റോഷാക്ക്, ഇബ്ലീസ്, ഓമനക്കുട്ടൻ... Adventures of Sameer Abdul

Interviews

ഹലോ സമീർ അബ്‌ദുൽ...!!

ആദ്യമേ തന്നെ വലിയൊരു അഭിനന്ദനം. റോഷാക്ക് കണ്ടിറങ്ങിയപ്പോൾ മുതൽ ഞാൻ നിങ്ങളെക്കുറിച്ച്, ഇതിൻ്റെ എഴുത്തുകാരനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. അത്രക്ക് മനോഹരവും, കൃത്യവുമായ ഒരു തിരക്കഥയുടെ പിൻബലമില്ലാതെ ഇങ്ങനെ ഒരു സിനിമ ഈ രീതിയിൽ വർക്കൗട്ട് ആവില്ലയെന്നുറപ്പാണ്. എല്ലാവരും പറയുന്നത് പോലെ തിരക്കഥയാണ് താരം. വീണ്ടും അഭിനന്ദനങ്ങൾ...!!!

കൂടുതൽ ഇങ്ക് ബ്ലോട്ട് കാണിക്കാൻ നിക്കുന്നില്ല... ചോദ്യങ്ങളിലേക്ക് കടക്കട്ടെ...!!!

ചോദ്യം: ഇത്ര കൊംബ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു സ്ക്രീപ്റ്റ് അതിന്റെ ഫൈനൽ വെർഷനിലേക്ക് എത്താൻ എത്ര നാൾ എടുത്തു? ആ നാൾവഴികൾ ചുരുക്കത്തിൽ ഒന്ന് വിവരിക്കാമോ?

സമീർ: ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപ് ആണ് ഇങ്ങനെ ഒരു പ്രൊജക്റ്റ് വർക്ക് ചെയ്ത് തുടങ്ങുന്നത്. എൻ്റെ മനസിൽ കുറെ നാളായിട്ടുള്ള ഒരു ചെറിയ ത്രെഡ് സംവിധായകൻ നിസാമിനോട് ഒരിക്കൽ സംസാരിച്ചപ്പോൾ പറഞ്ഞു. സിനിമയിൽ വന്നിട്ടുള്ള ആ ഒരു ചെറിയ ത്രെഡ് ആണ് എല്ലാവരേം ഹുക്ക് ചെയ്തിരുന്നതും. അതിൽ ഉള്ള ഈ പ്രധാന ക്യാരക്ടർ ആരാണ്, പുള്ളിയുടെ ഫ്ലാഷ്ബാക്ക് എന്താണ് എന്നൊന്നും ക്ലാരിറ്റിയുണ്ടായിരുന്നില്ല. അതാണ് ആദ്യം ഡവലപ്പ് ചെയ്തത്. അപ്പോഴാണ് മനസിലാവുന്നത് ഇത് സാധാരണ കാണുന്ന ഒരു ഹീറോ ക്യാരക്ടർ അല്ലാ എന്നുള്ളത്. കാരണം പുള്ളിയിൽ പല ഡൈമെൻഷൻസ് കാണിക്കണം.

പറഞ്ഞാൽ സ്പോയിലർ ആയിപ്പോയേക്കാവുന്ന ഒരു ക്യാരക്ടർ ഇയാൾ വഴിയാണ് വരുന്നത്. വരേണ്ടത്. അങ്ങനെ ഒക്കെ ഗ്രോ ചെയ്ത് വന്നപ്പോഴാണ് മമ്മുക്ക ആവും ഇതിന് ബെസ്റ്റ് എന്ന് തോന്നിയത്. പോയി കണ്ട് കഥ പറയുന്നു. ഞങ്ങളെ സർപ്രൈസ് ആക്കിക്കൊണ്ട് മമ്മൂക്ക ഓകെ പറയുന്നു. മമ്മൂക്കയുടെ ഡെയിറ്റ് കിട്ടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ഭയങ്കര എക്സൈറ്റഡ് ആയി. വൺസ് ഇൻ എ ലൈഫ്-ടൈം കിട്ടുന്ന ഓപ്പർച്യൂണിറ്റിയാണ്. അപ്പോ അതിനനുസരിച്ച് വർക്ക് ചെയ്തു. മമ്മൂക്കയുടെ സാധാരണ ഒരു സിനിമ ആവരുത് എന്ന രീതിയിൽ നമ്മൾ അമ്പീഷിയസ് ആയിട്ടുണ്ട്. അങ്ങനെ ശരിക്കും നോക്കിയാൽ ഒന്നര വർഷത്തിലധികം വർക്ക് ചെയ്തിട്ടുണ്ട്.

ചോദ്യം: ഇത്ര പെർഫെക്ട് ആയിട്ടുള്ള ഒരു കാസ്റ്റിങ്ങ്... ഇത് സ്ക്രീപ്റ്റ് എഴുതുമ്പോൾ തന്നെ ഇവരെയൊക്കെ മനസ്സിൽ കണ്ട് എഴുതിയതാണോ അതോ പിന്നീട് പറ്റിയവരെ കണ്ടെത്തുകയായിരുന്നോ? അഭിനേതാക്കളെക്കുറിച്ച് പറയാമോ. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ കോണ്ട്രിബ്യൂട്ട് ചെയ്തിരുന്നോ?

സമീർ: മമ്മൂക്ക പിക്ച്ചറിൽ വന്നതിനു ശേഷം ഒരുപാട് സമയമെടുത്തു ബാക്കി കാസ്റ്റിംഗ് നടക്കുന്നതിന്. നിസാം ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത്പോലെ ഞങ്ങൾ പല ഓപ്ഷൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ പോലും വളരെ ചിന്തിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന് സീതാ എന്ന ക്യാരക്ടർ... അതായത് സിനിമയിലെ സമയത്തിന് മുൻപ് ഇവർ ആരായിരുന്നു. അന്നവർ നല്ല ഫാമിലിയിൽ ജനിച്ചതാണ്. ഇന്നിപ്പോൾ ബുദ്ധിമുട്ടിലാണ് ഈ രണ്ട് കാര്യങ്ങളും അവരുടെ ബോഡി ലാംഗേജിലും രൂപത്തിലും തോന്നണം. അങ്ങനെ ഒക്കെ കാറ്റഗറൈസ് ചെയ്താണ് ഓരോരുത്തരിലേക്കും എത്തിച്ചേർന്നത്.

പിന്നെ പ്രഡിക്റ്റബിൾ ആവരുത് എന്നുണ്ടായിരുന്നു. ഉദാഹരണത്തിന് ബാലൻ എന്ന് വേഷത്തിൽ ഇന്ദ്രൻസ് ചേട്ടനെ വച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ ഒരു രീതി വച്ച് ഇന്ദ്രൻസ്ചേട്ടൻ അങ്ങനെ കുറെ റോളുകൾ മനോഹരമായി ചെയ്യുന്നുണ്ട്. അങ്ങനെ പ്രഡിക്റ്റബിൾ ആവാത്തവർ വേണം എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് കോട്ടയം നസീറിലേക്കും ജഗദീഷേട്ടനിലേക്കും ഒക്കെ എത്തുന്നത്. സീത എന്ന ക്യാരക്ടറിലേക്ക് പലരും ചിന്തയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരു ഡിസ്‌കഷനിൽ വച്ച് മമ്മൂക്കയാണ് ബിന്ദു പണിക്കർ നന്നാവും എന്ന് പറയുന്നത്. അത് 100% കറക്റ്റായിരുന്നു.

ചോദ്യം: മമ്മൂട്ടിയോട് കഥ പറയാൻ പോയതും മമ്മൂട്ടിയുടെ പ്രതികരണവും എങ്ങനെ ആയിരുന്നു. ഒന്ന് വിശദീകരിക്കാമോ??

സമീർ: എൻ്റെ ആദ്യരണ്ട് തിരക്കഥകൾ അത്രയങ്ങ് വർക്കൗട്ട് ആവാതെ പോയതിനാൽ, അതിൻ്റെ ഒരു ബാക്ഗ്രൗണ്ടിൽ നിന്ന് കൊണ്ട്, ഇതിൻ്റെ സ്റ്റാർട്ടിംഗിലൊന്നും മമ്മുക്കയെക്കൊറിച്ചൊന്നും ചിന്തിക്കുന്നേ ഇല്ല. പക്ഷെ ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഒരു പോയിൻ്റിൽ എത്തിയപ്പോഴാണ് മനസിലാവുന്നത് നമ്മുക്ക് അങ്ങനെ ഒരു ആക്ടർ ഈ വേഷത്തിൽ വേണം എന്ന്. മുഖത്തെ അഭിനയത്തിലൂടെ മിസ്റ്ററികൾ തെളിയുന്ന ഒരാളെ തന്നെ വേണം.

ശരിക്കും പറഞ്ഞാൽ ഫസ്റ്റ് ലോക്ക്ഡൗൺ കഴിഞ്ഞിട്ട് താടിയൊക്കെ ആയിട്ട് മമ്മൂക്ക പുറത്തിറങ്ങിയിരുന്നല്ലോ. ആ സമയത്ത് മമ്മൂക്ക കട്ടൻ കുടിക്കുന്ന ഒരു ഫോട്ടോ ഒക്കെ ഭയങ്കര വൈറൽ ആയിരുന്നില്ലേ. അതാണ്... അത് കാണിച്ചിട്ട് ഞാൻ നിസാമിനെ കൺവിൻസ് ചെയ്തു. ഞാൻ പറഞ്ഞു... നോക്ക്... ഇതാണ് ലൂക്ക്.... നിസാമിൻ്റെ ‘കെട്ടിയോൾ ആണെൻ്റെ മാലാഖ‘ മമ്മൂക്കക്ക് ഇഷ്ടപ്പെട്ട പടമാണ് എന്നറിഞ്ഞു. അതുകൊണ്ട് മമ്മൂക്കയിലേക്ക് എത്താൻ ഈസിയായിരുന്നു. അങ്ങനെ നിസാം ഡയറക്ട് കോണ്ടാക്റ്റ് ചെയ്തു.

ആദ്യമായി മമ്മൂക്കയെ കാണാൻ പോകുകയാണ്. അപ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസിൽ ഉണ്ടായിരുന്നു. എന്തായാലും 400 ൽ അധികം സിനിമകൾ മമ്മൂക്ക ചെയ്തിട്ടുണ്ടെങ്കിൽ നാലായിരത്തിൽ പരം സ്ക്രിപ്റ്റ് കേട്ടിരിക്കുമല്ലോ എന്നൊരു ചിന്തയിൽ ധൈര്യത്തോടെ പോയി. ഇതാണ് മമ്മൂക്കയുടെ ക്യാരക്ടർ, ഇങ്ങനെയാണ് ഈ ക്യാരക്ടർ എന്നൊന്നും പറയാതെ, ഡയറക്റ്റ് സ്ക്രിപ്റ്റ് എങ്ങനെ ആണോ അങ്ങനെ വായിച്ചു കേൾപ്പിക്കുകയാണ് ചെയ്തത്. ലൂക്ക് ആൻ്റണി എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് തുടങ്ങി, അത്പിടിച്ച് കഥ പറഞ്ഞു. അങ്ങനെയാണ് മമ്മൂക്കയുടെ അറ്റൻഷൻ ഞങ്ങൾക്ക് കിട്ടുന്നത്. പിന്നെ ഭയങ്കര സ്മൂത്തായിരുന്നു. ഞാൻ ഫസ്റ്റ് ടൈം ആണ് അന്ന് മമ്മൂക്കയെ കാണുന്നത്.

ഭയങ്കര കംഫർട്ടിബിളായിട്ട് മമ്മൂക്കയോട് കഥ പറയാൻ പറ്റി. മമ്മൂക്ക ഉഗ്രൻ കേൾവിക്കാരനാണ്. കഥ വായിക്കുന്ന നമ്മളെത്തന്നെ നോക്കി... മമ്മൂക്കയുടെ റിയാക്ഷൻസ് നമ്മക്ക് കാണാൻ പറ്റും. കഥ കേട്ടിട്ട് മമ്മൂക്ക കുറച്ച് ടെക്നികൽ വശങ്ങളൊക്കെ ചോദിച്ചു. അന്ന് മമ്മൂക്ക ക്ലൈമാക്സ് കുറച്ചു സിമ്പിളായത് പോലെയുണ്ട്.. അതൊന്ന് റീവർക്ക് ചെയ്താൽ നന്നാവും എന്ന് പറഞ്ഞു. അങ്ങനെ റീവർക്ക് ചെയ്ത്, കഥയുടെ കോർ ആശയം അത് തന്നെ ആണെങ്കിലും ഒന്നുകൂടി ബെറ്റർ ആയിട്ട് ചിന്തിച്ച് മുഴവൻ തന്നെ റീ-ഓർഡർ ചെയ്ത് മാറ്റിയെഴുതി. അതും മമ്മൂക്കക്ക് ഇഷ്ടമായി. മമ്മൂക്ക ഓകെ പറഞ്ഞു.

ചോദ്യം: സ്പൂൺ ഫീഡിംഗ് ഇല്ലാതെ ഇങ്ങനെ ഒരു കഥ പറഞ്ഞു ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. തീർക്കഥകൃത്ത് എന്ന നിലയിൽ അതിനു കിട്ടിയ ധൈര്യം എന്താണ്??

സമീർ: ഹ.. ഹാ.... ഒരുപക്ഷെ മമ്മൂക്ക വന്നു എന്ന ധൈര്യമായിരിക്കാം...!!! ശരിക്കും നമ്മളീ ലൂക്ക് എന്ന ക്യാരക്ടറിനെ, സിനിമയിൽ ബാക്കി ക്യാരക്ടറിനിടയിൽ എന്നത് പോലെ തന്നെ, ഓഡിയൻസിൻ്റെ ഇടയിലും കൂടി പ്ലെയിസ് ചെയ്യുകയാണ് ചെയ്തത്. റോഷാക്ക് എന്ന പേര് വന്നപ്പോൾ തന്നെ എനിക്ക് ഏറ്റവും ഇൻട്രസ്റ്റിംഗ് ആയിട്ട് തോന്നിയതും ഇത് തന്നെയാണ്. നമ്മടെ ഫസ്റ്റ് ഷോട്ടിൽ തന്നെ ലൂക്ക് ആൻ്റണിയെന്ന ക്യാരക്ടറിനെ കാണിച്ചിട്ട് പറയുകയാണ് റീഡ് ഇറ്റ്. അപ്പോ അങ്ങനെ ഇൻഫോർമേഷൻസ് നേരിട്ട് കൊടുക്കാതെ ഗ്രാജ്വലി റിവീൽ ആവട്ടെ എന്നൊരു രീതി. അത് ഒരു റോഷാക്ക് ഇങ്ക് ബ്ലോട്ട് പോലെ ഓഡിയൻസിൻ്റെ റീഡിംഗിനനുസരിച്ച് മനസിലാക്കിയെടുക്കട്ടെ. അപ്പോഴും ഉറപ്പായും പല കാര്യങ്ങളിലും പേടി ഉണ്ടായിരുന്നു. ആൾക്കാർ തെറ്റായിട്ട് ഊഹിക്കുമോ. എന്നാലും ഫ്ലാഷ്ബാക്കും സ്പൂൺഫീഡിംഗും മാക്സിമം കുറക്കുക എന്നത് ആദ്യം തന്നെ തീരുമാനിച്ചിരുന്ന കാര്യമാണ്. നമ്മൾ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നില്ലാ എങ്കിലും ഈ സീൻ ഒന്ന് ശ്രദ്ധിച്ചോ എന്ന രീതിയിൽ സ്ലോയിൽ ആണ് കാര്യങ്ങൾ കാണിച്ച് പോകുന്നത്. പതിയെ പതിയെ അത് തലയിൽ കയറും. ചിന്തിക്കും. അങ്ങനെ ചിന്തിക്കട്ടെ എന്നതായിരുന്നു നമ്മടെ ചിന്ത.

ചോദ്യം: ഈ ‘റോഷാക്ക്‘ എന്ന ടൈറ്റിൽ. അത് ആരുടെ ആശയമാണ്. ആ പേരിലേക്ക് എത്തിച്ചേർന്നത് എങ്ങനെയാണ്?

സമീർ: അത് നിസാമിൻ്റെ ഐഡിയ ആയിരുന്നു. ഒരു ദിവസം നിസാം ഫോൺ വിളിച്ചിട്ടാണ് ഇങ്ങനെ ഒരു പേര് പറയുന്നത്. എനിക്ക് പുതിയ കേൾവി ആയിരുന്നു. അപ്പോൾ തന്നെ ഗൂഗിളിൽ നോക്കിയാണ് ഞാൻ കാര്യം മനസിലാക്കുന്നത്. പിന്നെയാണ് മനസിലാവുന്നത് ഉള്ളടക്കത്തിൽ ഒക്കെ കണ്ടതാണല്ലോ എന്നൊക്കെ. ചിന്തിച്ചപ്പോൾ പെർഫക്റ്റ് മാച്ചാണ് ഈ ടൈറ്റിൽ. ഓരോ ക്യാരക്ടറിൻ്റേയും ഫസ്റ്റ് ഇൻട്രോ കഴിഞ്ഞ് ഒരു സ്പെയിസ് കൊടുക്കുന്നുണ്ട്. അവിടെ റോഷാക് ടെസ്റ്റ് പോലെ നമ്മൾ ആദ്യം ആ ക്യാരക്ടറിനെ റീഡ് ചെയ്തത് ഒന്ന് ഇവാലുവേറ്റ് ചെയ്യാൻ പറ്റും. കൂടാതെ ഓരോ കാഴ്ച്ചക്കാരിനിലേക്കും കഥയുടെ യാത്ര പോകുന്നത് റോഷാക് ഇങ്ക് ബ്ലോട്ട് പലർക്കും പല രീതിയിൽ കാണുന്നു എന്നതുപോലെ ചെറുതായിട്ടെങ്കിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

പിന്നെ സ്റ്റാർട്ടിംഗിൽ ഒക്കെ ഡൗട്ടും ഉണ്ടാക്കിയിരുന്നു ഈ പേര്.. കാരണം ഇത് ഇംഗ്ലീഷിൽ എഴുതുമ്പോൾ എങ്ങനെ വായിക്കണം എന്നൊക്കെ ഡൗട്ട് ഉണ്ടാകുമോ, എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. അത് പിന്നെ, ഫസ്റ്റ് ലുക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ റോഷാക്കിനെക്കുറിച്ച് ജോസ്മോൻ ഒക്കെ വളരെ ഗംഭീരമായിട്ട് വിശദീകരിച്ച് എഴുതുകയും അത് ചർച്ച ആവുകയും ചെയ്തല്ലോ...!!! അത്പോലെ വൈറ്റ് റൂം ടോർച്ചറിനെക്കുറിച്ച് എഴുതിയതും ഞാൻ കണ്ടിരുന്നു. അതൊക്കെ സിനിമയുടെ വിജയത്തിൽ സഹായകമായിട്ടുണ്ട്... അതിൻ്റെ പേരിൽ അങ്ങോട്ട് ഒരു പ്രത്യേക നന്ദിയും അറിയിക്കുകയാണ്.

ചോദ്യം: സിങ്ക് സൗണ്ടിൽ ഒരു സിനിമ ചെയ്യുമ്പോൾ തിരക്കഥാകൃത്തിന്, പ്രത്യേകിച്ച് സംഭാഷണം എഴുതുന്ന ആൾക്ക് ഉത്തരവാദിത്വം കൂടും. കാരണം, എഴുതുന്ന ആളെ സംബന്ധിച്ച് ഷൂട്ട് ചെയ്യുന്നത് തന്നെയാണ് ഫൈനൽ പ്രോഡകറ്റ്. ആ ഒരു വെല്ലുവിളി സമീർ എങ്ങനെയാണ് കൈകാര്യം ചെയ്തത്?

സമീർ: മമ്മൂക്കക്ക് സിങ്ക് സൗണ്ട് ചെയ്യണം എന്നത് മസ്റ്റ് ആയിരുന്നു. ഇത്രയധികം സിനിമകൾ സിങ്ക് സൗണ്ട് ചെയ്തിട്ടുള്ള മമ്മുക്കയാണ് അതിൻ്റെ ആവശ്യവും ഭംഗിയും പറഞ്ഞ് തന്നത്. ആ ഒരു കറക്റ്റ് ഓൺ ദ സ്പോട്ട് ഇമോഷൻ ആ സമയത്താണ് പെർഫെക്റ്റ് ആയിട്ട് കിട്ടുക എന്ന് പറഞ്ഞ് തന്ന് സിങ്ക് സൗണ്ട് മമ്മൂക്ക ഉറപ്പിച്ചു. അപ്പോൾ അത്രക്ക് സൂക്ഷ്മതയിൽ സ്ക്രിപ്റ്റ് കൈകാര്യം ചെയ്യാൻ ശ്രദ്ധ കൊടുത്തിരുന്നു. അപ്പോൾ മീനിംഗ് മിസ്സാവുന്നുണ്ടോ? കണ്ടിന്യുവേഷൻ കട്ട് ആവുന്നൂണ്ടോ...? സാധാരണ ചിലപ്പോൾ ഷൂട്ടിൽ ചില വാക്കുകൾ രണ്ട് തവണ കയറി വരും. അത് ഡബ് ചെയ്യുമ്പോൾ ഒഴിവാക്കി അഡ്ജസ്റ്റ് ചെയ്ത് ഡബ് ചെയ്യാൻ പറ്റും. ഇവിടെ അത് പറ്റില്ല. എന്നാൽ ചില സ്ഥലങ്ങളിൽ അങ്ങനെ വന്നാലും അപ്പോൾ പറയുന്നതിലെ ആ ഇമോഷൻ നഷ്ടമാവാതെ പറയുമ്പോൾ സംഭവിക്കുന്നതുമാണ്. അപ്പോൾ പ്രധാനമായും എന്തെങ്കിലും മിസ്സ് ആവുന്നുണ്ടോ, മീനിംഗ് മാറിപ്പോകുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിച്ച് കടന്ന് പോയി...!!!

ചോദ്യം: പല ചോദ്യങ്ങളും സ്പോയിലർ ആവുമെന്നതിനാൽ തുറന്നു ചോദിക്കാൻ കഴിയുന്നില്ല. എന്നാൽ പോലും ചോദിക്കട്ടെ... റോഷാക്ക് എന്താണെന്നോ, വൈറ്റ് റൂം ടോർച്ചെറിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണെന്നോ സിനിമയിൽ പറയുന്നില്ല... ഇങ്ങനെ ഒരു കോൺസപ്റ്റ് എഴുതുമ്പോൾ ഇത് പ്രേഷകന് മനസ്സിലായില്ലെങ്കിലോ എന്ന് തോന്നിയില്ലേ?? അതോ ഇനി ടൈറ്റിൽ റോഷാക്ക് എന്ന പേരും വൈറ്റ് റൂം ടോർച്ചറും സംസാരവിഷയമാവുകയും അതിനെക്കുറിച്ച് വലിയ രീതിയിൽ ചർച്ച ഉണ്ടാവുകയും ചെയ്തതിനു ശേഷമാണോ സിനിമയിൽ അകാര്യത്തിൽ കൂടുതൽ ക്ലാരിറ്റി കൊടുക്കേണ്ടതില്ല എന്ന് വച്ചത്?

സമീർ: അങ്ങനെയല്ലാ... പക്ഷെ അങ്ങനെയാണ്..!! ഒരു മമ്മുട്ടി ചിത്രത്തിൻ്റെ ടൈറ്റിൽ ഇറങ്ങുമ്പോൾ, അത് വ്യത്യസ്തമായ ഒരു പേരാവുമ്പോൾ അത് ഉറപ്പായും ചർച്ച ആവുമെന്ന ഒരു ഉറപ്പ് ഉണ്ടായിരുന്നു. അത് പേരിൻ്റെ കാര്യത്തിലും, വൈറ്റ് റൂം ടോർച്ചറിൻ്റെ കാര്യത്തിലും... അതിൻ്റെ ബലത്തിലാണ് അതിലേക്ക് കൂടുതൽ കടക്കേണ്ട / സ്പൂൺ ഫീഡ് ചെയ്യേണ്ട എന്ന് കരുതിയത്. അത് ഞാൻ ആദ്യം പറഞ്ഞതുപോലെ ജോസ്മോൻ ഒക്കെ എഴുതി ചർച്ചയാക്കിയിരുന്നല്ലോ. സത്യത്തിൽ ആദ്യത്തെ റോഷാക്ക് ചർച്ചകൾ കണ്ടപ്പോൾ ചെറിയ പേടിയും തോന്നിയിരുന്നു. കാരണം ചിത്രം അങ്ങനെ ഒരു കഥയല്ലാ സംസാരിക്കുന്നത് എന്നതുകൊണ്ട്, ഇനി ആളുകൾ തെറ്റിദ്ധരിച്ച് പ്രശ്നമാകുമോ എന്നൊക്കെ...!!! ലൂക്ക് ആൻ്റണിയുടെ സിനിമയിലെ ആ ഒരു സ്ഥിതിക്ക് വൈറ്റ് റൂം ടോർച്ചർ ഒരു കാരണമാണ് എന്ന് ആ ചർച്ചകളുടെ ഭാഗമായിട്ടുള്ളവർക്ക് പെട്ടന്ന് മനസിലാവും. ടൈറ്റിൽ റോഷാക്ക് എന്നതിൻ്റെ അർത്ഥം മനസിലായില്ലെങ്കിലും ഈ സിനിമയുടെ കഥ മനസിലാവും എന്നതും ഉണ്ട്.

സത്യത്തിൽ ഈ വൈറ്റ് റൂം ടോർച്ചർ എന്ന ഫ്ലാഷ് ബാക്ക് കാണിക്കുന്നത് പോലും അത്ര അത്യാവശ്യമായത് കൊണ്ട് മാത്രമാണ്. ലൂക്ക് ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യുന്നതിനായി നാട്ടിലേക്ക് എത്താൻ എന്തുകൊണ്ട് ഇത്ര ലെയിറ്റായി. എന്തുകൊണ്ട് പുള്ളി നേരത്തെ വന്നില്ല. ഒരു സംഭവത്തിനു ശേഷം അദ്ദേഹം ഒരു പർട്ടികുലർ കാലത്തേക്ക്, ഒരു പർട്ടികുലർ സ്ഥലത്ത് പെട്ടുപോയി എന്നും, തുടർന്നുള്ള അദ്ദേഹത്തിൻ്റെ മാനസികനിലക്ക് പിന്നിലെ കാരണവും ഒക്കെ പറയാൻ വൈറ്റ് റൂം ടോർച്ചർ അത്ര കറക്റ്റായിട്ട് ഉപകാരപ്പെടുകയാണ്.

ചോദ്യം: Mindhunter എന്ന ഇംഗ്ലീഷ് സീരിസിൽ ഓരോ ക്രിമിനൽ മൈൻഡ്സും എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് പല രീതികളിൽ കണ്ടെത്തുന്നതായി കാണിക്കുന്നുണ്ട്... അത് കണ്ട്കൊണ്ടിരിക്കുമ്പോൾ പലപ്പോഴും ക്രിമിനൽ തലച്ചോറിന്റെ ഒരു ഡാർക്ക് സ്പെയിസിലേക്ക് നമ്മൾ എത്തിപ്പെടാറുണ്ട്. ഏതാണ്ട് അതെ ഫീൽ റോഷാക്ക് കണ്ട്കൊണ്ടിരുന്നപ്പോഴും ഫീൽ ചെയ്തു. മൈൻഡ് ഹണ്ടറിന്റെ രണ്ടാം സീസണിന്റെ ടൈറ്റിലിനൊപ്പം റോഷാക്ക് ഇങ്ക് ബ്ലോട്ട് കാണിച്ചിരുന്നു എന്നത് ഒരു കോയിൻസ്ഡൻസ് കൂടിയാണ്. അങ്ങനെ ഒരു ഡാർക്ക് സ്പെയിസിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കണം എന്നത് പ്രീ പ്ലാൻ ആയിരുന്നോ?? സാധാരണയായി കൊറിയൻ പടങ്ങളിൽ ആണ് ഇമ്മാതിരി ട്രീറ്റ്മെന്റൊക്കെ എന്നാണ് സോഷ്യൽ മീഡിയ സംസാരം. അപ്പോൾ മൈൻഡ്ഹണ്ടർ പോലെ അങ്ങനെ ഏതെങ്കിലും ചിത്രം ഇൻസ്പിരേഷൻ നൽകിയിട്ടുണ്ടോ??

സമീർ: ഇല്ലാ... ഒരുതരത്തിലും ഉണ്ടായിരുന്നില്ല. ശരിയാണ് ഇത് ഒരു ഡാർക്ക് സിനിമയാണ്. പക്ഷെ അത് അതിൻ്റെ ട്രീറ്റ്മെൻ്റ് അങ്ങനെ വേണമെന്നും ഉണ്ടായിരുന്നു. സിനിമ കണ്ടിറങ്ങിയ ഒരാൾ ഏതോ ചാനലിൽ റിവ്യു പറയുന്നത് കേട്ടു... പടം ഡാർക്കാണ് പക്ഷെ കൊമേഷ്യൽ. അതെ... ഡാർക്ക് കൊമേഷ്യൽ ഴോണറിലാണ് ഈ പടം. അതിപ്പൊ മ്യൂസിക് ചെയ്ത മിഥുൻ, സൗണ്ട് ചെയ്ത നിക്സൺ, എഡിറ്റിംഗ് ചെയ്ത കിരൺദാസ്, ഇവരൊക്കെ കൊമേഷ്യൽ ചിത്രങ്ങളുടെ വ്യക്താക്കൾ തന്നെയാണ്. അപ്പോ ഇവരൊക്കെ പാർട്ട് ആയപ്പോ ഡാർക്ക് ആണെങ്കിലും അതിനൊപ്പം കൊമേഷ്യൽ വാല്യു കൂടി വരുന്നുണ്ട്. അതിപ്പോ മ്യൂസിക് നോക്കിയാൽ, ലൂക്കിൻ്റെ തലയിൽ ഓടുന്ന മ്യൂസിക്കായിരിക്കണം സിനിമയിൽ കേൾക്കേണ്ടത് എന്നതിൽ നിസാമിന് നിർബന്ധമുണ്ടായിരുന്നു. അതിൽ ചിലപ്പോൾ പുള്ളിയുടെ സെലിബ്രേഷൻ ഉണ്ട്, പിന്നെ പുള്ളിയുടെ യാത്രയുടെ ഒരു റിദമുണ്ട്. അങ്ങനെ വരുമ്പോൾ ഇതിൽ ഡാർക്ക് ആണെങ്കിലും അതിനൊപ്പം കൊമേഷ്യൽ കൂടിയാണ്.

ഞാനും കൊറിയൻ സിനിമകൾ കാണാറുണ്ട്. അതുപോലെ എൻ്റെ ഒരു ഫേവറൈറ്റ് സീരിസാണ് മൈൻഡ് ഹണ്ടർ. അതിൻ്റെ മൂന്നാം പാർട്ട് വന്നില്ലല്ലോ എന്ന സങ്കടത്തിലാണ്. എന്നാൽ എൻ്റെ ഇഷ്ടപ്രമേയം ഹൊറൊർ ആണ്. തനിയെ പോയി ഹൊറർ സിനിമ കണ്ട് പേടിക്കുന്ന പരിപാടിയുണ്ട് എനിക്ക്. അപ്പോൾ അതുകൊണ്ട് തന്നെ ഈ സിനിമയിലും ചെറിയ രീതിയിൽ ആ ഒരു ചായ്‌വ് കാണിക്കുന്നുണ്ട്. അപ്പോൾ അതെല്ലാം കൂടി ആവുമ്പോൾ ഒരു ഡാർക്ക് ആവുന്നു എന്നുള്ളതാണ്. അല്ലാതെ ഒരു ഡാർക്ക് ത്രില്ലർ എന്ന രീതിയിൽ മാത്രമായിട്ട് ഉദ്ദേശിച്ചില്ല.

അതായത് എൻ്റെ പ്രധാന കഥാപാത്രം ,അയാൾ ഒരു പോയിൻ്റിൽ അറിയുന്നുണ്ട് തൻ്റെ മുന്നിലുള്ള ആ ഒരു പർപ്പസ് അതില്ലാതായിരിക്കുന്നു എന്ന്... എന്നാൽ പോലും പുള്ളി ആ പർപ്പസിനും മുകളിൽ മറ്റൊരു പർപ്പസ് കണ്ടുകൊണ്ട് മുന്നോട്ട് പോകുകയാണ്. അതൊരു സെൽഫ് പ്രോസ്സസാണ്. ആ പ്രോസ്സസിൽ അയാൾ സ്വയം ഹീലാവുന്നുമുണ്ട്. അയാൾക്ക് ജീവിക്കാനുള്ള കാരണം തന്നെയാണ് ഈ ഒരു പർപ്പസ്സ്. അപ്പോൾ ഡാർക്ക് സിനിമയിലും അയാളുടെ കാഴ്ചപ്പാടിൽ ഒരു ചെറിയ പോസിറ്റീവ് നോട്ട് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

ചോദ്യം: അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് ഇവ രണ്ടിന്റെയും തിരകഥകൾക്ക് ശേഷം റോഷാക്കിലേക്ക് വരുമ്പോൾ എന്താണ് തിരക്കഥകൃത്ത് എന്ന നിലയിൽ വ്യത്യാസം ഉണ്ടായത്?

സമീർ: ഓമനക്കുട്ടനും, ഇബ്‌ലീസും ഒട്ടും ചലനമുണ്ടാക്കാതെ പോയ ചിത്രങ്ങളാണ്. ഇബ്‌ലീസ് കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടതായി പറയുന്നുണ്ട്. ഇൻഫാക്റ്റ് എൻ്റെയും പ്രിയപ്പെട്ട ചിത്രമാണ് ഇബ്‌ലീസ്. എന്നാൽ പോലും സാമ്പത്തികമായി വിജയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ റോഷാക്ക് എഴുതുമ്പോൾ അത്രമേൽ ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലും റോഷാക്ക് വിജയിച്ചാലും ഇല്ലെങ്കിലും എനിക്കും നിസാമിനും ഇതൊരു വലിയ എക്സ്പീരിയൻസ് തന്നെ ആയിരുന്നു. അത്രക്ക് അതിൻ്റെ ആത്മാവിനോട് ചേർന്നാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, മമ്മൂക്ക ഇതിലേക്ക് വന്നപ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഒന്നുകൂടി റെസ്പോൺസിബിൾ ആകേണ്ടി വന്നു. അതിൻ്റെ പ്രതിഫലനം ഉണ്ട് ഇപ്പോൾ കാണുന്ന വിജയത്തിൽ.

ചോദ്യം: റോഷാക്കിന്റെ ഒറ്റ വരി ആശയം മുതൽ റിലീസ് ആയ ദിവസം വരെയുള്ള നാളുകൾക്കിടയിൽ മറക്കാനാവാത്തതായ എന്തെങ്കിലും ഒരു അനുഭവം ഉണ്ടായോ???

സമീർ: അത്.... ഉണ്ട്...!! ഞാൻ നേരത്തെ പറഞ്ഞതുപോലെ ലൂക്ക് ആൻ്റണിയുമായി ബന്ധപ്പെട്ട ഒരു ചെറിയ അശയത്തിൽ നിന്ന് തുടങ്ങി, ബാക്കി ക്യാരക്ടേഴ്സ് റെഡിയാക്കുന്ന സമയം. ഓരോരുത്തരേയായി റെഡിയാക്കുകയാണ്... സുജാത കയറുന്നു... സീത കയറുന്നു... ദിലീപ് കയറുന്നു... അങ്ങനെ ഓരോരുത്തരേയും കുറിച്ച് വളരെ ഡീറ്റയിലായിട്ട് എഴുതി ഒരു പോയിൻ്റിൽ എത്തിയപ്പോൾ ഞാൻ നിസാമിനെ വിളിച്ച് കേൾപ്പിക്കുകയാണ്. അതുവരെയുള്ളതെല്ലാം കേട്ടിട്ട് അവസാനം നിസാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്... “അപ്പോൾ ലൂക്ക് എവിടെ..?“ അപ്പോഴാണ് ഞാനും മനസിലാക്കുന്നത് ചുറ്റുമുള്ളവരെ എല്ലാം റെഡിയാക്കി വന്നപ്പോൾ ലൂക്ക് എൻ്റെ കയിൽ നിന്നും പോയിരിക്കുന്നു. എൻ്റെ കിളിപോയ അവസ്ഥ. എനിക്ക് തന്നെ അറിയില്ലാ എൻ്റെ ലൂക്ക് എവിടെ നഷ്ടപ്പെട്ടു എന്ന്. പിന്നീട് ചിന്തിക്കുമ്പോൾ രോമാഞ്ചം തോന്നുന്ന അവസ്ഥ. അതിൻ്റെ ആ കൃത്യമായ കാര്യം പറഞ്ഞ് തരാൻ ആവില്ലാ. വലിയ വലിയ എഴുത്തുകാർക്ക് സംഭവിക്കാറുള്ളതായി പറയുന്ന ഒരു അവസ്ഥയുടെ ചെറിയ പതിപ്പ്. എൻ്റെ റൈറ്റിംഗ് പ്രോസ്സസിലെ ഏറ്റവും ഗ്രേറ്റ് ആയി തോന്നിയ ഒരു നിമഷമായിരുന്നു അത്.

ചോദ്യം: സമീർ IT ഫീൽഡിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജോലിയും എഴുത്തും എങ്ങനെ ബാലൻസ് ചെയ്തു കൊണ്ട് പോകുന്നു?

സമീർ: എൻ്റെ ജോലിസമയം കഴിഞ്ഞുള്ള നേരങ്ങളും പിന്നെ ശനിയും ഞായറുമാണ് എഴുത്തിനായി ഉപയോഗിക്കുന്നത്. സ്വപ്നം സിനിമയാണെങ്കിലും ജോലിയില്ലാതെ കൊണ്ടുപോകാൻ സാമ്പത്തികമായി കഴിഞ്ഞെന്നു വരില്ലാ എന്ന തിരിച്ചറിവാണ് അങ്ങനെ സമയം വേർതിരിച്ച് സിനിമയിലേക്ക് കയറുന്നത്. അതൊരു പാറ്റേണായി മാറുമ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ മാനേജ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനി മുന്നോട്ട് എങ്ങനെയെന്ന് ഒന്നും പറയാൻ കഴിയില്ല. നോക്കണം...!!!

അപ്പോൾ അങ്ങനെയാണ് ‘റോഷാക്ക്‘ തിരക്കഥ ഒരുങ്ങിയത്. ഈ ഇത്തിരി നേരം സംസാരിച്ചതിൽ നിന്നും ചില സംശയങ്ങൾക്കും മറുപടി കിട്ടിയെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. മുന്നോട്ടും ‘റോഷാക്ക്‘ പോലെ ഗംഭീരതിരക്കഥകൾ താങ്കളുടെ തൂലികയിൽ വിരിയട്ടെ എന്ന ആഗ്രഹത്തോടെ, ആശംസകളോടെ...

Comment