യാത്ര - ചെരാതുകളുടെ തെളിച്ചം | യാത്രയുടെ 37 വർഷങ്ങൾ

Cafe Special

ഇരുട്ടിന്റെ വഴികളിലൂടെ മുന്നോട്ട് നീങ്ങിയ ആ ബസ്സിനുള്ളില്‍ മൗനം ഘനീഭവിച്ചു നിന്നു. യാത്ര തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന കളിയും ചിരിയും പാട്ടും കൂത്തുമെല്ലാം ഓര്‍മ്മിക്കാനിഷ്ടപ്പെടാത്തത് പോലെ ബസ്സിനുള്ളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒറ്റപ്പെട്ട തുരുത്തുകളിലെന്ന പോലെയിരുന്നു. എല്ലാവരുടെയും മനസ്സിൽ ഒരേ ഒരു പ്രാര്‍ത്ഥന...മുന്‍ സീറ്റില്‍ നീട്ടി വളര്‍ത്തിയ താടിയും മുഷിഞ്ഞ വേഷവുമായി ഇരിക്കുന്ന ആ മനുഷ്യന്റെ പ്രിയപ്പെട്ടവളായ തുളസി ആ തണല്‍ മരത്തിന് മുന്നിലെ കൃഷ്ണശിലയ്ക്ക് മുന്നില്‍  ഒരു ദീപം..പ്രതീക്ഷയുടെ, പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ ഒരേ ഒരു ദീപം കത്തിച്ച് വയ്ക്കണേ എന്ന്... പാതിയുറക്കത്തില്‍ കണ്ണ് തുറന്ന അയാള്‍ കണ്ടത് ആ തണല്‍ മരത്തിനു ചുറ്റും കത്തിച്ചു വച്ച ആയിരം ദീപങ്ങളാണ്...ബസ്സിലെ യാത്രക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി അപ്പോൾ പാടി..."തന്നന്നം താനന്നം താളത്തിലാടി...മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി...ഒന്നിച്ച് രണ്ടോമല്‍ പൈങ്കിളികള്‍"....

മലയാള സിനിമയിലെ മികച്ച ക്ലൈമാക്സുകളിലൊന്നായിരുന്നു 1985-ല്‍ റിലീസായ ബാലു മഹേന്ദ്ര ചിത്രമായ "യാത്ര" യിലേത്. മമ്മൂട്ടിക്ക് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ സ്പെഷ്യല്‍ ജൂറി പരാമര്‍ശം നേടിക്കൊടുത്ത വേഷം കൂടിയായിരുന്നു യാത്രയിലേത്...വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സിനെ ആര്‍ദ്രമാക്കുന്ന മികച്ച സിനിമ.

1971 ഒക്ടോബറില്‍ The Post എന്ന ന്യൂസ് പേപ്പറില്‍ അമേരിക്കന്‍ ജേണലിസ്റ്റും നോവലിസ്റ്റുമായ Pete Hamill തന്റെ കോളത്തില്‍ ഒരു ചെറുകഥയെഴുതി. ജയില്‍ മോചിതനായി വരുന്ന വിങ്കോ തന്റെ പ്രണയിനിയുടെ അടുത്തേക്ക് പോകാന്‍ കുട്ടികള്‍ സഞ്ചരിക്കുന്ന ഒരു ബസ്സില്‍ യാത്ര ചെയ്യുന്നതും അതിലൊരു കുട്ടിയോട് തന്റെ ജീവിത കഥ പറയുന്നതും...ജയിലില്‍ നിന്നും പുറത്തു വന്നാല്‍ താന്‍  പ്രണയിനിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുമെന്നും തനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുവെങ്കില്‍ തങ്ങള്‍ പതിവായി കണ്ടു മുട്ടാറുള്ള സ്ഥലത്തെ ഒാക്ക് മരത്തില്‍ ഒരു മഞ്ഞ ഹാന്‍ഡ് കര്‍ച്ചീഫ് കെട്ടി വയ്ക്കണമെന്നും അയാള്‍ അവള്‍ക്ക് കത്തെഴുതിയിട്ടുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ ഒരു മഞ്ഞ കര്‍ച്ചീഫിനു പകരം ഒരു നൂറ് കര്‍ച്ചീഫുകള്‍ ആ ഒാക് മരത്തില്‍ കെട്ടി വച്ചിരിക്കുന്നത് കണ്ട് വിങ്കോ ആഹ്ളാദത്തോടെ ബസ്സില്‍ നിന്നിറങ്ങുന്നതും ബസ്സിലെ കുട്ടികള്‍ അയാളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നതുമാണ് കഥാന്ത്യം. Readers Digest മാസികയില്‍ ഇത് പുനഃപ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് James Earl Jones പ്രധാന വേഷം അഭിനയിച്ച് ഷോര്‍ട് ഫിലിമായി അമേരിക്കന്‍ ടെലിവിഷനിൽ വരുകയും ചെയ്തു

ഈ കഥയെ ആധാരമാക്കി Tony Orlando പാടി റെക്കോര്‍ഡ് ചെയ്ത ഗാനമായ "Tie a yellow ribbon 'round the old oak tree' എന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി മാറി.
1977-ല്‍ ഇതേ കഥയെ ആസ്പദമാക്കി Yoji Yamada സംവിധാനം ചെയ്ത 'Shiawase no kiiro hankachi' (The Yellow Handkerchief of Happiness) എന്ന ചിത്രം പുറത്തിറങ്ങി. ജാപ്പനീസ് അക്കാഡമി പ്രൈസ് സ്ഥാപിതമായ ആദ്യ വര്‍ഷം മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും നേടി ആ സിനിമ.

1985- ൽ ബാലു മഹേന്ദ്ര ഇതേ കഥാ തന്തു ആധാരമാക്കി മലയാളത്തിൽ "യാത്ര" സംവിധാനം ചെയ്തു. സിനിമയുടെ ക്ലൈമാക്സിൽ മഞ്ഞ കർച്ചീഫിന് പകരം ചെരാതുകൾ ആയിരുന്നു കാത്തിരിപ്പിൻ്റെ പ്രതീകമായി ഉപയോഗിച്ചത്. ഒരു ഫിന്നിഷ് നാടോടിക്കഥയെ ആസ്പദമാക്കിയാണ് തിരക്കഥ രൂപീകരിച്ചത് എന്നായിരുന്നു തിരക്കഥാകൃത്ത് ജോൺ പോൾ "ചരിത്രം എന്നിലൂടെ" എന്ന സഫാരി ചാനൽ പ്രോഗ്രാമിൽ പറഞ്ഞത്. അടുത്ത വർഷം തന്നെ ബാലു മഹേന്ദ്ര ഇത് തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. ഭാനുചന്ദറും അർച്ചനയും ആയിരുന്നു നായികാ നായകന്മാർ. ബസ്സിലെ യാത്രക്കാരിൽ ഒരാളായി മലയാളത്തിലും തെലുങ്കിലും അഭിനയിച്ച മൗനിക പിന്നീട് ബാലു മഹേന്ദ്രയുടെ സഖിയുമായി.

ഇതേ സിനിമ കുറച്ച് മാറ്റങ്ങളോടെ "അത് ഒരു കനാക്കാലം" എന്ന പേരില്‍ ധനുഷ് - പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലു മഹേന്ദ്ര തന്നെ തമിഴിൽ ചെയ്തുവെങ്കിലും ആ കഥയിലെ ഏറ്റവും high point ആയ ക്ലൈമാക്സ് മാറ്റിയത് സിനിമയ്ക്ക് ദോഷമായി ഭവിച്ചു.

വിവിധ ദേശങ്ങളിലൂടെ, കാലങ്ങളിലൂടെ കടന്ന് ഒരു മഞ്ഞക്കര്‍ച്ചീഫ് ആരുടെയൊക്കെയോ പ്രതീക്ഷകളുടെ തിരി ഇന്നും പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു...
"Let's sing the song of Love
Let's play the tune of Love"