സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം വിതക്കാൻ ചില പോസ്റ്റുകളെത്തും. കമന്റുകളുടെ പെരുമഴയായിരിക്കും പിന്നെ. പക്ഷേ, ചില കമന്റുകളുണ്ട്... പൊന്നു സാറേ അത് വായിച്ചാൽ നമുക്ക് ചിരി നിറുത്താനാവില്ല. അന്നേരം മാത്രമല്ല,ഓർമ്മയുള്ളിടത്തോളം കാലം ആ കമന്റ് നമ്മളെ ചിരിപ്പിച്ചു കൊന്നി (ണ്ടി) രിക്കും.
ഇത്ര രസികൻമാരാണോ നമ്മൾ മലയാളികൾ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കും പല കമന്റുകളും. അത്ര നല്ല നിരീക്ഷണവും രസികത്തവുമാണ് പല പോസ്റ്റുകളെയും അതിലെ കമന്റുകളെയും സൂപ്പർഹിറ്റുകളാക്കുന്നതും ഒരിക്കലും മറക്കാൻ കഴിയാത്ത ചിരി സമ്മാനിക്കുന്നതും. സമയമില്ലാതെ റീൽസിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവർ പോലും രസികൻ പോസ്റ്റുകളിലെ കമന്റുകൾ കുത്തിയിരുന്ന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ഒന്നു ആഞ്ഞു ചിരിച്ച് റിലാക്സാകാനാണ്.
സിനിമയിൽ നിത്യഹരിതമായി നിൽക്കുന്ന 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലെ ഒരു സംശയമായിരുന്നു പോസ്റ്റായി വന്നത്. ഇതെന്താ ഇങ്ങനെ ഒരു സംശയം എന്നായിരുന്നു പോസ്റ്റ് വായിച്ചവർ ആദ്യം വിചാരിച്ചതെങ്കിലും പിന്നീട് നിരനിരയായി വന്ന കമന്റുകളാണ് പോസ്റ്റിനെ ഹിറ്റാക്കിയത്. ആ കൂട്ടത്തിൽ പോസ്റ്റിൽ ഉന്നയിച്ച സംശയത്തിന്റെ ഉത്തരം ചിന്തയുടെയും ചിരിയുടെയും പരമാവധി രസം ആറ്റിക്കുറുക്കി ഒരു മിടുമിടുക്കൻ എഴുതിയതാണ് ആളുകൾ മനസ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചത്.
''കുട്ടിക്കാലം മുതൽ പല പ്രാവിശ്യം കാണുന്ന സിനിമാ ആണ് . എന്റെ ഒരു ചെറിയ സംശയം: നമ്മുടെ ഗോഡ്ഫാദർ സിനിമയിൽ...
കനകയുടെ ക്ലാസ്സിൽ ആണ് ജഗദീഷും മുകേഷും, പഠിക്കുന്നത് എന്നു വീട്ടുകാരോട് അവൾ പറയുന്നുണ്ട്. ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താൻ വേണ്ടി പറഞ്ഞതായിരിക്കും. എന്തായാലും കഥയുടെ ഫ്ളാഷ്ബാക്കിലേക്ക് പോയാൽ. തിലകന്റെ അനിയൻ ആണ് മുകേഷ്...തിലകന്റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ. പക്ഷെ കല്യാണം നടന്നില്ല. അന്ന് അടിയായി മുകേഷിന്റെ അമ്മ മരിച്ചു...അഞ്ഞൂറാൻ ജയിലിലും പോയി. പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു. 'അപ്പോ മുകേഷ് എങ്ങനെ ഉണ്ടായി'?ഇനി തിലകന്റെ കല്യാണത്തിന് മുൻപാണ് മുകേഷ് ജനിച്ചത് എങ്കിൽ...
'മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സിൽ വന്നു'?
'മുകേഷ് സ്കൂളില് തോറ്റു പോയോ'?
ഈ ചോദ്യത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാപ്പാക്കുക..
.......കൊല്ലരുത് പ്ലീസ് എന്നായിരുന്നു Shebin Antony Chathanattuയുടെ പോസ്റ്റ്. ഈ പോസ്റ്റിന് Abdul Nizar ഇട്ട മറുപടിയായിരുന്നു 'മാരകം'. ആ മറുപടി ഇങ്ങനെയാണ്:
മുകേഷ് ജനിച്ചത് 1969 ജൂൺ 2 ന് വെട്ടു നടന്നത് 1969 ജൂൺ മൂന്നിന്. 1969 ജൂലൈ 15 ന് കനകയുടെ അമ്മേടെ കല്യാണം.
1970 മെയ് 3ന് കനക ജനിച്ചു.
1974 ജൂൺ ഒന്നിന് മുകേഷിനെ ക്ലാസിൽ ചേർക്കാൻ തിലകൻ കൊണ്ടുപോകുന്നു. 5 വയസ്സ് തികയാത്തതിനാൽ മുകേഷിനെ ഒന്നാം ക്ലാസിൽ എടുത്തില്ല.
1975 ജൂൺ 1ന്, 5 വയസ്സ് കഴിഞ്ഞ മുകേഷും കനകയും ഒന്നാം ക്ലാസിൽ ചേർന്നു. എല്ലാം കോംപ്ലിമെന്റ്സായില്ലേ?
അബ്ദുൾ നിസാറിന്റെ ഈ ഗംഭീരൻ മറുപടി ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. തങ്കപ്പനല്ലടാ പൊന്നപ്പൻ തുടങ്ങിയ രസികൻ കമന്റുകളും ഈ മറുപടിക്ക് പിന്നാലെ വരുന്നുണ്ട്. ഏതായാലും ഏറെക്കാലത്തിന് ശേഷമാണ് സോഷ്യൽമീഡിയ ഇത്രയും രസിപ്പിച്ച ഒരു കമന്റ് ആഘോഷിക്കുന്നത്.