പെരിന്തൽമണ്ണയിൽ നടക്കുന്ന കേസിനായി കോഴിക്കോട് നിന്ന് ഒരേ ബസ്സിൽ വക്കീലിനൊപ്പം സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ. രണ്ടുവർഷക്കാലം കേസിന്റെകാര്യങ്ങൾക്കായി കണ്ടുമുട്ടുന്നതിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെടുന്ന സൗഹൃദം. ഒടുവിൽ കേസ് സൂപ്പറായി കോടതിയിൽവാദിക്കുന്നു, കേസ് ജയിക്കുന്നു. കാലം മുന്നോട്ടുപോകുന്നു.
അന്ന് കൂടെയുണ്ടായിരുന്ന വക്കീൽ മുഹമ്മദ് കുട്ടിയാണ് പിന്നീട് ജനസഹസ്രങ്ങളുടെ ഹൃദയം സ്വന്തമാക്കിയ മലയാളത്തിന്റെ മമ്മൂട്ടിയെന്ന് കുറേക്കാലം കഴിഞ്ഞ് അറിയുമ്പോൾ എന്തൊരു അമ്പരപ്പായിരിക്കും ആ മനുഷ്യന് തോന്നിയിട്ടുണ്ടാകുക അല്ലേ. 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിന്റെ ചെറിയ ഓർമ്മ മനസിലേക്ക് വരുന്നില്ലേ? അത്തരമൊരു സിനിമാറ്റിക് മുഹൂർത്തത്തിന്റെ നിമിഷത്തിന്റെ സന്തോഷവും അത്ഭുതവും അനുഭവിക്കാൻ ഭാഗ്യമുള്ളയാളായിരുന്നു കെ. എസ്.ആർ.ടി.സി ഡ്രൈവറായ എ.പി. മാധവൻ. ഡയറി പതിവായി എഴുതുന്ന മാധവന്റെ ഓർമ്മകളിലൂടെ സഞ്ചരിച്ച് മകൾ ജീജാ വേണു ഫേസ് ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്.
1975 കാലഘട്ടത്തിലാണ് സംഭവം. കേസ് നടന്നത് 1978 കാലത്താണ്. മാധവൻ പട്ടാളത്തിൽ നിന്നും വിരമിച്ച് കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർക്ക് ഒറ്റപ്പാലം വഴിയുള്ള ബസ്സിൽ പകരം ഡ്രൈവറായി മാധവന് ഒരു ട്രിപ്പിൽ പോകേണ്ടി വന്നു. ആനമങ്ങാട് വലിയകൊടും വളവ് എത്തിയപ്പോൾ ബസ് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിച്ചു.മാധവനും പരിക്ക് പറ്റി. തുടർന്ന് അപകടം കേസായി. മാധവൻ യൂണിയൻ പ്രവർത്തകനായതുകൊണ്ട് യൂണിയന്റെ നേതൃത്വത്തിലായിരുന്നു കേസ് നടത്തിയത് .മഞ്ചേരി ശ്രീധരൻ നായരായിരുന്നു വക്കീൽ. ശ്രീധരൻ നായരുടെ ജൂനിയർമാരായിരുന്നു മുൻ പി.എസ്.സി ചെയർമാനായ സലാഹുദ്ദീനും മുഹമ്മദ് കുട്ടി എന്ന സാക്ഷാൽ മമ്മൂട്ടിയും. ഇവർക്കായിരുന്നു കേസിന്റെ ചുമതല. ആ കാലത്തായിരുന്നു മാധവനും മുഹമ്മദ് കുട്ടിയും തമ്മിലുള്ള അടുപ്പം. രണ്ടുവർഷത്തോളം കേസ് നീണ്ടുപോയപ്പോൾ കാണാനുള്ള സാഹചര്യങ്ങളും നിരവധിയായിരുന്നു. ഒന്നിച്ചായിരുന്നു കേസിനായി കോഴിക്കോടു നിന്നും പെരിന്തൽമണ്ണയിലേക്കുള്ള യാത്ര.
പ്രശസ്‌തനായ അഡ്വക്കേറ്റ് ആയ ശ്രീധരൻ നായരും ജൂനിയർമാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികൾ നൂലിഴകീറി വിസ്തരിച്ചു, അതിൽ നിന്നും കിട്ടിയ ചില തുമ്പുകളിൽ അവർ കേസ് വാദിച്ചു. അങ്ങനെ വിധി അനുകൂലമായി. ആനമങ്ങാട് കേസ് എന്ന പേരിൽ ഈ കേസ് പിന്നീട് അറിയിക്കപ്പെട്ടു. ഒരുപാട് പ്രത്യേകയുള്ള കേസായിരുന്നു ഇത്. വിഷം കഴിച്ച ഒരാളെ രക്ഷിക്കാനായി മരണപ്പാച്ചിലിൽ വന്ന ജീപ്പായിരുന്നു ബസ്സിൽ ഇടിച്ചത്. അതും കൊടും വളവിൽ. വിഷം കഴിച്ചാണ് മരിക്കാൻ ശ്രമിച്ചതെങ്കിലും അയാൾക്ക് ജീവൻ വെടിയേണ്ടി വന്നത് ബസ് അപകടത്തിലായിരുന്നു.അക്കാലത്ത് വാർത്തയിൽ നിറഞ്ഞു നിന്ന അപകടമായിരുന്നു ഇത്.
മാധവൻ അഭിഭാഷകരുമായുള്ള സൗഹൃദം ഏറെ കാലം നിലനിറുത്തിയെങ്കിലും കാലം കഴിഞ്ഞതോടെ എല്ലാവരും ഓരോ സ്ഥലങ്ങളിലായി.അന്നത്തെ വക്കീലാണ് നടൻ മമ്മൂട്ടിയായതെന്ന് കുറേ കാലം കഴിഞ്ഞാണ് മാധവന് മനസിലായത്. ആദ്യം അത്ഭുതവും പിന്നെ സന്തോഷവുമായിരുന്നു. അതോടെ മമ്മൂക്കയുടെ എല്ലാചിത്രങ്ങളും കാണാൻ മക്കൾക്ക് ഭാഗ്യം കിട്ടി. പുതുതായി ഇറങ്ങുന്ന എല്ലാ മമ്മൂട്ടി ചിത്രങ്ങളും അങ്ങനെ അവർ തിയേറ്ററിൽ പോയി കണ്ടു. അന്നൊക്കെ സ്കൂളിൽ മമ്മൂട്ടിക്കഥ പറഞ്ഞു ആളാവാൻ ശ്രമിച്ചതൊക്കെ ജീജ കുറിപ്പിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൂട്ടുകാർ വലിയ വിശ്വാസമൊന്നും ആ കഥകളിൽ കാണിച്ചില്ല. 'കഥ പറയുമ്പോൾ' സിനിമയിലെ ശ്രീനിവാസനാണ് അച്ഛനെന്ന് മക്കൾ കളിയാക്കും.ഡയറിയിൽ എല്ലാം എഴുതുന്നതിനാൽ അന്നത്തെ കാലമൊക്കെ അതിൽ കൃത്യമായി വരച്ചിട്ടിരുന്നു. എല്ലാരേഖകളും മാധവൻ ഭദ്രമായി സൂക്ഷിച്ചിരുന്നു. അന്ന് വെറും കൗതുകം കൊണ്ട് സൂക്ഷിച്ച ഓർമ്മകളും രേഖകളുമൊക്കെ ഒരു കാലഘട്ടത്തിനപ്പുറം മൂല്യമേറെയുള്ള സ്വത്തുക്കളായി. തങ്ങളുടെ പ്രിയതാരം മഞ്ചേരിയിൽ വക്കീലായിരുന്നു എന്നതിനപ്പുറം കൂടുതലൊന്നും അറിയാത്ത ആരാധകർക്കും മഹാനടനിലേക്കുള്ള ഒരു യാത്രയായി ഈ ഓർമ്മക്കുറിപ്പ് മാറുകയാണ്.