ സമയത്ത് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും മറ്റ് നടന്മാർക്ക് ഡബ്ബ് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട് വിക്രം. അജിത്ത്, അബ്ബാസ്, പ്രഭു ദേവ തുടങ്ങിയവരുടെ ആദ്യ കാല സിനിമകളിൽ അവർക്ക് വേണ്ടി ഡബ്ബ് ചെയ്ത വിക്രം നിരവധി പരസ്യ ചിത്രങ്ങളിലും ചില സീരിയലുകളിലും ഒക്കെ അഭിനയിക്കുകയും ചെയ്തു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ടാറ്റാ ടീ അവരുടെ "ചോള ടീ" എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തപ്പോൾ ആ പരസ്യ ചിത്രത്തിൽ ചോള രാജാവ് ആയി വേഷമിട്ടത് വിക്രം ആയിരുന്നു. മാ കമ്മ്യൂണിക്കേഷൻസ് ആയിരുന്നു ആ പരസ്യ ചിത്രം ചെയ്തത്. ഈയിടെ ഒരു സിനിമാ ചടങ്ങിൽ വിക്രം ഇക്കാര്യം പരാമർശിക്കുകയും ഉണ്ടായി. അതിൽ കൗതുകകരമായ മറ്റൊരു കാര്യം അന്ന് ആ പരസ്യത്തിന് സംഗീതം നൽകിയ ദിലീപ് എന്ന എ ആർ റഹ്മാൻ തന്നെയാണ് ഇന്ന് പൊന്നിയിൻ സെൽവന് സംഗീതം നൽകിയിരിക്കുന്നതും.

ഇരുപത് രൂപയുടെ ചായപ്പൊടിയിൽ നിന്നും ഇരുനൂറ്റി അമ്പത് കോടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് വിക്രമിന്റെ  ചോള രാജാവായുള്ള യാത്ര സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വീണ്ടും ചർച്ചാവിഷയം ആവുകയാണ്.

Comment